പ്ലാസ്റ്റിക്കില്ല, വിഷാംശമില്ല- പരിസ്ഥിതി സൗഹാര്‍ദ്ദ ഉല്‍പ്പന്നങ്ങളുമായി റ്റിന്റ്‌ബോക്‌സ്

പ്ലാസ്റ്റിക്കില്ല, വിഷാംശമില്ല- പരിസ്ഥിതി സൗഹാര്‍ദ്ദ ഉല്‍പ്പന്നങ്ങളുമായി റ്റിന്റ്‌ബോക്‌സ്

പ്ലാസ്റ്റിക്കിന് ഒരു ബദല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന സംരംഭമാണ് റ്റിന്റ്‌ബോക്‌സ്. തികച്ചും ആരോഗ്യകരമായ, പരിസ്ഥിതിക്കിണങ്ങുന്ന ബോറോ സിലിക്കേറ്റ് ഗ്ലാസ് ലഞ്ച് ബോക്‌സുകളും വാട്ടര്‍ ബോട്ടിലുകളുമാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍

പ്ലാസ്റ്റിക്കിന്റെ ഉപയോഗം എത്രത്തോളം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു അറിവുണ്ടായാലും ദൈനംദിന ജീവിതത്തില്‍ അതിന്റെ ഉപയോഗം കുറയ്ക്കാന്‍ നമ്മള്‍ ഇനിയും തയാറായിട്ടില്ല. നാം ഇന്ന് ഉപയോഗിക്കുന്നവയില്‍ ഏറിയ പങ്കും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പാദന ശേഷിയെ തന്നെ സാരമായി ബാധിച്ചു തുടങ്ങുന്നതായാണ് പുതിയ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള ഉദ്യമം നമ്മുടെ വീടുകളില്‍ നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു. കഴിക്കുന്ന പാത്രം മുതല്‍ ഓഫീസില്‍ കൊണ്ടുപോകുന്ന ടിഫിന്‍ ബോക്‌സുകളും വാട്ടര്‍ ബോട്ടിലുകളിലും വരെ പ്ലാസ്റ്റിക് മയമാണ്. ഇതിനൊരു ബദല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന സംരംഭമാണ് റ്റിന്റ്‌ബോക്‌സ് (ഠശിആേീഃ). ബോറോ സിലിക്കേറ്റ് ഗ്ലാസ് ലഞ്ച് ബോക്‌സുകളും വാട്ടര്‍ ബോട്ടിലുകളും ഒരുക്കി വിഷാംശമില്ലാതെ, പരിസ്ഥിതിക്ക് ഇണങ്ങുന്ന, രാസവസ്തുക്കളില്ലാത്ത ഉല്‍പ്പന്നങ്ങളുമായാണ് മുംബൈ ആസ്ഥാനമായ ഈ സ്റ്റാര്‍ട്ടപ്പ് ശ്രദ്ധേയമാകുന്നത്. മുംബൈ സ്വദേശിനിയായ റിധി സിംഗായ് ആണ് റ്റിന്റ്‌ബോക്‌സ് (തിങ്ക് ഇന്‍സൈഡ് ദി ബോക്‌സ്) എന്ന സംരംഭ ആശയത്തിന്റെ ബുദ്ധികേന്ദ്രം.

