പാഴ്‌വസ്തുക്കളില്‍ നിന്നും ജൂവല്‍റി

പാഴ്‌വസ്തുക്കളില്‍ നിന്നും ജൂവല്‍റി

നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും സിഡിയും പഞ്ചറായ ടയറുകളും മറ്റും നമുക്ക് അണിയാന്‍ പാകത്തിലുള്ള ജൂവല്‍റികളായി തിരിച്ചെത്തിക്കുകയാണ് സില്‍വര്‍ നട്ട് ട്രീ എന്ന സംരംഭം

ആറു വയസുകാരിയായ മകള്‍ ‘റീസൈക്കിള്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ചതിലൂടെ ഉരുത്തിരിഞ്ഞ സംരംഭമാണ് സില്‍വര്‍ നട്ട് ട്രീ. ഉപയോഗം കഴിഞ്ഞശേഷം നാം ദിവസേന വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളില്‍ നിന്നും നമുക്കു തന്നെ ഉപയോഗപ്പെടുന്ന ജൂവല്‍റിയും വീടിനു യോജിച്ച അലങ്കാര ഉല്‍പ്പന്നങ്ങളും നിര്‍മിക്കുകയാണിവിടെ. റിതുപര്‍ണ ദാസ്, ഏഞ്ചലീന ബാബു എന്നീ സ്ത്രീകളാണ് ഈ സംരംഭത്തിനു ചുക്കാന്‍ പിടിക്കുന്നത്.

വിപണിയില്‍ ലഭിക്കുന്നതെന്തും പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, കവറുകള്‍ എന്നിവയിലായി ലഭിക്കുന്ന കാലമാണിത്. ഇന്ത്യയില്‍ ദിനംപ്രതി പതിനയ്യായിരം ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറംതള്ളപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ആറായിരം ടണ്ണോളം ആരാലും ശേഖരിക്കപ്പെടാതെയോ റീസൈക്കിള്‍ ചെയ്യപ്പെടാതെയോ അവശേഷിക്കുന്നുണ്ട്. ഈ സ്ഥിതിക്കൊരു ബദലാണ് ഈ സംരംഭം.

 

നാം മാലിന്യമെന്ന പേരില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ഗ്ലാസ് ബോട്ടിലുകളും സോഡാ ബോട്ടില്‍ ക്യാപുകളും പഞ്ചറായ ടയറുകള്‍, സി ഡി, ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍ എന്നിങ്ങനെയെല്ലാം ശേഖരിച്ച് ജൂവല്‍റികളും മറ്റ് അലങ്കാര വസ്തുക്കളും നിര്‍മിച്ചാണ് ഈ സ്ത്രീകള്‍ മികച്ച വരുമാന സ്രോതസ് കണ്ടെത്തിയിരിക്കുന്നത്

