കടക്കെണിയിലായ കമ്പനികള്‍ക്ക് താങ്ങായി സ്‌പെക്ട്രം മാനദണ്ഡങ്ങളില്‍ വന്‍ ഇളവുകള്‍

കടക്കെണിയിലായ കമ്പനികള്‍ക്ക് താങ്ങായി സ്‌പെക്ട്രം മാനദണ്ഡങ്ങളില്‍ വന്‍ ഇളവുകള്‍

എയര്‍വേവുകളുടെ ലേലത്തുക അടക്കാന്‍ 16 വര്‍ഷത്തെ സാവകാശം; ജിയോക്കും ഐഡിയ-വോഡാഫോണ്‍ ലയനത്തിനും നേട്ടമാകും

ന്യൂഡെല്‍ഹി: ടെലികോം കമ്പനികള്‍ സ്‌പെക്ട്രെം എയര്‍വേവുകളുടെ ലേലത്തില്‍ പങ്കെടുത്ത് വാഗ്ദാനം ചെയ്ത തുക അടക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനും ടെലികോം സര്‍ക്കിളുകളില്‍ കൈവശം വെക്കാവുന്ന സ്‌പെക്ട്രത്തിന്റെ പരിധി വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കടഭാരവും വിപണിയിലെ കടുത്ത മത്സരവും മൂലം സമ്മര്‍ദ്ദത്തിലായ ടെലികോം കമ്പനികള്‍ക്ക് ആശ്വാസം പകരാനാണ് നടപടി. അതേസമയം പിഴത്തുകക്കുള്ള പലിശ നിരക്ക് 14 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക്‌ കുറച്ചോയെന്നതിനെ കുറിച്ച് വ്യക്തതയില്ല. പുതുതായി എത്തിയ റിലയന്‍സ് ജിയോക്കും അടുത്തിടെ ലയിക്കാന്‍ തീരുമാനിച്ച ഐഡിയ, ലോഡഫോണ്‍ കമ്പനികള്‍ക്കുമായിരിക്കും തീരുമാനം കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാവുക. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ശുപാര്‍ശകള്‍ ടെലികോം കമ്മീഷന്‍ അംഗീകരിച്ചാണ് ജനുവരിയില്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നത്.

ലേലത്തിലെടുത്ത എയര്‍വേവുകളുടെ പേമെന്റ് കാലാവധി നിലവിലെ 10 വര്‍ഷത്തില്‍ നിന്ന് 16 വര്‍ഷമായാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് പണത്തിന്റെ ഒഴുക്കിനെ വര്‍ധിപ്പിക്കാന്‍ സഹായിക്കും. വരുമാനത്തിലും ലാഭത്തിലുമുള്ള ഇടിവും 7.7 ലക്ഷം കോടി രൂപയുടെ കടബാധ്യതയും മൂലം വലയുന്ന ടെലികോം കമ്പനികള്‍ക്ക് ഈ നടപടി കൂടുതല്‍ ആശ്വാസം നല്‍കും. കടബാധ്യത തീര്‍ക്കുന്നതിന് എയര്‍വേവുകള്‍ അടക്കമുള്ള ആസ്തികള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ടെലികോം കമ്പനികള്‍ നടത്തുമെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങള്‍ ഇളവു ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്. ഇളവുകള്‍ ലയന-ഏറ്റെടുക്കലുകള്‍ക്കും, സ്‌പെക്ട്രം വില്‍പ്പനയ്ക്കും കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഓരോ സര്‍ക്കിളിലും ഒരു കമ്പനിക്ക് കൈവശം വയ്ക്കാവുന്ന എയര്‍വേവുകളുടെ പരിധി 25 ശതമാനത്തില്‍ നിന്നും 35 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്.

ഓരോ സര്‍ക്കിളിലും ഒരു കമ്പനിക്ക് കൈവശം വയ്ക്കാവുന്ന എയര്‍വേവുകളുടെ പരിധി 25 ശതമാനത്തില്‍ നിന്നും 35 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. സര്‍വീസ് ഏരിയയില്‍ അല്ലെങ്കില്‍ സര്‍ക്കിളില്‍ ഏതെങ്കിലും ലയന കമ്പനി 25 ശതമാനത്തിലധികവും പ്രത്യേക ബാന്‍ഡില്‍ 50 ശതമാനത്തിലധികവും സ്‌പെക്ട്രം കൈവശം വയ്ക്കുന്നത് നിലവില്‍ അനുവദനീയമല്ല. ഇതു മൂലം ഐഡിയ-വോഡഫോണ്‍ ലയനവും, അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷനെ ഏറ്റെടുക്കാനുള്ള മുകേഷ് അംബാനിയുടെ ജിയോയുടെയും പരിപാടിയും തടസപ്പെട്ടിരിക്കുകയായിരുന്നു. ഏറ്റെടുപ്പ് കഴിയുന്നതോടെ വിവിധ സര്‍ക്കിളുകളില്‍ ഇരു സംരംഭങ്ങളുടെയും സ്‌പെക്ട്രം നിലവിലെ പരിധി കടന്നു പോവുമായിരുന്നു. നിലവില്‍ 22 ടെവികോം സര്‍ക്കിളുകളില്‍ 4ജി സേവനങ്ങള്‍ക്കാവശ്യമായ ഏറ്റവമധികം 850 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി സ്‌പെക്ട്രം കൈവശമുള്ള ജിയോയ്ക്ക് കൂടുതല്‍ എയര്‍വേവുകള്‍ കൈവശമാക്കാം. കൈവശം വെക്കാവുന്ന സ്‌പെക്ട്രം പരിധി വര്‍ധിപ്പിച്ച നടപടി ടെലികോം കമ്പനികളുടെ ഏകീകരണത്തെ സുഗമമാക്കുമെന്നും ഭാവിയിലെ ലേലത്തില്‍കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നുമാണ് പ്രതീക്ഷ. രാജ്യത്തെ 23 ടെലികോം സര്‍ക്കിളുകളില്‍ ആരോഗ്യകരമായ മത്സരം ഇറപ്പാക്കാമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു.

കേന്ദ്രത്തിന്റെ നടപടിയെ ടെലികോം കമ്പനികളും വിദഗ്ധരും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ മേഖലയുടെ ദീര്‍ഘകാല ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ നിരക്ക് (എസ്‌യുസി) എന്നിവയടക്കമുള്ള തുകയില്‍ ഇളവ് നല്‍കേണ്ടത് ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടന്നു. പേമെന്റ് ബാധ്യത സമയപരിധി നീട്ടി നല്‍കിയത് ടെലികോം മേഖലയ്ക്ക് നിലവിലെ പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം നല്‍കുന്നതാണെന്നും സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ടെലികോം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി രൂപീകരിച്ച ഐഎംജി (വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി) മേഖലയിലെ സമ്മര്‍ദം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കാബിനറ്റ് തീരുമാനത്തെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) സ്വാഗതം ചെയ്തിട്ടുണ്ട്. മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിഒഎഐ അറിയിച്ചു.

Comments

comments

Categories: Business & Economy