ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു; സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടി

ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു; സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടി

 

കൊച്ചി : കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്പി ഷുഹൈബിന്റെ കൊലപാതകത്തിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ തടസവാദങ്ങള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി സിബിഐക്ക് വിട്ടു. ഷുഹൈബിന്റെ മാതാപിതാക്കളായ സിപി മുഹമ്മദ്, റസിയ എന്നിവരുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി.

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുക. പൊലീസും സര്‍ക്കാരും സിബിഐയെ സഹായിക്കണം. കേസില്‍ ഉന്നത ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്നും ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ യുഎപിഎ ചുമത്തുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് സിംഗിള്‍ ബെഞ്ചിന് പരിഗണിക്കാനാവില്ലെന്നുള്ള സര്‍ക്കാര്‍ വാദവും ജ. കെമാല്‍ പാഷ തള്ളിക്കളഞ്ഞു. അന്വേഷണം സിബിഐക്ക് വിടുന്നതിനെ നഖശിഖാന്തം എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് തീരുമാനം. സിപിഎം നേതൃത്വവുമായി ബന്ധമുള്ള ആകാശ് തില്ലങ്കേരി അടക്കമുള്ള പതിനൊന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കേസില്‍ അറസ്റ്റിലായിരുന്നു. നാലുപേര്‍ ഒളിവിലാണ്. കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന സിപിഎമ്മിനും ജില്ലാ സെക്രട്ടറി പി ജയരാജനും ഷുഹൈബ് വധത്തിലെ അന്വേഷണം പ്രതിസന്ധി സൃഷ്ടിച്ചേക്കും.

Comments

comments

Categories: FK News, Politics