പ്ലാസ്റ്റിക്കിന് മികച്ച ബദല്‍

പ്ലാസ്റ്റിക് ഉപയോഗം വര്‍ധിക്കുന്നതു കാരണം നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഏറിവരികയാണ്. ഹോര്‍മോണ്‍ തകരാറുകള്‍, അമിതവണ്ണം, മുടി കൊഴിച്ചില്‍ എന്തിനേറെ ഇന്നു മാനവരാശിയെ ഭയപ്പെടുത്തുന്ന കാന്‍സര്‍ രോഗത്തിനു പോലും സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. വിദ്യാഭ്യാസ സമ്പന്നരായവര്‍ ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്‍മാരാണെങ്കിലും പ്ലാസ്റ്റിക്കിനെ പൂര്‍ണമായും പടികടത്താന്‍ ഇനിയും തയാറായിട്ടില്ല. പ്ലാസ്റ്റിക്കിനേക്കാള്‍ എന്തുകൊണ്ടും ഭേദം സുരക്ഷിതമായ ഗ്ലാസ് തന്നെയാണ്. എന്നാല്‍ ഒന്നു താഴെ വീണാല്‍ പൊട്ടിപ്പോകുമെന്നുള്ള ഭയമാണ് പലപ്പോഴും ആളുകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ പ്ലാസ്റ്റിക്കിന്റെ എല്ലാ ദൂഷ്യവശങ്ങളെയും അകറ്റി നിര്‍ത്തുന്ന പൊട്ടിപ്പോകാത്ത വിധമുള്ള ഗ്ലാസുകളായാലോ ? ഇത്തരത്തില്‍ പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാനാവുന്ന സംവിധാനം ഒരുക്കിയിരിക്കുകയാണ് റ്റിന്റ്‌ബോക്‌സ്. ബോറോ സിലിക്കേറ്റ് ഗ്ലാസ് ലഞ്ച് ബോക്‌സ്, ബോറോ സിലിക്കേറ്റ് ഗ്ലാസ് വാട്ടര്‍ ബോട്ടില്‍ എന്നിങ്ങനെ രണ്ടു നിര ഉല്‍പ്പന്നങ്ങളാണ് ഇവര്‍ നിര്‍മിക്കുന്നത്.

വീടുകളിലെ ഭക്ഷണം ആരോഗ്യദായകം എന്ന ചിന്തയില്‍ ഓഫീസുകളിലേക്ക് ഊണും വെള്ളവുമായി പോകുന്നവരുടെ എണ്ണം ഏറിവരികയാണ്. എന്നാല്‍ ഈ ടിഫിന്‍ ബോക്‌സും വാട്ടര്‍ ബോട്ടിലുകളും എത്രകണ്ട് സുരക്ഷിതമാണ്? പണ്ടു കാലങ്ങളില്‍ അലുമിനിയം, സ്റ്റീല്‍ പാത്രങ്ങളില്‍ ഊണ് കൊണ്ടുപോകുന്ന രീതി ഇന്നു നിലവിലില്ല. ആധുനികതയുടെ അതിപ്രസരം മനുഷ്യരെ പല നിറങ്ങളിലുള്ള പ്ലാസ്റ്റിക് ബോക്‌സുകളിലേക്കു വഴിതിരിച്ചു. ചൂട് നിലനിര്‍ത്താനാവുന്ന തരത്തിലുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ബോക്‌സുകളാണ് ഇന്നു വിപണിയിലേറെയും. എന്നാല്‍ സ്ഥിരമായ ഉപയോഗം ഇവയില്‍ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യത്തിന് പൂര്‍ണ സുരക്ഷ ഒരുക്കിയാണ് ബോറോ സിലിക്കേറ്റ് ഗ്ലാസുകൊണ്ട് ലഞ്ച് ബോക്‌സുകളും വാട്ടര്‍ ബോട്ടിലുകളും ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ബോട്ടിലുകള്‍ക്കും ബോക്‌സുകള്‍ക്കും പുറമേയുള്ള സിലിക്കോണ്‍ സ്ലീവുകള്‍ ഇവ താഴെ വീണാലും ഉടഞ്ഞുപോകാതെ സുരക്ഷിതമാക്കും.

650- 2500 രൂപ നിരക്കുകളിലാണ് ഓണ്‍ലൈന്‍ വഴി റ്റിന്റ്‌ബോക്‌സ് ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നത്. സ്വന്തം വെബ്‌സൈറ്റിലൂടെയും ആമസോണ്‍ വഴിയും വില്‍പ്പനയുണ്ട്. വ്യത്തിയാക്കാന്‍ എളുപ്പമായ ഉല്‍പ്പന്നങ്ങള്‍ മൈക്രോവേവ് ഓവനില്‍ പോലും ഉപയോഗിക്കാം

