സ്‌കോഡ വിഷന്‍ എക്‌സ് കണ്‍സെപ്റ്റ് അനാവരണം ചെയ്തു

സ്‌കോഡ വിഷന്‍ എക്‌സ് കണ്‍സെപ്റ്റ് അനാവരണം ചെയ്തു

സിഎന്‍ജി-പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമായാണ് പുതിയ എസ്‌യുവിയുടെ വരവ്

ജനീവ : സ്‌കോഡ വിഷന്‍ എക്‌സ് കണ്‍സെപ്റ്റ് ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. സിഎന്‍ജി-പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമായാണ് ചെക്ക് കാര്‍ നിര്‍മ്മാതാക്കളുടെ പുതിയ എസ്‌യുവിയുടെ വരവ്. പുതിയ ഡ്രൈവ്‌ട്രെയ്ന്‍ കുറഞ്ഞ തോതില്‍ മാത്രമാണ് കാര്‍ബണ്‍ പുറന്തള്ളുന്നതെന്ന് സ്‌കോഡ വ്യക്തമാക്കി. അതായത് ഒരു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ 90 ഗ്രാമില്‍ താഴെ മാത്രം.

സ്‌കോഡയുടെ എസ്‌യുവി ലൈനപ്പിലെ പുതിയ താരമാണ് ജനീവയില്‍ അരങ്ങേറിയത്. സ്‌കോഡ കരോക്കിന് താഴെയായിരിക്കും വിഷന്‍ എക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലിന് സ്ഥാനം. അഡ്വാന്‍സ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് ഫീച്ചറുകളും മറ്റും ഉള്‍പ്പെടുത്തി പുതിയ കാലത്തെ ജീവിതശൈലിക്ക് ഇണങ്ങുംവിധമാണ് വിഷന്‍ എക്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് സ്‌കോഡ വ്യക്തമാക്കി.

ക്രിസ്റ്റലിന്‍ ഡിസൈന്‍ ഫിലോസഫി അടിസ്ഥാനമാക്കിയാണ് വിഷന്‍ എക്‌സ് കണ്‍സെപ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. തനത് ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 3ഡി ഡിസൈനില്‍ തീര്‍ത്ത സ്‌പോര്‍ടി 20 ഇഞ്ച് 2-ടോണ്‍ അലോയ് വീലുകള്‍, സ്മാര്‍ട്ട് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവ വിഷന്‍ എക്‌സ് കണ്‍സെപ്റ്റിന്റെ സവിശേഷതകളാണ്. 4,255 എംഎം നീളവും 1,807 എംഎം വീതിയും 1,537 എംഎം ഉയരവും വരുന്നതാണ് വിഷന്‍ എക്‌സ് കണ്‍സെപ്റ്റ്. 2,645 മില്ലി മീറ്ററാണ് വീല്‍ബേസ്. ബൂട്ട് കപ്പാസിറ്റി 380 ലിറ്റര്‍.

സ്‌കോഡയുടെ ഏറ്റവും പുതിയ ഇന്‍ഫോടെയ്ന്‍മെന്റ്, കണക്റ്റിവിറ്റി ഫീച്ചറുകള്‍ കൂടാതെ ഡിജിറ്റല്‍ സര്‍വീസുകളായ സ്മാര്‍ട്ട് പാര്‍ക്കിംഗ്, ഹോപ്പിഗോ, ടുഗോ ആന്‍ഡ് കെയര്‍ഡ്രൈവര്‍ എന്നിവയും വിഷന്‍ എക്‌സ് കണ്‍സെപ്റ്റിന്റെ ഭാഗമാണ്. ലഭ്യമായ പാര്‍ക്കിംഗ് സ്ഥലത്തേക്ക് പോകാന്‍ ഡ്രൈവറോട് നിര്‍ദ്ദേശിക്കാനും ആവശ്യമില്ലാത്ത സമയങ്ങളില്‍ കാര്‍ വാടകയ്ക്ക് നല്‍കാനും കാര്‍ ഷെയറിംഗ് ഓഫര്‍ ചെയ്യാനും മറ്റും ടുഗോ ആന്‍ഡ് കെയര്‍ഡ്രൈവര്‍ ഫീച്ചര്‍ സഹായിക്കും.

പുതിയ ഡ്രൈവ്‌ട്രെയ്ന്‍ കുറഞ്ഞ തോതില്‍ മാത്രമാണ് കാര്‍ബണ്‍ പുറന്തള്ളുന്നതെന്ന് സ്‌കോഡ

അഡ്വാന്‍സ്ഡ് ഹൈബ്രിഡ് സിസ്റ്റമാണ് സ്‌കോഡ വിഷന്‍ എക്‌സിന് കരുത്ത് പകരുന്നത്. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ജി-ടെക് എന്‍ജിനും സിഎന്‍ജി ആവശ്യത്തിനായി പ്രത്യേകം നിര്‍മ്മിച്ച ടര്‍ബോചാര്‍ജറുമാണ് ഉപയോഗിക്കുന്നത്. സിഎന്‍ജി ഡ്രൈവ് സിസ്റ്റം 128 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഇലക്ട്രിക് മോട്ടോറുകള്‍ അധികമായി 70 എന്‍എം ടോര്‍ക്ക് നല്‍കും. വിഷന്‍ എക്‌സില്‍ പെട്രോള്‍ ടാങ്കും നല്‍കിയിട്ടുണ്ട്. 650 കിലോമീറ്ററാണ് റേഞ്ച്. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 9.3 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ടോപ് സ്പീഡ്.

Comments

comments

Categories: Auto