കറന്‍സി പിന്‍വലിക്കലിന്റെ ബാക്കിപത്രം

കറന്‍സി പിന്‍വലിക്കലിന്റെ ബാക്കിപത്രം

കറന്‍സി പിന്‍വലിക്കലിന്റെ പ്രശ്‌നങ്ങള്‍ അകന്നതോടെ നടപടി വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു

കള്ളപ്പണം പിടിക്കാനുള്ള കറന്‍സി പിന്‍വലിക്കല്‍ നടപടിയുടെ ബാക്കിപത്രമെന്ത് എന്ന ചോദ്യം വീണ്ടുമുയരുന്നു. നോട്ട് പിന്‍വലിക്കലിന്റെ അവശതകള്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നു മാറിവരുന്ന ഘട്ടത്തിലാണ് ഈ ചോദ്യം വീണ്ടും പ്രസക്തമാകുന്നത്. 2016 നവംബര്‍ എട്ടിന് പ്രഖ്യാപിച്ച 500, 1000 രൂപ കറന്‍സികള്‍ സാമ്പത്തിക രംഗത്തെ മന്ദീഭവിപ്പിച്ചിരുന്നു. വളര്‍ച്ചാനിരക്ക് താഴ്ന്നു. ഇപ്പോള്‍ ആളുകളുടെ കൈവശം കറന്‍സികളുടെ വ്യാപനം പൂര്‍വസ്ഥിതിയിലായിരിക്കുന്നു. ഒരു വര്‍ഷത്തോളം നീണ്ട സാമ്പത്തികപ്രശ്‌നങ്ങള്‍ക്കു ശേഷം ഈ വര്‍ഷം ഫെബ്രുവരി 23-നാണ് നോട്ട്‌നിരോധന പൂര്‍വസ്ഥിതി കൈവരിക്കാനായതെന്നാണ് റിപ്പോര്‍ട്ട്.
റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം 17.82 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി 23-ന് രാജ്യത്തു പ്രചാരത്തിലുള്ളത്. നോട്ട് പിന്‍വലിക്കലിനു മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന രൂപയുടെ മൂല്യത്തിന്റെ 99.17 ശതമാനം വരുമിത്. 17.97 ലക്ഷം കോടി രൂപയാണ് 2016 നവംബര്‍ നാലിന് രാജ്യത്തു പ്രചാരത്തിലുണ്ടായിരുന്നത്. കള്ളപ്പണം പിടിക്കാനുള്ള നടപടിയായി തുടങ്ങിയ നിരോധനം പിന്നീട് പണരഹിത സമ്പദ്‌വ്യവസ്ഥ എന്ന സംവിധാനത്തിലേക്കുള്ള ചുവടുവെപ്പായി വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ ആ ലക്ഷ്യം കൈവഴുതിപ്പോകുകയായിരുന്നു. തെറ്റായ നടപടിയുടെ ഫലമായി അപ്രതീക്ഷിത പ്രത്യാഘാതങ്ങളാണ് രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്.

കള്ളപ്പണം പിടിക്കാനുള്ള നടപടിയായി തുടങ്ങിയ നിരോധനം പിന്നീട് പണരഹിത സമ്പദ്‌വ്യവസ്ഥ എന്ന സംവിധാനത്തിലേക്കുള്ള ചുവടുവെപ്പായി വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ ആ ലക്ഷ്യം കൈവഴുതിപ്പോകുകയായിരുന്നു