മകളുടെ ചോദ്യത്തിനു മുന്നിലെ ബിസനസ് ആശയം

ഒരിക്കല്‍ പഠനത്തിനിടെ മകള്‍ റീസൈക്കിള്‍ എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ചതാണ് റിതുപര്‍ണയെയും ഏഞ്ചലീനയെയും ഈ മേഖലയെ കുറിച്ച് കൂടുതലായി ചിന്തിപ്പിച്ചത്. പാഴ്‌വസ്തുക്കള്‍ പുതിയ ഉല്‍പ്പന്നങ്ങളിലേക്കു വഴിതിരിക്കാന്‍ സഹായിക്കുന്ന രീതിയാണ് റീസൈക്കിളിംഗ് എന്ന വിശദീകരണം മകള്‍ക്കു നല്‍കിയെങ്കിലും ഈ ആശയം പുതിയ മാനങ്ങള്‍ക്കാണ് വഴിവെച്ചത്. നാം നിത്യേന വലിച്ചെറിയുന്ന വസ്തുക്കള്‍ എന്തുകൊണ്ട് ഉപയോഗയോഗ്യമാക്കി നമ്മളിലേക്കു തന്നെ തിരിച്ചെത്തിച്ചുകൂടാ എന്ന ചിന്ത അവര്‍ക്കു പുതിയ സംരംഭത്തിലേക്കുള്ള വാതില്‍ തുറന്നു. ചിന്തിപ്പിച്ച വിഷയം റീസൈക്കിള്‍ ആണെങ്കിലും അവര്‍ അതിലും ഒരു പടി മറികടന്ന് അപ്‌സൈക്കിളിംഗ് എന്ന മേഖലയിലേക്കാണ് ഒടുവില്‍ എത്തിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഗ്ലാസ് ബോട്ടിലുകള്‍, ബോട്ടില്‍ ക്യാപുകള്‍, സി ഡി എന്നിവയെല്ലാം അപ്‌സൈക്കിള്‍ ചെയ്ത് കമ്മലുകളും മാലകളും വീടിന് മോടികൂട്ടുന്ന മനോഹരമായ അലങ്കാര വസ്തുക്കളും നിര്‍മിക്കാനുള്ള തുടക്കമായിരുന്നു അത്. ആശയം ക്ലിക്ക് ആയതോടെ സില്‍വര്‍ നട്ട് ട്രീ എന്ന സംരംഭത്തിലേക്കുള്ള കാല്‍വെപ്പായി. മകളുടെ ചോദ്യത്തിനുള്ള ഉത്തരം വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തിയിലൂടെ കാണിക്കുകയായിരുന്നു ഈ വനിതാ സംരംഭകള്‍. 2012ലാണ് സില്‍വര്‍ നട്ട് ട്രീയ്ക്ക് തുടക്കമിട്ടത്. ഇരുവര്‍ക്കും കുട്ടിക്കാലത്ത് ഏറെ ഇഷ്ടമായിരുന്ന നഴ്‌സറി ഗാനമായ ലിറ്റില്‍ നട്ട് ട്രീ … എന്ന വരികള്‍ കടമെടുത്തുകൊണ്ട് തങ്ങളുടെ സംരംഭത്തിനു സില്‍വര്‍ നട്ട് ട്രീ എന്നു പേരിടുകയും ചെയ്തു.

ഫേസ്ബുക്ക് പേജ് വഴിയും തെരഞ്ഞെടുത്ത റീട്ടെയ്ല്‍ ബൊട്ടീക്കുകള്‍ വഴിയുമാണ് സില്‍വര്‍ നട്ട്‌സിലെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സ്റ്റുഡിയോ ഉള്‍പ്പെടുന്ന ഒരു ബൊട്ടീക് ആണ് ഇവരുടെ ഭാവി പദ്ധതി

പ്ലാസ്റ്റിക് ചവറുകൂനകള്‍ക്ക് മികച്ച ബദല്‍

നാം ഓരോരുത്തരും ദിവസേന ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ഗ്ലാസ് ബോട്ടിലുകളുടെ എണ്ണം എപ്പോഴെങ്കിലും കണക്കാക്കിയിട്ടുണ്ടോ? ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം 2,75,000 ടണ്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നതായാണ് അനുമാനം. ഓരോ വര്‍ഷവും പ്ലാസ്റ്റിക് ഉപയോഗം നാലു ശതമാനത്തോളം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍. ഓരോ കുടുംബത്തിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ പ്രതിവര്‍ഷം ഏകദേശം 40 കിലോഗ്രാം പ്ലാസ്റ്റിക്കുകള്‍ ഇതേ രീതിയില്‍ പാഴ്‌വസ്തുക്കളാക്കപ്പെടുന്നു. ഇവ റീസൈക്കിള്‍ ചെയ്യാപ്പെടാവുന്നവയാണ്, എന്നാല്‍ റീസൈക്കിളിംഗ് നടക്കാത്ത പക്ഷം ചവറുകൂനകളിലും ഇന്‍സിനറേറ്ററുകളിലും മറ്റുമായി വലിച്ചെറിയപ്പെട്ട് മണ്ണും ജലവും വായുവും മലിനമാക്കപ്പെടുന്നു. ഈ ഭീകരമായ അവസ്ഥയ്ക്ക് ചെറിയൊരു പരിഹാര മാര്‍ഗം കൂടിയാണ് ഈ സ്ത്രീകള്‍ മുന്നോട്ടുവെച്ചത്. ഇത്തരം പാഴ്‌വസ്തുക്കളെ, പ്രത്യകിച്ചും നഗര പ്രദേശത്തെ വീടുകളില്‍ നിന്നുള്ളവ ശേഖരിച്ച് അപ്‌സൈക്കിള്‍ ചെയ്ത് മനോഹരങ്ങളായ ഉല്‍പ്പന്നങ്ങള്‍ അവരിലേക്കു തന്നെ തിരികെ എത്തിക്കുകയാണിവര്‍.

