ദേശിയ പാതകള്‍ വികസിപ്പിക്കില്ല, പുതിയത് നിര്‍മിക്കുമെന്ന് ഗതാഗത മന്ത്രാലയം

ദേശിയ പാതകള്‍ വികസിപ്പിക്കില്ല, പുതിയത് നിര്‍മിക്കുമെന്ന് ഗതാഗത മന്ത്രാലയം

ന്യൂഡെല്‍ഹി: നിലവിലുള്ള ദേശിയ പാതകള്‍ വികസിപ്പിക്കുന്നതിന് പകരം കൂടുതല്‍ ഗ്രീന്‍ഫീല്‍ഡ് ദേശിയ പാതകള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നു. ജനവാസ, വാണിജ്യ മേഖലകളിലൂടെ കടന്നുപോകുന്നതു മൂലം ഭൂമി ഏറ്റെടുക്കല്‍, കൈയേറ്റം ഒഴിപ്പിക്കല്‍ എന്നിവ പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യങ്ങളായതിനാല്‍ ഹൈവേകളുടെ വികസനം പലപ്പോഴും വൈകുന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

നിലവിലുള്ള ഹൈവേകളില്‍ നിന്നും നിശ്ചിത ദൂരപരിധിയില്‍ മറ്റൊരു പാതയ്ക്കായി പുതിയ ഇടം കണ്ടെത്തുന്നതാണ് മികച്ച പരിഹാരമെന്നും നിലവിലെ പാതകളുടെ വികസനത്തിന് വേണ്ടിവരുന്ന ചെലവില്‍ തന്നെ പുതിയ പാത നിര്‍മിക്കാന്‍ സാധിക്കുമെന്നും ഹൈവേകളുടെ ചുമതലയുള്ള ഏജന്‍സികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു. ഗ്രീന്‍ഫീല്‍ഡ് ഹൈവേകള്‍ വികസിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് വിശകലനം ചെയ്യുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) തയാറാക്കാന്‍ എല്ലാ ഏജന്‍സികള്‍ക്കും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡെല്‍ഹി-ജയ്പൂര്‍, ഡെല്‍ഹി-ആഗ്ര തുടങ്ങിയ ഹൈവേ പദ്ധതികളില്‍ നേരിട്ട കാലതാമസമാണ് സര്‍ക്കുലറില്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ജനസാന്ദ്രതയുള്ള നഗരങ്ങളിലൂടെ കടന്നുപോകുന്നതിനാലാണ് ഈ പദ്ധതികളില്‍ കാലതാമസം നേരിട്ടത്. അത്തരം പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുന്നത് ചെലവേറിയത് മാത്രമല്ല പ്രയാസകരവുമാണ്. പ്രദേശത്ത് വീടുകളും മതങ്ങളോടനുബന്ധിച്ചുള്ള നിര്‍മിതികളുമുണ്ടെങ്കില്‍ പദ്ധതി കൂടുതല്‍ സങ്കീര്‍ണമാകുമെന്നും മന്ത്രാലയം പറയുന്നു.

ഭൂമിയേറ്റെടുക്കല്‍ ചെലവുകള്‍, വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷിതമായ ഇടനാഴി നിര്‍മിക്കല്‍, വനം മുറിക്കല്‍, വനവല്‍ക്കരണം തുടങ്ങിയ എല്ലാ ചെലവുകളും കണക്കാക്കിയാല്‍ ഹൈവേ വികസനത്തിന് വരുന്ന ചെലവിടല്‍ പുതിയ ഹൈവേ നിര്‍മിക്കുന്നതില്‍ നിന്നും വളരേ വ്യത്യസ്തമല്ലെന്നാണ്് മന്ത്രാലയം കണക്കാക്കുന്നത്. മാത്രമല്ല പുതിയ ഹൈവേകള്‍ ദൂരം കുറയ്ക്കാനും യാത്ര സമയവും ഇന്ധന ചെലവുകളും ലാഭിക്കാനും ഗുണകരമാകും. ഹൈവേകള്‍ക്ക് അരികില്‍ വീണ്ടും ഭൂമി കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പമാണ് മറ്റൊരിടത്ത് പുതിയ പാതയ്ക്കായി ഭൂമി കണ്ടെത്തുന്നതെന്നും മന്ത്രാലയം കണക്കാക്കുന്നു.

Comments

comments