അടയ്ക്ക വിളവെടുപ്പ് ഈസിയാക്കി ‘വണ്ടര്‍ ക്ലൈംബര്‍’

അടയ്ക്ക വിളവെടുപ്പ് ഈസിയാക്കി ‘വണ്ടര്‍ ക്ലൈംബര്‍’

അടയ്ക്കയുടെ വിളവെടുപ്പില്‍ കര്‍ഷകനെ സഹായിക്കുന്ന യന്ത്രമാണ് പ്രകാശന്‍ തട്ടാരിയുടെ വണ്ടര്‍ ക്ലൈംബര്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ പ്രവര്‍ത്തനം

ഏറെ ബുദ്ധിമുട്ടും അധ്വാനവും നിറഞ്ഞ ജോലിയാണ് അടയ്ക്ക പറിക്കല്‍. ഇന്നത്തെ കാലത്ത് ഈ ജോലിക്കായി തൊഴിലാളികളെ ലഭിക്കാനും പ്രയാസകരം തന്നെ. സ്വന്തമായുള്ള കവുങ്ങ് കൃഷിയിടത്തില്‍ അടയ്ക്ക പറിക്കാന്‍ ജോലിക്കാരെ കിട്ടാതെ വന്ന സാഹചര്യത്തില്‍ 2010ലാണ് കോഴിക്കോട് മായനാട് സ്വദേശിപ്രകാശന്‍ തട്ടാരി തന്റെ പുതിയ കണ്ടെത്തലിലൂടെ വണ്ടര്‍ ക്ലൈംബര്‍ കാര്‍ഷിക രംഗത്തെത്തിക്കുന്നത്. അടയ്ക്കയുടെ വിളവെടുപ്പില്‍ കര്‍ഷകനെ സഹായിക്കുന്ന യന്ത്രമാണ് പ്രകാശന്‍ തട്ടാരിയുടെ വണ്ടര്‍ ക്ലൈംബര്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും വളരെ അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് വണ്ടര്‍ ക്ലൈംബറിന്റെ പ്രവര്‍ത്തനം. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ നീണ്ട പരീശീലനമോ അധ്വാനമോ വേണ്ട എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്.

ചെറുപ്പം മുതല്‍ക്കെ സ്വന്തമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് പ്രകാശന് താല്‍പര്യം. മുന്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥനായ പ്രകാശന്‍ പ്രത്യേക പരിശീലനമോ പഠനങ്ങളോ ഇല്ലാതെയാണ് ഈ യന്ത്രത്തിന്റെ കണ്ടുപിടിത്തതിലേക്ക് എത്തുന്നത്. പ്രകാ ടെക് എന്ന പേരില്‍ ഒരു സ്ഥാപനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. പുതിയ യന്ത്രത്തിന്റെ ആശയവും ഗവേഷണവും നിര്‍മാണവുമെല്ലാം പ്രകാശന്റേതു തന്നെ. ഇന്ന് വിപണിയില്‍ ലഭ്യമായ വണ്ടര്‍ ക്ലൈംബറിന് ആവശ്യക്കാരും ഏറിവരികയാണ്. 7500 രൂപയാണ് മാര്‍ക്കറ്റില്‍ ഇതിന്റെ വില. ഒരു സാധാരണ കര്‍ഷകനെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത വിലയാണെന്ന അഭിപ്രായം പൊതുവെ ഉണ്ടെങ്കിലും യന്ത്രം വില കുറച്ച് നല്‍കിയാല്‍ അത് കമ്പനിയെയും ഉല്‍പ്പാദനത്തെയും ബാധിക്കുമെന്നും പ്രകാശന്‍ പറയുന്നു. അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സബ്‌സിഡിക്കായി ശ്രമിക്കുകയാണിപ്പോള്‍.

എല്ലാ കാര്‍ഷിക യന്ത്രങ്ങള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. എന്നാല്‍ വണ്ടര്‍ ക്ലൈംബറിന് സബ്‌സിഡി ഇതുവരെ അനുവദിച്ചിട്ടില്ല. പലതവണ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. സബ്‌സിഡി ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് യന്ത്രം ഉപയോഗിക്കാനാകും

പ്രകാശന്‍ തട്ടാരി,  പ്രകാടെക്

 

