പേടിഎം മാളില്‍ 3,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്

പേടിഎം മാളില്‍ 3,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്

ബെംഗളൂരു: ജപ്പാനീസ് ബഹുരാഷ്ട്ര കമ്പനിയായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎം മാളില്‍ 3,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തെ മുന്‍നിരക്കാരായ ഫഌപ്കാര്‍ട്ടിനെയും ആമസോണിനെയും നേരിടുന്നതിനായാണ് പേടിഎം മാള്‍ നിക്ഷേപം സമാഹരിക്കുന്നത്.

കരാര്‍ നടപ്പിലായാല്‍ പേടിഎം മാളിന്റെ മൊത്തം മൂല്യം 13,000 കോടി രൂപ (രണ്ട് ബില്യണ്‍ ഡോളര്‍)യിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് എന്ന ബഹുമതിയും ഇതോടെ കമ്പനി സ്വന്തമാക്കും. സോഫ്റ്റ്ബാങ്കുമായുള്ള കരാറില്‍ ഈ മാസം അവസാനത്തോടെ ധാരണയിലെത്താനാകുമെന്നാണ് പേടിഎം മാള്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ മൂലധനം സ്വരൂപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന് പുറമെ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീംസെക് ഹോള്‍ഡിംഗ്‌സ്, ചൈനീസ് നിക്ഷേപകരായ പ്രിമവെര കാപിറ്റല്‍ ഗ്രൂപ്പ് തുടങ്ങിയ നിക്ഷേപകരുമായും പേടിഎം മാള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ നിക്ഷേപകരില്‍ നിന്നും ആയിരം കോടി രൂപ കൂടി സ്വരൂപിക്കാനാണ് പേടിഎം മാളിന്റെ ശ്രമം. ആലിബാബയും സെയ്ഫ് പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം 200 മില്യണ്‍ ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. പുതിയ നിക്ഷേപ സമാഹരണത്തില്‍ ഇവരും പങ്കെടുക്കുമെന്നാണ് സൂചന.

Comments

comments