ഡീസല്‍ വാഹനങ്ങളുടെ ഇടിവ് കാര്‍ വില്‍പനയെ ബാധിച്ചു

ഡീസല്‍ വാഹനങ്ങളുടെ ഇടിവ് കാര്‍ വില്‍പനയെ ബാധിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍, ഡീസല്‍ വാഹനങ്ങളുടെ ഇടിവ് ഫെബ്രുവരിയിലെ കാര്‍ വില്‍പനയെ ബാധിച്ചു. ഇതോടെ തുടര്‍ച്ചയായ പതിനൊന്നാം മാസത്തിലും ബ്രിട്ടനിലെ പുതിയ കാറുകളുടെ വിപണി ഇടിവ് രേഖപ്പെടുത്തി. പുതിയ കാറുകളുടെ രജിസ്‌ട്രേഷനില്‍ മുന്‍വര്‍ഷത്തെക്കാള്‍ 2.8 % ഇടിവാണു ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയതെന്നു സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ച്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് (എസ്എംഎംടി) അറിയിച്ചു. ഡീസല്‍ കാറുകളുടെ വില്‍പന 23.5% ഇടിഞ്ഞ് 28,317-ലെത്തി. ഇതോടെ വിപണിയിലെ പങ്കാളിത്തം 35 % മായി ചുരുങ്ങി.

മുന്‍വര്‍ഷം വിപണി പങ്കാളിത്തം 44.5% ആയിരുന്നു. സെക്കന്‍ഡ് ഹാന്‍ഡ് ഡീസല്‍ വാഹനങ്ങളുടെ ഡിമാന്‍ഡിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2015 സെപ്റ്റംബറില്‍ ഫോക്‌സ്‌വാഗന്‍ കമ്പനിയിലുണ്ടായ അഴിമതി പുറത്തുവന്നതിനെ തുടര്‍ന്നു ഡീസല്‍ വാഹനങ്ങളുടെ ഡിമാന്‍ഡില്‍ വന്‍ ഇടിവുണ്ടായിരുന്നു. ഈ നില ഇപ്പോഴും തുടരുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പനയില്‍ പുരോഗതിയുണ്ട്. ഇവയുടെ വില്‍പന ഫെബ്രുവരിയില്‍ 7.2 % ആണ് വര്‍ധന രേഖപ്പെടുത്തിയത്. പെട്രോള്‍ വാഹനങ്ങളുടെ വില്‍പനയിലും നേരിയ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Comments

comments

Categories: Auto, Business & Economy