ഛത്രപതി ശിവജി എയര്‍പോര്‍ട്ട് ഏറ്റവും മികച്ച വിമാനത്താവളം

ഛത്രപതി ശിവജി എയര്‍പോര്‍ട്ട് ഏറ്റവും മികച്ച വിമാനത്താവളം

മുംബൈ: ജിവികെ മിയാലിന്റെ പരിപാലനയിലുള്ള മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളം (സിഎസ്‌ഐഎ) സേവന നിലവാരത്തില്‍ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ഉപഭോക്താക്കളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് 2017ലെ മികച്ച വിമാനത്താവളമായി എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) തെരഞ്ഞെടുത്തത്. 176 രാജ്യങ്ങളിലായുള്ള 1953 വിമാനത്താവളങ്ങള്‍ അംഗങ്ങളായിട്ടുള്ളതാണ് എസിഐ. ലഭിക്കുന്ന സേവനങ്ങളിലെ യാത്രക്കാരുടെ സംതൃപ്തി പരിഗണിച്ചാണ് വിമാനത്താവളത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ഓരോ വിമാനത്താവളങ്ങളിലെയും 34 നിര്‍ണായക പ്രകടനങ്ങളെ കുറിച്ച് യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയിലൂടെയാണ് എസിഐ തെരഞ്ഞെടുപ്പ് നടത്തുന്നത്. വിമാനത്താവളങ്ങളുടെ ഉപയോഗം, ചെക്ക്-ഇന്‍, സുരക്ഷ സ്‌ക്രീനിംഗ്, വിശ്രമ മുറികള്‍, സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഇതില്‍പ്പെടും. ഏവിയേഷന്‍ രംഗത്തെ ഏറ്റവും മികച്ച ഈ ബഹുമതി ജിവികെ മിയാലിന്റെ വിട്ടുവീഴ്ചയില്ലാത്ത ഉത്തരവാദിത്തത്തിന്റെ സാക്ഷ്യമാണ്. എയര്‍പോര്‍ട്ടിലൂടെയുള്ള യാത്രക്കാര്‍ക്ക് ലഭ്യമായിട്ടുള്ള സേവനങ്ങള്‍ക്കുള്ള അനുഭവ സാക്ഷ്യം കൂടിയാണ് ഈ ബഹുമതി.

ഈ ബഹുമതി ലഭ്യമായതില്‍ അഭിമാനമുണ്ടെന്നും 2007ലാണ് വിമാനത്താവള പ്രവര്‍ത്തന ചുമതല ജിവികെ പൂര്‍ണമായും ഏറ്റെടുത്തതെന്നും പത്തു വര്‍ഷത്തിനിടിയില്‍ എഎസ്‌ക്യൂ സ്‌കോര്‍ 3.53ല്‍ നിന്നും പരമാവധിയായ അഞ്ചില്‍ 4.99 ആയി ഉയര്‍ന്നെന്നും കഴിഞ്ഞ വര്‍ഷം വിമാനത്താവളം ഉപയോഗിച്ച 4.60 കോടി യാത്രക്കാര്‍ക്ക് ലഭിച്ച മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ബഹുമതിയെന്നും ജിവികെ സ്ഥാപകനും ചെയര്‍മാനുമായ ജിവികെ റെഡി പറഞ്ഞു. ലോകമൊട്ടാകെയുള്ള 30,000 വിമാനത്താവളങ്ങളിലെ സുരക്ഷ, കസ്റ്റംസ്, ഇമിഗ്രേഷന്‍, എയര്‍ലൈന്‍ സ്റ്റാഫ്, എഫ് ആന്‍ഡ് ബി, റീട്ടെയ്ല്‍ ടീമുകള്‍, ഹൗസ് കീപ്പിംഗ്, മെയിന്റനന്‍സ് യൂണിറ്റുകള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്നും വിമാനത്താവളത്തിലെ ഓരോ ജീവനക്കാരും നിലവാരം ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

 

Comments

comments

Categories: Business & Economy