വ്യാപാര യുദ്ധം ആഗോള വളര്‍ച്ചയെ ബാധിക്കുമെന്ന് ഐഎംഎഫ് മേധാവി

വ്യാപാര യുദ്ധം ആഗോള വളര്‍ച്ചയെ ബാധിക്കുമെന്ന് ഐഎംഎഫ് മേധാവി

വാഷിംഗ്ടണ്‍: ഉരുക്ക്, അലുമിനിയം എന്നിവയുടെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തിക്കൊണ്ട് യുഎസ് മുന്നോട്ടുവെക്കുന്ന വ്യാപാര യുദ്ധം ആഗോള വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡെ പറഞ്ഞു. വ്യാപാര യുദ്ധത്തില്‍ കസ്റ്റംസ് തീരുവകകള്‍ പരസ്പരം വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ ആരും ജയിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉരുക്കിന് 25 ശതമാനവും, അലുമിനിയത്തിന് 10 ശതമാനവും ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്. യുഎസ് നിലപാടിനെതിരെ ആഗോളതലത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ തങ്ങളുടെ വിപണികളില്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സാന്നിധ്യം നല്‍കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. യുഎസ് തീരുമാനത്തിനെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

ആഗോള വ്യാപാര സംവിധാനത്തോടുള്ള ട്രംപിന്റെ നിരാശ ഒരു പരിധി വരെ മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ലഗാര്‍ഡെ പറഞ്ഞു. നിലവിലെ സാഹചര്യത്തിന് എതിരെ പ്രതിഷേധിക്കാന്‍ ട്രംപിന് കാരണങ്ങള്‍ നിരവധിയുണ്ട്. ലോക വ്യാപാര സംഘടനയുടെ വ്യവസ്ഥകളെ സ്ഥിരമായി ബഹുമാനിക്കാത്ത രാജ്യങ്ങളുണ്ട്. സാങ്കേതികമായ പരിവര്‍ത്തനം ആവശ്യമുള്ള രാജ്യങ്ങളാണിവ. സ്വാഭാവികമായും ചൈനയെക്കുറിച്ചാണ് ഇത്തരത്തില്‍ ചിന്തിക്കുകയെങ്കിലും, ചൈന മാത്രമല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് എഎംഎഫ് മേധാവി വ്യക്തമാക്കി. ചര്‍ച്ചകളിലൂടെയും കരാറുകളിലൂടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു.

Comments

comments

Categories: Business & Economy