ഗാലക്‌സി എസ്9 വഴി വിപണി വിഹിതം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് സാംസംഗ്

ഗാലക്‌സി എസ്9 വഴി വിപണി വിഹിതം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് സാംസംഗ്

ന്യൂഡെല്‍ഹി: ഗാലക്‌സി എസ്9ന്റെ വിപണി പ്രവേശനത്തോടെ ആപ്പിളിനെയും വണ്‍പ്ലസിനെയും കടത്തിവെട്ടി പ്രീമിയം സെഗ്‌മെന്റില്‍ വിപണി വിഹിതം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുമായി സാംസംഗ്. നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും തങ്ങളുടെ ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് നടത്തുന്നത്.

2017 ഡിസംബര്‍ പാദത്തില്‍ 30,000 പ്ലസ് സെഗ്മെന്റില്‍ 22 ശതമാനം വിപണി വിഹിതവുമായി സാംസംഗ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 44 ശതമാനം വിപണി വിഹിതവുമായി ആപ്പിള്‍ ഒന്നാമതും വണ്‍പ്ലസ് 27 ശതമാനം വിപണി വിഹിതവുമായി രണ്ടാംസ്ഥാനത്തും എത്തിയെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് ഡാറ്റ വ്യക്തമാക്കുന്നു.

ഉപഭോക്താക്കളുടെ മാറുന്ന താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തുള്ള പുതുക്കലുകള്‍ കമ്പനി നടത്തുമെന്ന് സാംസംഗ് ഇന്ത്യയുടെ മൊബീല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് അസിം വര്‍സി പറഞ്ഞു. ഗാലക്‌സി എസ് 9നെ കുറിച്ച് ഫെബ്രുവരി 25ന് ആഗോള പ്രഖ്യാപനം നടത്തിയതിന് ശേഷം ഉപഭോക്താക്കളില്‍ നിന്നും 300,000 അന്വേഷണങ്ങളാണ് സാംസംഗിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ പ്രീമിയം സെഗ്‌മെന്റിലെ മുന്നേറ്റത്തിന് കമ്പനിയെ സഹായിക്കുമെന്നാണ് അനലിസ്റ്റുകളും പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 20 ശതമാനം വളര്‍ച്ചയാണ് പ്രീമിയം സെഗ്‌മെന്റില്‍ കമ്പനി പ്രതീക്ഷിക്കുന്നത്.

വിവിധ സെഗ്‌മെന്റുകളിലെ വിപണി വിഹിതത്തില്‍ നഷ്ടം നേരിട്ടതിനാല്‍ പുതിയ ഹാന്‍ഡ്‌സെറ്റില്‍ നിന്നുമുള്ള വിജയം സാംസംഗിന് ആവശ്യമാണ്. രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 25 ശതമാനം വിപണി വിഹിതവുമായി ചൈനീസ് കമ്പനിയായ ഷഓമിയാണ് മുന്നിലുള്ളത്. 23 ശതമാനം വിപണി വിഹിതമുള്ള സാംസംഗ് രണ്ടാം സ്ഥാനത്താണ്. ഫീച്ചര്‍ ഫോണുകളുടെ ചരക്കു നീക്കത്തില്‍ റിലയന്‍സ് ജിയോയുടെ ലൈഫ് ഫോണുകളാണ് ഒന്നാമതുള്ളതെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് പറയുന്നു.

എന്നാല്‍ ചരക്കുനീക്കം അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിനോട് സാംസംഗ് എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. ജിഎഫ്‌കെ റിപ്പോര്‍ട്ട് അനുസരിച്ച് യഥാര്‍ത്ഥ വില്‍പ്പനയില്‍ തങ്ങളാണ് ഒന്നാം സ്ഥാനത്തെന്നും മൊത്തത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ സെഗ്‌മെന്റില്‍ 42 ശതമാനവും പ്രീമിയം സെഗ്മെന്റില്‍ 55 ശതമാനവും തങ്ങളുടെതാണെന്നും വര്‍സി പറയുന്നു. ഗാലക്‌സി എസ് 9ന്റെ വില്‍പ്പന വഴി വിപണി സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും വര്‍സി കൂട്ടിച്ചേര്‍ത്തു. ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യയിലും മാര്‍ച്ച് 16 മുതലാണ് ഗാലക്‌സി എസ് 9 ലഭ്യമാകുക.

Comments

comments

Categories: Business & Economy, Tech