പ്ലാസ്റ്റിക് വസ്തുക്കളുടെ അപ്‌സൈക്കിളിംഗ്

പഴയ പെപ്‌സി ബോട്ടില്‍ കൊണ്ട് ഒരു കമ്മലാണ് ആദ്യമായി ഇവര്‍ നിര്‍മിച്ചത്. ആശയം മികച്ചതാണെന്നും മനോഹരമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ റിതുപര്‍ണയ്ക്കും ഏഞ്ചലീനയ്ക്കും തങ്ങളുടെ സംരംഭം മുന്നോട്ടു പോകാനുള്ള ആത്മവിശ്വസം ഏറുകയും ചെയ്തു. പ്ലാസ്റ്റിക് വലിച്ചെറിയുന്നവര്‍ തന്നെ ഇവ വീണ്ടും കാണുമ്പോള്‍ വില കൊടുത്തു വാങ്ങുന്ന അവസ്ഥയിലേക്കാണ് സില്‍വര്‍ നട്ട് ട്രീയുടെ പ്രവര്‍ത്തനങ്ങള്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇത്തരത്തില്‍ അപ്‌സൈക്കിള്‍ ചെയ്യാമെന്നും മാലിന്യം എന്ന പേരില്‍ പുറം തള്ളുന്ന വസ്തുക്കളുടെ വിപണിയിലെ വന്‍ സാധ്യതകളെ കുറിച്ചു പുതിയ തലമുറയെ ബോധവല്‍ക്കരിക്കാന്‍ കഴിയുന്നതിനും ഈ സ്ത്രീകള്‍ക്ക് അഭിമാനമുണ്ടിപ്പോള്‍. പരിസ്ഥിതി സൗഹാര്‍ദ്ദത എങ്ങനെ മക്കളെ പഠിപ്പിക്കണമെന്ന് ഇനി മറ്റൊരു ഉദാഹരണം കാണിച്ചുകൊടുക്കേണ്ട കാര്യവുമില്ല. ” ബിസിനസിലേക്കു കടക്കാനിടയായ സാഹചര്യം ഒരുക്കിയതു കുട്ടികളുടെ ചോദ്യമാണ്. അവര്‍ക്ക് റീസൈക്കിളിംഗിനേക്കുറിച്ച് അറിയാനുണ്ടായ ആകാംക്ഷയാണ് പ്രധാനമായും ഇതിനു കാരണം. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മളില്‍ പലരുടേയും ലോകം തന്നെ മാറ്റിമറിക്കാന്‍ ഇടയാക്കും”, ഏഞ്ചലീന പറയുന്നു.

പാഴ്‌വസ്തുക്കളില്‍ നിന്നും മികച്ച വരുമാനം

റീസൈക്കിളിംഗ് ഒരു ടെക്‌നോളജി അധിഷ്ഠിത പ്രക്രീയ ആണ്. എന്നാല്‍ വളരെ ബോധപൂര്‍വം ഒരു മികച്ച ബദല്‍ ജീവിതരീതി കണ്ടെത്തിയാല്‍ അപ്‌സൈക്കിളിംഗ് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി തീരും. നാം മാലിന്യമെന്ന പേരില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ഗ്ലാസ് ബോട്ടിലുകളും സോഡാ ബോട്ടില്‍ ക്യാപുകളും പഞ്ചറായ ടയറുകള്‍, സി ഡി, ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍ എന്നിങ്ങനെയെല്ലാം ശേഖരിച്ച് ജൂവല്‍റികളും മറ്റ് അലങ്കാര വസ്തുക്കളും നിര്‍മിച്ചാണ് ഈ സ്ത്രീകള്‍ മികച്ച വരുമാന സ്രോതസ് കണ്ടെത്തിയിരിക്കുന്നത്.

കല, പുരാണങ്ങള്‍, നാടന്‍ കലകള്‍ എന്നിവയില്‍ ഏറെ താല്‍പര്യമുള്ളവരായതുകൊണ്ടുതന്നെ അവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളിലും രൂപഭംഗിയിലും ഇതു പ്രകടമാണ്. കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചിത്രങ്ങളോടു കൂടിയ മാലകള്‍ക്ക് ഡിമാന്‍ഡും ഏറെ. ഫേസ്ബുക്ക് പേജ് വഴിയും തെരഞ്ഞെടുത്ത റീട്ടെയ്ല്‍ ബൊട്ടീക്കുകള്‍ വഴിയുമാണ് സില്‍വര്‍ നട്ട്‌സിലെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സ്റ്റുഡിയോ ഉള്‍പ്പെടുന്ന ഒരു ബൊട്ടീക് ആണ് ഇവരുടെ ഭാവി പദ്ധതി.

Comments

comments