പ്രൈവറ്റ് ഇക്വിറ്റി/ വെഞ്ച്വര്‍ കാപ്പിറ്റല്‍  നിക്ഷേപങ്ങള്‍ 60 ശതമാനം കുറഞ്ഞു

പ്രൈവറ്റ് ഇക്വിറ്റി/ വെഞ്ച്വര്‍ കാപ്പിറ്റല്‍  നിക്ഷേപങ്ങള്‍ 60 ശതമാനം കുറഞ്ഞു

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം രാജ്യത്തെ പ്രൈവറ്റ് ഇക്വിറ്റി/ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപങ്ങളില്‍ 60 ശതമാനം കുറവ് വന്നതായി കണക്കുകള്‍. ഇവൈയുടെ പിഇ മന്ത്‌ലി ഡീല്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 63 ഇടപാടുകളിലായി ആകെ 1.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ ഇടപാടുകളാണ് ഇക്കാലയളവില്‍ രാജ്യത്തുണ്ടായത്. ജനുവരി മാസത്തില്‍ 3.5 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് നടന്നത്.

കുറച്ചു മാസങ്ങളായി തുടരുന്ന പ്രവണതയ്ക്ക് വിരുദ്ധമായി വലിയ ഇടപാടുകളൊന്നും കഴിഞ്ഞ മാസം രാജ്യത്ത് നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത്. ഐഐഎഫ്എല്‍ എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിന്നും ഐഡിബിഐയുടെ 30 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതാണ് ഇക്കാലയളവിലുണ്ടായ വലിയ നിക്ഷേപ ഇടപാട്. മിതമായ നിരക്കിലുള്ള ഇടത്തരം ആസ്തികളില്‍ നിക്ഷേപിക്കുന്നതിനായുള്ള ഫണ്ട് രൂപീകരിക്കുന്നതിനായി എഎസ്‌കെ ഗ്രൂപ്പ് ശ്രീറാം പ്രോപ്പര്‍ട്ടീസില്‍ 155 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയതാണ് മറ്റൊരു ഇടപാട്.

എക്‌സിറ്റ് ഇടപാടുകളില്‍ (വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനം/ നിക്ഷേപകന്‍ ഒരു കമ്പനിയിലുള്ള തന്റെ ഓഹരികള്‍ വിറ്റഴിച്ചുകൊണ്ട് ആ കമ്പനിയില്‍ നിന്നും പുറത്തു പോകുന്നത്) എണ്ണത്തില്‍ 50 ശതമാനത്തലേറെയും മൂല്യത്തില്‍ 70 ശതമാനത്തിലേറെയും കുറവ് ഉണ്ടായിട്ടുണ്ട്. ആകെ 234 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന 12 എക്‌സിറ്റുകളാണ് ഇക്കാലയളവില്‍ നടന്നത്. മുന്‍ വര്‍ഷം ഇതേ മാസത്തേക്കാളും കുറവാണിത്. അപ്പോളോ ഗ്ലോബല്‍ ലോജിക്‌സ് ഗ്രൂപ്പിന്റെ നോയിഡ പ്രൊജക്റ്റിലുണ്ടായിരുന്ന നിക്ഷേപം വിറ്റതാണ് ഫെബ്രുവരി കണ്ട ഏറ്റവും വലിയ എക്‌സിറ്റ്. 74 ദശലക്ഷം ഡോളറിന് നടന്ന ഇടപാട് റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റില്‍ നിന്നുള്ള അപ്പോളോ ഗ്ലോബലിന്റെ ആദ്യത്തെ എക്‌സിറ്റായിരുന്നു.

അതേ  സമയം നിക്ഷേപക ഘട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ വികസന/വളര്‍ച്ചാ നിക്ഷേപങ്ങള്‍ കഴിഞ്ഞ മാസം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 22 ഇടപാടുകളിലായി 720 ദശലക്ഷം ഡോളറിന്റെ ഇടപാടാണ് നടന്നിട്ടുള്ളത്. സ്റ്റാര്‍ട്ടപ്പ്/പ്രാരംഭഘട്ട നിക്ഷേപങ്ങള്‍ ഉയര്‍ന്ന നിലയിലാണ്. 30 ഇടപാടുകളിലായി 295 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്. നിയന്ത്രണ ഒാഹരികള്‍ ഏറ്റെടുക്കുന്ന ആകെ 86 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന മൂന്നു ഇടപാടുകളാണ് ഫെബ്രുവരി മാസം സാക്ഷ്യം വഹിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നിക്ഷേപ ഇടപാടുകളെ മേഖലാധിഷ്ഠിതമായി വിശകലനം നടത്തുകയാണെങ്കില്‍ സാമ്പത്തിക സേവന മേഖലയില്‍ 447 ദശലക്ഷം ഡോളറാണ് 13 ഇടപാടുകളിലായി നിക്ഷേപിക്കപ്പെട്ടത്. ടെക്‌നോളജി മേഖലയില്‍ 14 ഇടപാടുകളിലായി 296 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും നടന്നു. നിക്ഷേപ സമാഹരണ ഇടപാടുകള്‍ പരിഗണിച്ചാല്‍ മൂന്നു ഇടപാടുകളിലായി 153 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും കഴിഞ്ഞ മാസം ഉണ്ടായി.

Comments

comments

Categories: Business & Economy