സംരംഭക സ്വപ്‌നമല്ല, പ്ലാസ്റ്റിക്കിനെ പടികടത്താനുള്ള വഴി

സംരംഭക രംഗത്തേക്ക് കടക്കുന്നതിന് മുമ്പ് ടിസിഎസില്‍ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തിരുന്ന റിധി എക്കാലവും പരിസ്ഥിതി സൗഹാര്‍ദ്ദത മനസില്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. ദൈനംദിന ജീവിതത്തിലെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അതിപ്രസരം കണ്ടുമടുത്ത റിധി ഇതിനുപകരം എന്ത് ഉപയോഗിക്കാമെന്നു സൂക്ഷ്മ ഗവേഷണം നടത്തുകയുണ്ടായി. വിപണിയില്‍ ലഭ്യമായ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ബിപിഎ- രഹിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പോലും വെറുമൊരു മാര്‍ക്കറ്റിംഗ് തന്ത്രമാണെന്നുള്ള തിരിച്ചറിവാണ് ഇതുവഴി അവര്‍ മനസിലാക്കിയത്. ഓര്‍ഗാനിക് സിന്തറ്റിക് സംയുക്തമായ ബിസ്ഫിനോള്‍ എ (ബിപിഎ) പൊതുവെ പ്ലാസ്റ്റിക്കും റെസിന്‍സും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ്.

” എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക്കുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ചൂട് നിറഞ്ഞ അഹാരവസ്തുക്കള്‍ പായ്ക്ക് ചെയ്യുമ്പോള്‍ ഇത്തരം പ്ലാസ്റ്റിക്കുകളില്‍ ചെറിയ തോതിലെങ്കിലും മാറ്റമുണ്ടാകുകയും വിഷാംശം നിറഞ്ഞ രാസവസ്തുക്കള്‍ ആഹാരത്തില്‍ കലരാന്‍ കാരണമാകുകയും ചെയ്യും. ഇത് നമ്മുടെ ശരീരത്തില്‍ ഹോര്‍മോണ്‍ തകരാറിനു വഴിവെക്കും”, റിധി പറയുന്നു.

പ്ലാസ്റ്റിക്കിനെ ആദ്യം വീട്ടില്‍ നിന്നു തന്നെ പടിയിറക്കാനായിരുന്നു റിധിയുടെ തീരുമാനം. അഞ്ച് വയസുള്ള തന്റെ കുട്ടിയുടെ ടിഫിന്‍ ബോക്‌സ് ഗ്ലാസ്‌ബോക്‌സിലേക്കു മാറ്റിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അവ പൊട്ടിപ്പോകുന്നതും ഇതിനൊരു മികച്ച ബദല്‍ സൃഷ്ടിക്കണം എന്ന ആശയത്തിന് ആക്കം കൂട്ടി. ഒരു ബിസിനസ് കുടുംബത്തിലെ അംഗമല്ലെങ്കില്‍ കൂടിയും തന്റെ ഗവേഷണ ഫലപ്രകാരം പ്ലാസ്റ്റിക്കിന് മികച്ച ബദല്‍ സൃഷ്ടിക്കണമെന്ന അത്യുല്‍സാഹമാണ് ഈ യുവതിയെ സംരംഭക രംഗത്ത് എത്തിച്ചത്. ഏകദേശം രണ്ടര വര്‍ഷത്തോളം നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ 2017 സെപ്റ്റംബറിലാണ് റ്റിന്റ്‌ബോക്‌സിന് തുടക്കമിട്ടത്. ഡിസൈനിംഗില്‍ നിരവധി അവാര്‍ഡുകളും മറ്റും കരസ്ഥമാക്കിയ ഓസ്‌ട്രേലിയന്‍ സ്വദേശിയാണ് റിധിയുടെ മനസിണങ്ങും വിധം റ്റിന്റ്‌ബോക്‌സിലെ ബോട്ടില്‍ ഡിസൈന്‍ ചെയ്തത്.

