ഫോബ്‌സ് ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍  7 യുഎഇ ശതകോടീശ്വരന്‍മാര്‍

ഫോബ്‌സ് ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍  7 യുഎഇ ശതകോടീശ്വരന്‍മാര്‍

കഴിഞ്ഞ വര്‍ഷം അഞ്ച് യുഎഇ ശതകോടീശ്വരന്‍മാരായിരുന്നു ഫോബ്‌സ് സമ്പന്ന പട്ടികയില്‍ ഉണ്ടായിരുന്നത്. ഇത്തവണ മികച്ച പ്രകടനാണ് ഗള്‍ഫ് മേഖലയിലെ സംരംഭകര്‍ കാഴ്ച്ച വച്ചിരിക്കുന്നത്

ദുബായ്: യുഎഇയിലെ അതിസമ്പന്നര്‍ക്ക് ഇത് മികച്ച കാലം. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏഴ് ശതകോടീശ്വരന്മാരാണ് ഫോബ്‌സ് മാസികയുടെ ആഗോള സമ്പന്ന പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ശതകോടീശ്വരന്‍മാരായിരുന്നു യുഎഇയില്‍ നിന്ന് ഫോബ്‌സ് മാസികയുടെ വിഖ്യാത പട്ടികയില്‍ ഇടം നേടിയത്.

ലോകത്താകെ 2200 ശതകോടീശ്വരന്‍മാരുണ്ടെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. ഇതില്‍ ഏഴ് പേരാണ് യുഎഇയില്‍ നിന്നുള്ളത്. ഇവര്‍ക്കെല്ലാവര്‍ക്കും കൂടിയുള്ള ആസ്തിയാകട്ടെ 24 ബില്ല്യണ്‍ ഡോളറും. മാര്‍ച്ച് 2018ലെ കണക്കനുസരിച്ചാണിത്. മെഗാഷോപ്പിംഗ് മാളുകള്‍ മുതല്‍ ബാങ്കിംഗിലും ഹോസ്പിറ്റല്‍ രംഗത്തും കഴിവ് തെളിയിച്ചവരാണ് യുഎഇയില്‍ നിന്നും സമ്പന്ന പട്ടികയില്‍ എത്തിയിരിക്കുന്നത്.

ഇത്തവണ യുഎഇയില്‍ നിന്ന് സമ്പന്നപട്ടികയില്‍ ഒന്നാമതെത്തിയത് അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ ഗുറയ്‌റും കുടുംബവുമാണ്. 5.9 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി. മുന്‍വര്‍ഷം ഒന്നാമതായിരുന്ന മജീദ് അല്‍ ഫുട്ടയിമും കുടുംബവും ഇത്തവണ 4.6 ബില്ല്യണ്‍ ഡോളറോടെ രണ്ടാം സ്ഥാനത്തേക്ക് എത്തി.

മഷ്‌റെക്ക് സംരംഭത്തിന്റെ സ്ഥാപകനാണ് അബ്ദുള്ള അല്‍ ഗുറയ്ര്‍. അദ്ദേഹത്തിന്റെ കമ്പനിക്ക് ഫുഡ്, കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളില്‍ ബിസിനസുകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള മജീദ് അല്‍ ഫുട്ടയിമിന്റെ ഉമടസ്ഥതയില്‍ 12 ഹോട്ടലുകളും 21 മാളുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ദുബായിലെ പ്രശസ്തമായ മാള്‍ ഓഫ് ദി എമിറേറ്റ്‌സും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ളതാണ്.

ഇത്തവണ പ്രധാന നേട്ടം കൊയ്ത യുഎഇയിലെ മറ്റൊരു സംരംഭകന്‍ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഡംബര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ഡമാക്ക് പ്രോപ്പര്‍ട്ടീസിന്റെ ഹുസൈന്‍ സജ്വാനിയാണ്. അദ്ദേഹമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരു സ്ഥാനം മെച്ച്പപെടുത്തി മൂന്നാമത് എത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ആസ്തിയിലേക്ക് ഒരു ബില്ല്യണ്‍ ഡോളറാണ് സജ്വാനി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. മൊത്തം സമ്പാദ്യം 3.7 ബില്ല്യണ്‍ ഡോളറില്‍ നിന്ന് കുതിച്ചെത്തിയിരിക്കുന്നത് 4.1 ബില്ല്യണ്‍ ഡോളറിലേക്കും.

