ഇന്ത്യയിലെ അതിസമ്പന്നരില്‍ ഒന്നാമന്‍ മുകേഷ് അംബാനി തന്നെ

ഇന്ത്യയിലെ അതിസമ്പന്നരില്‍ ഒന്നാമന്‍ മുകേഷ് അംബാനി തന്നെ

ന്യൂഡെല്‍ഹി: ഫോബ്‌സിന്റെ ബില്യണയര്‍ 2018 പട്ടികയില്‍ ഇന്ത്യക്കാരിലെ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നിലനിര്‍ത്തി. 40.1 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. 2,208 ബില്യണയര്‍മാരുള്ള പട്ടികയിലെ ആഗോള റാങ്കിംഗില്‍ 19-ാം സ്ഥാനത്താണ് അംബാനിയുള്ളത്. 2017ല്‍ 23.2 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി 33-ാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി.

അതേസമയം ഇന്ത്യയില്‍ നിന്ന് കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 102 ഇന്ത്യക്കാര്‍ മാത്രമുണ്ടായിരുന്ന പട്ടികയില്‍ ഇത്തവണ 19 പേരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംനേടിയ ബില്യണയര്‍മാരുടെ എണ്ണം 121 ആയി ഉയര്‍ന്നു. യുഎസില്‍ നിന്ന് 585 പേരാണ് പട്ടികയിലുള്ളത്. ചൈനയില്‍ നിന്ന് 373 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിനെ കടത്തി വെട്ടി ഇന്ത്യയിലെ അതിമ്പന്നന്മാരില്‍ രണ്ടാം സ്ഥാനം വിപ്രോ ചെയര്‍മാന്‍ അസിം പ്രേജി സ്വന്തമാക്കി. 2017ല്‍ 14.9 ബില്യണ്‍ ഡോളറുമായി ആഗോള റാങ്കിംഗില്‍ 72-ാംസ്ഥാനത്തായിരുന്നു പ്രേംജി. എന്നാല്‍ 2018ലെ പട്ടികയില്‍ 18.8 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി 58-ാം സ്ഥാനത്തേക്ക് അസിം പ്രേംജി മുന്നേറി.

കഴിഞ്ഞ വര്‍ഷം ആസ്തി മൂല്യത്തില്‍ വര്‍ധനവുണ്ടായെങ്കിലും ആഗോള പട്ടികയില്‍ 62-ാം സ്ഥാനത്തേക്കും ഇന്ത്യന്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും മിത്തല്‍ പിന്തള്ളപ്പെട്ടു. 18.5 ബില്യണ്‍ ഡോളറാണ് നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി. 2017ല്‍ 16.4ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ആഗോള തലത്തില്‍ 56-ാം സ്ഥാനത്തായിരുന്നു ലക്ഷ്മി മിത്തല്‍.

8.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇന്ത്യയിലെ ഒന്നാമത്തെ അതിസമ്പന്നയായി ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ മേധാവി സാവിത്രി ജിന്‍ഡാല്‍ ഇടം പിടിച്ചു. ആഗോള റാങ്കിംഗില്‍ 176-ാം സ്ഥാനത്താണ് സാവിത്രി ജിന്‍ഡാല്‍. ബയോകോണ്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസുംദാര്‍ ഷാ ആണ് രാജ്യത്തെ രണ്ടാമത്തെ ശതകോടീശ്വരി. 3.6 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കിരണ്‍ ആഗോള പട്ടികയില്‍ 629-ാം സ്ഥാനത്താണ്.
എച്ച്‌സിഎല്‍ മേധാവി ശിവ് നാടാര്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപകന്‍ ദിലീപ് സാംഗ്‌വി, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള, ഡിമാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷ്ണ ദമാനി, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി, പൂന്‍വാല ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് പൂന്‍വാല, ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍ എന്നിവരാണ് ഇന്ത്യന്‍ റാങ്കിംഗില്‍ മുന്‍നിരയിലുള്ള മറ്റ് അതിസമ്പന്നര്‍.

Comments

comments

Categories: Business & Economy