വന്‍കിട ഇടപാടുകള്‍ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമം സ്വര്‍ണകള്ളക്കടത്ത് വര്‍ധിക്കാനിടയാക്കി. ബെയറര്‍ ഡ്രാഫ്റ്റ് പോലുള്ള സാമ്പത്തിക ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമാക്കിക്കൊണ്ട് കള്ളപ്പണവിരുദ്ധ നടപടികളെ ദുര്‍ബലമാക്കാനും തുടങ്ങി. എന്തു കൊണ്ട് ജനം ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്കു പകരം പണം കൊണ്ടുള്ള വ്യവഹാരം ഇഷ്ടപ്പെടുന്നുവെന്നതിന് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. ഇന്ത്യന്‍ സമ്പദ്ഘടന വിഘടിച്ചു നില്‍ക്കുന്ന വിതരണശൃംഖലയുമായി ലംബമാനമായി സംയോജിക്കുന്നതല്ലെന്നാണ് ഒരു പറ്റം സാമ്പത്തിക വിദഗ്ധര്‍ ഇതിനു കാരണമായി പറയുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് കാരണമെന്ന് മറ്റൊരു വിഭാഗം പറയുന്നു. സ്മാര്‍ട്ട് ഫോണുകള്‍, ഇന്റര്‍നെറ്റ്, പിഒഎസ് മെഷീനുകള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ മാത്രമേ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം വിജയകരമാക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കാത്തതും ഇത് നിര്‍ബന്ധപൂര്‍വം ചെയ്യിക്കുന്നതിനോടുള്ള വിമുഖതയും അവരെ അകറ്റാന്‍ കാരണമായി. നോട്ട്പിന്‍വലിക്കലിന്റെ ആദ്യഘട്ടത്തില്‍ പണത്തിനു ബദല്‍ എന്ന നിലയില്‍ ആളുകള്‍ ഡിജിറ്റല്‍ പെയ്‌മെന്റിലേക്കു തിരിഞ്ഞെങ്കിലും പിന്നീട് കറന്‍സിലഭ്യത കൂടിയതോടെ വീണ്ടും പണം ഉപയോഗിക്കുന്നതിലേക്കു തിരിച്ചെത്തുകയായിരുന്നു.

നിക്ഷേപാവസരങ്ങള്‍ കുറഞ്ഞതും പണമിടപാടുകള്‍ക്കു മേലുള്ള കര്‍ശന നിയന്ത്രണവും സ്വര്‍ണത്തിന്, മികച്ച നിക്ഷേപമെന്ന നിലയിലുള്ള സ്വീകാര്യത കൂട്ടി. ഡിസംബറിലെ സ്വര്‍ണ ഇറക്കുമതി 71. 52 ശതമാനം ഉയര്‍ന്ന് 3.39 ബില്യണ്‍ ഡോളറിലെത്തി

ഡിജിറ്റല്‍ സാക്ഷരതാ നിരക്ക് രാജ്യത്ത് വിവിധ തട്ടിലായിരുന്നു. ഗ്രാമീണമേഖലകളിലും ചെറുപട്ടണങ്ങളിലും ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നു താനും. വളരെയേറെ പ്രത്യേകതയുള്ള, വേറിട്ട സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. രാജ്യത്തെ പരമ്പരാഗത വിതരണശൃംഖല പല തുണ്ടുകളായി വിഭജിക്കപ്പെട്ടതും ദൈര്‍ഘ്യമേറിയതുമാണ്. ഒരു സാരി വിപണിയിലേക്കു വരുമ്പോള്‍, ഓരോ ഘട്ടത്തിലും ചെറിയ മൂല്യവര്‍ധനയുണ്ടാക്കിക്കൊണ്ട്, കുറഞ്ഞത് ഏഴോ എട്ടോ സ്ഥാപനങ്ങള്‍ അതിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകുന്നു. അതിനാല്‍ ഇവിടെയെല്ലാം പണമിടപാട് മാത്രമേ സാധ്യമാകൂ. ആഭരണ നിര്‍മാണത്തിലും ഇതു തന്നെ സ്ഥിതി. എങ്കിലും 2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ശ്ലാഘനീയമാണ്.

അതേസമയം, നിക്ഷേപാവസരങ്ങള്‍ കുറഞ്ഞതും പണമിടപാടുകള്‍ക്കു മേലുള്ള കര്‍ശന നിയന്ത്രണവും സ്വര്‍ണത്തിന്, മികച്ച നിക്ഷേപമെന്ന നിലയിലുള്ള സ്വീകാര്യത കൂട്ടി. ഡിസംബറിലെ സ്വര്‍ണ ഇറക്കുമതി 71. 52 ശതമാനം ഉയര്‍ന്ന് 3.39 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ വസ്തു ഇടപാടുകളെ ഇതു ദോഷകരമായി ബാധിച്ചു. കറന്‍സി പിന്‍വലിക്കല്‍, റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്), ജിഎസ്ടി എന്നിവ റിയല്‍എസ്‌റ്റേറ്റ് വ്യവസായത്തെ തളര്‍ത്തി. വസ്തുവില വല്ലാതെ താഴ്ന്നു. നിക്ഷേപകര്‍ക്ക് ഈ മേഖല ഇനി ആകര്‍ഷകമാകില്ലെന്ന് സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പു തരുന്നു.