വിപണിയിലെ തുടക്കക്കാരായ റ്റിന്റ്‌ബോക്‌സ് ഉല്‍പ്പന്ന സവിശേഷത കൊണ്ടുതന്നെ ഏഴു മാസങ്ങള്‍ക്കുള്ളില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 1.5 കോടി രൂപ നിക്ഷേപത്തില്‍ തുടങ്ങിയ കമ്പനിക്ക് കുടുംബത്തില്‍ നിന്നും മികച്ച പിന്തുണയുമുണ്ട്. ” മെറ്റിരിയല്‍ സയന്‍സ് വിദഗ്ധനായ എന്റെ പിതാവ് പുതിയ ഉല്‍പ്പന്ന വികസനത്തിനും മറ്റും ഏറെ സഹായിച്ചു. മൂന്നംഗ സംഘത്തിന്റെ സഹായത്താല്‍ ഫിനാന്‍സ്, ലോജിസ്റ്റിക്‌സ്, ക്വാളിറ്റി അഷ്വറന്‍സ് എന്നിവയെല്ലാം നോക്കുന്നതും അദ്ദേഹമാണ്”, റിധി പറയുന്നു. കമ്പനിയുടെ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, കമ്യൂണിക്കേഷന്‍സ്, പുതിയ ഉല്‍പ്പന്ന വികസനം എന്നിവയാണ് റിധി കൈകാര്യം ചെയ്യുന്നത്. ബാങ്ക് ഉദ്യോഗസ്ഥാനായ റിധിയുടെ ഭര്‍ത്താവ് ബിസിനസ് ശൃംഖല വളര്‍ത്താനാവുന്ന സഹായങ്ങളും ചെയ്യുന്നുണ്ട്.

മല്‍സരാധിഷ്ഠിത മേഖലയിലേക്ക് കാല്‍വെപ്പ്

ചെറിയ ബജറ്റിലുള്ള പുതിയ സംരംഭത്തിന് മേഖലയില്‍ കൃത്യമായ അവബോധം നല്‍കാനും ബ്രാന്‍ഡിംഗ് മെച്ചപ്പെടുത്താനും പരിമിതികളുണ്ടെന്നാണ് മുപ്പതുകാരിയായ ഈ യുവ സംരംഭകയുടെ അഭിപ്രായം. ” മല്‍സരം നിറഞ്ഞ മേഖലകളിലൊന്നാണിത്. ബോറോസില്‍, ടപ്പര്‍വെയര്‍ പോലുള്ള വന്‍കിട കമ്പനികളോട് ഏറ്റുമുട്ടുമ്പോഴും ഞങ്ങളുടെ ഉല്‍പ്പന്നം ആരോഗ്യദായകമാണെന്നെതും പ്ലാസ്റ്റിക് രഹിത, പരിസ്ഥിതി സൗഹാര്‍ദ്ദത നിറഞ്ഞതാണെന്നതും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു”, റിധി പറയുന്നു.

650- 2500 രൂപ നിരക്കുകളിലാണ് ഓണ്‍ലൈന്‍ വഴി റ്റിന്റ്‌ബോക്‌സ് ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നത്. സ്വന്തം വെബ്‌സൈറ്റിലൂടെയും ആമസോണ്‍ വഴിയും വില്‍പ്പനയുണ്ട്. ഇന്ത്യയിലെ വിതരണത്തിനും മറ്റുമായി ഫെഡക്‌സുമായി അവര്‍ സംയോജിച്ചു പ്രവര്‍ത്തിക്കുന്നു. ഇതിനോടകം ആമസോണിലെ ചോയ്‌സ് ലിസ്റ്റിന്റെ ഭാഗമായിക്കഴിഞ്ഞ സംരംഭത്തിന് പ്രതിദിനം 90 ല്‍ പരം ഓര്‍ഡറുകളും ലഭിക്കുന്നതായി റിധി വ്യക്തമാക്കി. വ്യത്തിയാക്കാന്‍ എളുപ്പമായ ഉല്‍പ്പന്നങ്ങള്‍ മൈക്രോവേവ് ഓവനില്‍ പോലും ഉപയോഗിക്കാമെന്നും റിധി സാക്ഷ്യപ്പെടുത്തുന്നു.

ഭാവി പദ്ധതികള്‍

ലഞ്ച് ബോക്‌സ്, വാട്ടര്‍ ബോട്ടില്‍ എന്നിവയ്ക്കു പുറമെ ഉല്‍പ്പന്ന നിര കൂടുതല്‍ വികസിപ്പിക്കാനൊരുങ്ങുകയാണിപ്പോള്‍. ഇന്ത്യന്‍ വിപണിയില്‍ മതിയായ സ്ഥാനം നേടിയതിനുശേഷം വിദേശ വിപണിയിലേക്കു കടക്കാനും ആലോചനയുണ്ട്. റ്റിന്റ്‌ബോക്‌സിലേതു പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നതു തന്നെയാണ് സംരഭത്തിന്റെ ഏറ്റവും വലിയ വിജയമെന്നും റിധി അഭിപ്രായപ്പെടുന്നു.

Comments

comments