വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ സിഎഫ്ഒ രാജിവെച്ചു

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ സിഎഫ്ഒ രാജിവെച്ചു

ദുബായ്: വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) രാജിവെച്ചു. ബ്രെന്റ് കല്ലിനികോസ് ആണ് രാജിവെച്ചത്. കമ്പനിയുടെ ഉപദേശകന്റെ റോളില്‍ അദ്ദേഹം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതത്തെ പുനിര്‍നിര്‍വചിക്കുമെന്ന് പ്രതീക്ഷിക്കുന്ന സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ പ്രാഥമിക രൂപരേഖ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം കമ്പനിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (ഫിനാന്‍സ്) ആയി ചേര്‍ന്ന അക്‌സെല്‍ മാര്‍ട്ടിനെസ് സിഎഫ്ഒയുടെ റോള്‍ വഹിക്കും. മാര്‍ട്ടിനെസും ബ്രെന്റും നേരത്തെ ഒരുമിച്ച് ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബര്‍ ടെക്‌നോളജീസിലും ഗൂഗിളിലും ജോലി ചെയ്തിരുന്നു.

2016 ഒക്‌റ്റോബര്‍ മുതല്‍ ഹൈപ്പര്‍ലൂപ്പ് സംരംഭത്തിന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുന്നുണ്ട് ബ്രെന്റ്. 2017 ജനുവരിയിലാണ് അദ്ദേഹം സിഎഫ്ഒ ആയി ചുമതലയേറ്റത്. ഒരു വര്‍ഷം കഴിയുമ്പോഴാണ് രാജി. പുതിയ സാങ്കേതികവിദ്യയെ വാണിജ്യവല്‍ക്കരിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്ന സമയത്താണ് ബ്രെന്റിന്റെ പടിയിറക്കം എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷമാണ് കാസ്പിയന്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സില്‍ നിന്നും ഡിപി വേള്‍ഡ് ഗ്രൂപ്പില്‍ നിന്നുമായി കമ്പനി 50 മില്ല്യണ്‍ ഡോളര്‍ നേടിയത്. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ സിഇഒ ആയ റോബ് ലോയ്ഡ് പുതിയ ഗതാഗത സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനായി ദുബായിലും ഇന്ത്യയിലുമായി അക്ഷണീപ്രയ്തനം തന്നെ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെയുണ്ടായ രാജി കമ്പനിക്ക് തിരിച്ചടിയാകുമോയെന്ന കാര്യത്തില്‍ സംശയമില്ലാതില്ല. അടുത്തിടെയാണ് ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ കാള്‍ ജെന്‍കിന്‍സ് കമ്പനിയില്‍ നിന്ന് രാജിവെച്ച് ജനറല്‍ മോട്ടോഴ്‌സിന്റെ ക്രൂസില്‍ ചേര്‍ന്നത്.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ വിഭാഗത്തില്‍ ജോലി ചെയ്ത് പരിചയമുള്ള മികച്ച വൈദഗ്ധ്യമുള്ള പ്രൊഫഷണലായിരുന്നു ജെന്‍കിന്‍സ്. അദ്ദേഹം രാജിവെച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സിഎഫ്ഒ സ്ഥാനത്ത് നിന്ന് ബ്രെന്റും രാജിവെച്ചിരിക്കുന്നത്.

Comments

comments

Categories: Arabia