അതിനു പുറമെ വന്‍തുകകളുടെ ബാങ്ക് ഇടപാടുകള്‍ക്ക് കെവൈസി രേഖയായി ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ ഉപയോക്താക്കളില്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. ഇതോടൊപ്പം ഈയിടെ റിപ്പോര്‍ട്ട് ചെയ്ത ബാങ്ക് തട്ടിപ്പുകള്‍ രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിലുള്ള പൊതുജനവിശ്വാസം തകര്‍ത്തിരിക്കുകയാണ്. ഇതെല്ലാം പരമ്പരാഗത സുരക്ഷിത നിക്ഷേപമായി കാണുന്ന സ്വര്‍ണത്തില്‍ കൂടുതല്‍ ആശ്രയിക്കാനാണ് അവരെ നിര്‍ബന്ധിതരാക്കുന്നത്. എന്നാല്‍ ഇത് വേറൊരു കുഴപ്പത്തിനു കാരണമായി. കൂടുതലാളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം കാട്ടിയതോടെ കള്ളക്കടത്തുകാര്‍ക്ക് ചാകരയായി. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 13 ശതമാനം ഉയര്‍ത്തിയതോടെ ദുബായി വിപണിയില്‍ നാലു മുതല്‍ അഞ്ച് ശതമാനം വരെ വിലക്കുറവുള്ള സ്വര്‍ണം നികുതിവെട്ടിച്ച് കടത്താന്‍ തുടങ്ങി. 17- 18 ശതമാനം ലാഭം കൊയ്യുന്ന ബിസിനസായി ഇതു മാറി.

ജനുവരിയില്‍ കറന്‍സിയുടെ പ്രചാരണം 89,000 കോടിയായി ഉയര്‍ന്നെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിവിധ തരം ഡിജിറ്റല്‍ ഇടപാടുകളുടെ വേഗം കുറഞ്ഞുവരികയാണ്. രാജ്യത്ത് 300 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണുള്ളത്. 500 ദശലക്ഷം പേര്‍ക്ക് ഇന്‍ര്‍നെറ്റ് കണക്റ്റിവിറ്റിയുമുണ്ട്. എന്നിരുന്നാലും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിന് സാര്‍വത്രിക സ്വീകാര്യത ലഭിക്കാനുള്ള വളര്‍ച്ച ആയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. സര്‍ക്കാര്‍ ആവിഷ്‌കരിച്ച എസ്എംഎസിലൂടെയുള്ള പണമടയ്ക്കല്‍ അപര്യാപ്തമാണ്. ഇതിന്റെ കുറഞ്ഞ ഉപയോഗം നോക്കിയാല്‍ത്തന്നെ ഇക്കാര്യം മനസിലാകും. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയിലൂടെയുള്ള പെയ്‌മെന്റുകളെത്തന്നെയാണ് ആളുകള്‍ ഇപ്പോഴും ആശ്രയിക്കുന്നത്. പൊതുബജറ്റില്‍ ഡിജിറ്റല്‍സമ്പദ് വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കാന്‍ 25 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകളാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലക്ഷ്യമിടുന്നത്. എന്നാല്‍ ആ ലക്ഷ്യം വലിയ അളവു വരെ നഷ്ടപ്പെടുമെന്നാണ് സൂചന. എപ്രില്‍ ഒന്നിനും ജനുവരി 28നുമിടയില്‍ രാജ്യത്താകെ നടന്നത് 14.8 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാണ്. ബാങ്കില്‍ നിന്ന് ബാങ്കിലേക്കുള്ള ഇ- ട്രാന്‍സ്ഫര്‍, ഡിജിറ്റല്‍ വാലെറ്റ് പെയ്‌മെന്റ്, ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോള്‍ പെയ്‌മെന്റ് എന്നിവയാണ് ഇവയില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്

Comments

comments