അന്യസംസ്ഥാനങ്ങളില്‍ ഡിമാന്‍ഡ് ഏറുന്നു

തൊഴിലാളികളെ കിട്ടാതെ വലയുന്ന കവുങ്ങ് കര്‍ഷകര്‍ പലപ്പോഴും ഈ വിലയൊന്നും സാരമാക്കുന്നില്ല. കര്‍ണാടക, തമിഴ്‌നാട് പോലുള്ള സ്ഥലങ്ങളില്‍ നിന്നും നിരവധി കര്‍ഷകരാണ് കോഴിക്കോട് പ്രകാടെക് എന്ന സ്ഥാപനത്തിലേക്ക് എത്തുന്നത്. ഓര്‍ഡര്‍ അനുസരിച്ച് യന്ത്രം പാഴ്‌സലായി അയയ്ക്കുകയും ചെയ്യും. പല വിദേശ രാജ്യങ്ങളില്‍ നിന്നും അന്വേഷണമെത്തുന്നതായും പ്രകാശന്‍ പറയുന്നു.

യന്ത്രം നല്‍കുന്നതിനൊപ്പം അതു പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ പരിശീലനവും ഇവിടെ നിന്നും നല്‍കുന്നുണ്ട്. കണ്ണൂരിലെ റെയ്ഡ്‌കോ കേരള ലിമിറ്റഡ് വഴി യന്ത്രം വാങ്ങുന്നവര്‍ക്ക് ഉപയോഗിക്കേണ്ട രീതി വിശദീകരിച്ച് കൊണ്ടുള്ള സിഡിയും സൗജന്യമായി നല്‍കുന്നു.

കവുങ്ങ് കയറി അടയ്ക്ക പറിക്കാനും യാതൊരുവിധ കേടുപാടുകളും വരുത്താതെ അത് താഴെ എത്തിക്കുകയും ചെയ്യുന്ന വണ്ടര്‍ ക്ലൈംബര്‍ മാത്രമല്ല പ്രകാടെക്കിന്റെ ഉത്പന്നം. ഒരു മനുഷ്യന്‍ കയറാതെ തേങ്ങയിടാനുള്ള യന്ത്രവും പ്രകാശന്റെ കണ്ടുപിടിത്തങ്ങളുടെ പട്ടികയിലുണ്ട്. ഈ യന്ത്രങ്ങളുടെ നിര്‍മാണത്തിലൂടെ കാര്‍ഷിക മേഖലയിലെ ഒരു വലിയ മുന്നേറ്റം എന്നതിലുപരി നിരവധി ആളുകള്‍ക്കാണ് പ്രകാടെക്ക് തൊഴില്‍ സാധ്യത ഒരുക്കുന്നത്. അടുത്തതായി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് തെങ്ങിനും കവുങ്ങിനും മരുന്നു തളിക്കുന്ന യന്ത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിലാണ് അദ്ദേഹം.

വണ്ടര്‍ ക്ലൈംബറിന്റെ പ്രത്യേകതകളും പ്രവര്‍ത്തന രീതിയും

മണിക്കൂറില്‍ പതിനഞ്ചോളം കവുങ്ങുകളില്‍ നിന്നും ഈ യന്ത്രം അടയ്ക്ക പറിച്ചെടുക്കും. കവുങ്ങിലേക്ക് യന്ത്രം കയറ്റുമ്പോള്‍ കംപ്രഷന്‍ സൃഷ്ടിക്കാനുള്ള വലിയ സ്പ്രിംഗ് ആണ് ഇതിന്റെ ഏറ്റവും പ്രധാന ഭാഗം. ഇതിനെ കവുങ്ങിനോട് ബന്ധിപ്പിക്കുന്ന രണ്ട് ഇരുമ്പ് വളയങ്ങളുണ്ട്. റബര്‍ ബോള്‍ കോര്‍ത്തിണക്കിയ ഒരു സ്പ്രിംഗ് മാലയും യന്ത്രത്തിന്റെ ഭാഗമാണ്. ഒപ്പം വി ആകൃതിയിലുള്ള ഒരു കുലതാങ്ങിയും കത്തിയും യന്ത്രത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. യന്ത്രം കവുങ്ങിലേക്ക് കയറ്റുന്നതിനു മുമ്പ് കവുങ്ങിന്റെ ഘടന പരിശോധിക്കേണ്ടത് വളരെ അത്യവശ്യമാണ്. യന്ത്രം മുകളിലേക്ക് കയറ്റാന്‍ ഒരു കയറും താഴെ ഇറക്കാനും തിരിക്കുന്നതിനുമായി മറ്റൊരു കയറും ആവശ്യമാണ്.

Comments

comments