അല്‍ ഫുട്ടയിം ഗ്രൂപ്പിന്റെ ഉടമസ്ഥനും യുഎഇയില്‍ ടൊയോട്ട കാറുകളുടെ വിതരണക്കാരനുമായ അബ്ദുള്ള അല്‍ ഫുട്ടയിം ആണ് യുഎഇയില്‍ നാലാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 3.3 ബില്ല്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്നു ഇദ്ദേഹം. റീട്ടെയ്ല്‍ ഭീമന്‍ മജീല്‍ അല്‍ ഫുട്ടയിമിന്റെ ബന്ധുവാണ് അബ്ദുള്ള. പല ആഗോള ഗ്ലോബല്‍ ബ്രാന്‍ഡുകളുടെയും ഗള്‍ഫ് മേഖലയിലെ ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത് അബ്ദുള്ളയാണ്. ഐകിയ, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, സറ തുടങ്ങിയ വമ്പന്‍മാരെയെല്ലാം യുഎഇയിലെ ജനതയ്ക്ക് പരിചയപ്പെടുത്തുന്നത് അബ്ദുള്ളയാണ്.

സയിദ് ബിന്‍ ബുട്ടി അല്‍ ഖെബയ്‌സിയാണ് ഇത്തവണ യുഎഇയില്‍ നിന്നും ഫോബ്‌സ് പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന പുതുമുഖം. 2.7 ബില്ല്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.

യുഎഇയിലെ ഏഴ് ശതകോടീശ്വരന്‍മാരും അവരുടെ ആസ്തിയും

1. അബ്ദുള്ള ബിന്‍ അഹമ്മദ് അള്‍ ഗുറയ്ര്‍ & ഫാമിലി
5.9 ബില്ല്യണ്‍ ഡോളര്‍
ആഗോള റാങ്ക് 296

 

2. മജീദ് അല്‍ ഫുട്ടയിം & ഫാമിലി
4.6 ബില്ല്യണ്‍ ഡോളര്‍
റിയല്‍ എസ്‌റ്റേറ്റ്
ആഗോള റാങ്ക് 456

 

3. ഹുസൈന്‍ സജ്വാനി
4.1 ബില്ല്യണ്‍ ഡോളര്‍
റിയല്‍ എസ്‌റ്റേറ്റ്
ആഗോള റാങ്ക് 527

 

4. അബ്ദുള്ള അല്‍ ഫുട്ടയിം
3.3 ബില്ല്യണ്‍ ഡോളര്‍
ഓട്ടോ ഡീലര്‍ഷിപ്പ്, നിക്ഷേപങ്ങള്‍
ആഗോള റാങ്ക് 703

 

 

5. സയിദ് ബിന്‍ ബുട്ടി അല്‍ ഖുബയ്‌സി
2.7 ബില്ല്യണ്‍ ഡോളര്‍
ഹോസ്പിറ്റല്‍, മറ്റ് നിക്ഷേപങ്ങള്‍
ആഗോള റാങ്ക് 887

 

6. സയിഫ് അല്‍ ഗുറയ്ര്‍ & ഫാമിലി
1.9 ബില്ല്യണ്‍ ഡോളര്‍
വിവിധ ബിസിനസുകള്‍
ആഗോള റാങ്ക് 1284

 

7. ഖലീഫ ബിന്‍ ബുട്ടി അല്‍ മുഹയ്‌രി
1.5 ബില്ല്യണ്‍ ഡോളര്‍

ഹോസ്പിറ്റല്‍സ്, മറ്റ്‌ നിക്ഷേപങ്ങള്‍

ആഗോള റാങ്ക് 1,561

Comments

comments

Categories: Arabia, Slider