ഐസിഐസിഐ, ആക്‌സിസ് ബാങ്ക് മേധാവികളെ ചോദ്യം ചെയ്തു

ഐസിഐസിഐ, ആക്‌സിസ് ബാങ്ക് മേധാവികളെ ചോദ്യം ചെയ്തു

മുംബൈ: വജ്ര വ്യവസായിമാരായ നിരവ് മോദിയും മെഹുല്‍ ചോസ്‌കിയും ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഐസിസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, ആക്‌സിസ് ബാങ്ക് സിഇഒ ശിഖ ശര്‍മ എന്നിവരെ ചോദ്യം ചെയ്തു. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് ഇരുവരെയും ചോദ്യം ചെയ്തത്.

മെഹുല്‍ ചോസ്‌കിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ ലഭ്യമാക്കിയത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റ ഭാഗമായാണ് ചോദ്യം ചെയ്യല്‍. രണ്ട് ബാങ്കുകളുടെയും നേതൃത്വത്തില്‍ 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് പ്രവര്‍ത്തന മൂലധനമെന്ന പേരില്‍ 5280 കോടി രൂപ ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പയായി നല്‍കിയത്. 2010 നവംബറിനും 2014 ഏപ്രിലിനും ഇടയിലാണ് ഈ വായ്പ നല്‍കിയത്. ഐസിഐസിഐ മാത്രം 405 കോടി രൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിഹിതം നല്‍കിയിരിക്കുന്നത് ആക്‌സിസ് ബാങ്കാണ്.

ഈ കേസില്‍ വ്യക്തത തേടിയാണ് ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്നും ഇവര്‍ പ്രതികളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണ്‍സോര്‍ഷ്യം വഴി ലഭിച്ച തുക നിരവ് മോദിയും മെഹുല്‍ ചോക്‌സിയും വ്യാജ കമ്പനികള്‍ വഴി ഇന്ത്യയ്ക്ക് പുറത്ത് കടത്തിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക്, സ്റ്റാന്‍ഡാര്‍ഡ് ചാര്‍റ്റേര്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനെര്‍ ആന്റ് ജയ്പൂര്‍, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, വിജയ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ്, കാത്തലിക് സിറിയന്‍ ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയാണ് ചോക്‌സിക്ക് വായ്പ നല്‍കിയ ബാങ്കുകള്‍.

Comments

comments

Categories: Banking