പൗള്‍ട്രിയുടെ പരസ്യത്തില്‍നിന്നും സാനിയ പിന്മാറണമെന്ന് സിഎസ്ഇ

പൗള്‍ട്രിയുടെ പരസ്യത്തില്‍നിന്നും സാനിയ പിന്മാറണമെന്ന് സിഎസ്ഇ

ന്യൂഡല്‍ഹി: കോഴിയിറച്ചി വ്യവസായത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍നിന്നും ടെന്നീസ് താരം സാനിയ മിര്‍സ പിന്മാറണമെന്നു ദി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ്(സിഎസ്ഇ) നിര്‍ദേശിച്ചു. ഓള്‍ ഇന്ത്യ പൗള്‍ട്രി ഡവലപ്‌മെന്റ് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഫെബ്രുവരി 27-ന് പ്രസിദ്ധീകരിച്ച പരസ്യത്തില്‍ സാനിയ സഹകരിച്ചതിനെ തുടര്‍ന്നാണു സാനിയയ്ക്കു സിഎസ്ഇ കത്തയച്ചത്.

പൗള്‍ട്രി രംഗത്തെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തെ കുറിച്ചു കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അത് രാജ്യത്ത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എത്രത്തോളമെന്നും കത്ത് വിശദമാക്കുന്നുണ്ട്. പരസ്യത്തിന് അപകീര്‍ത്തിപ്പെടുത്തും വിധമുള്ള സ്വഭാവമുണ്ട്. സിഎസ്ഇയുടെ പഠനങ്ങളെയും വിലയിരുത്തലുകളെയും ദോഷകരമായി ബാധിക്കും വിധം തെറ്റിദ്ധാരണ പരത്തുന്നതാണു പൗള്‍ട്രി ഡവലപ്‌മെന്റ് അധികൃതര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പരസ്യമെന്നും കത്തില്‍ സൂചിപ്പിച്ചു.ഇന്ത്യയിലെ പൗള്‍ട്രി വ്യവസായം ഇറച്ചി കോഴികളുടെ ചികിത്സയ്ക്കു വേണ്ടി മാത്രമാണ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതെന്നും ഒരിക്കലും ദുരുപയോഗം ചെയ്യുന്നില്ലെന്നും പരസ്യത്തില്‍ പൗള്‍ട്രി സംഘടന വിവരിക്കുന്നുണ്ട്. എന്നാല്‍ ഈ വാദം തെറ്റാണെന്നാണു കത്തില്‍ സൂചിപ്പിക്കുന്നത്.

‘ നിങ്ങള്‍ അനേക ലക്ഷങ്ങള്‍ വരുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ ബിംബമാണ്. നിങ്ങള്‍ കൈവരിച്ച വിജയത്തെ അനുകരിക്കാന്‍ അവര്‍ ശ്രമിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തികളും സന്ദേശങ്ങളും അവരെ സ്വാധീനിക്കുന്നു. എന്നാല്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത് ഞങ്ങളെ നിരാശപ്പെടുത്തുന്നു. തീര്‍ത്തും തെറ്റിദ്ധാരണ പരത്തുന്ന ഒന്നായിരുന്നു പരസ്യമെന്ന് ‘ സാനിയയ്ക്ക് അയച്ച കത്തില്‍ സിഎസ്ഇയുടെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചന്ദ്ര ഭൂഷണ്‍ സൂചിപ്പിച്ചു.

Comments

comments

Categories: FK Special, Slider, Women