ഇനി സൗരോര്‍ജ്ജത്തില്‍ പാചകം ചെയ്യാം ഇഡ്ഡലി

ഇനി സൗരോര്‍ജ്ജത്തില്‍ പാചകം ചെയ്യാം ഇഡ്ഡലി

വിറകും, ഗ്യാസും ഉപയോഗിച്ചു പാചകം ചെയ്യുന്ന പരമ്പരാഗത രീതി അധികം താമസിയാതെ തന്നെ മാറ്റത്തിനു വിധേയമാകും. പാചകത്തിനുള്ള ഇന്ധനമായ ഗ്യാസും, വിറകുമൊക്കെ പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്നു മാത്രമല്ല, ഓരോ ദിവസവും ചെലവേറിയതായി കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ പ്രകൃതി ദത്തമായ ഊര്‍ജ്ജസ്രോതസുകളെ ആശ്രയിച്ചു കൊണ്ടുള്ള പാചക രീതിയാണ് ഇപ്പോള്‍ പലരും പിന്തുടരുന്നത്. ഇന്നു ഭക്ഷ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ സോളാര്‍ സ്റ്റീം കുക്കിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ സോളാറിനെ ആശ്രയിച്ചു കൊണ്ടുള്ള പാചകരീതി വ്യാപകമായി കൊണ്ടിരിക്കുകയാണ്.

ഇന്ത്യ പോലൊരു ഉഷ്ണമേഖലാ കാലാവസ്ഥയുള്ള രാജ്യത്ത്, സൗരോര്‍ജ്ജത്തിന്റെ സാധ്യത അതിരില്ലാത്തതാണ്. ഇവയെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നതു വന്‍തോതില്‍ കുറച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നത് ഒരു വസ്തുതയാണ്. അതിലൂടെ അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന കാര്‍ബണിന്റെ തോത് കുറച്ചു കൊണ്ടുവരാനും സാധിക്കും. ഇന്നു വിവിധ സര്‍ക്കാര്‍ ഏജന്‍സികളും, മത, വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്വകാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും സൗരോര്‍ജ്ജത്തെ ആശ്രയിക്കുന്നതു വര്‍ധിച്ചു വന്നിട്ടുണ്ടെന്നത് പ്രതീക്ഷയേകുന്ന കാര്യം തന്നെയാണ്. ആഗോളതലത്തില്‍ പലരാജ്യങ്ങളിലും ഇന്ന് രൂക്ഷമായ ഊര്‍ജ്ജപ്രതിസന്ധി നേരിടുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങളെയാണ് ഊര്‍ജ്ജത്തിനായി പല രാജ്യങ്ങളും കാലാകാലങ്ങളായി ഉപയോഗിക്കുന്നത്. ഇവയുടെ ഒരു ന്യൂനതയായി കണക്കാക്കുന്നത് ഫോസില്‍ ഇന്ധനങ്ങള്‍ പുനരുപയോഗിക്കാന്‍ സാധിക്കില്ലെന്നതാണ്. ഒറ്റ തവണ ഉപയോഗിച്ചു കഴിയുമ്പോള്‍ അവ തീര്‍ന്നു പോകുന്നു. ഇതിനു പുറമേ ആഗോള താപനം പോലുള്ള പാരസ്ഥിതികമായ പ്രശ്‌നങ്ങളും ഇവയുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണു പുനരുപയോഗിക്കാവുന്നതും പ്രകൃതിദത്തവുമായ ഊര്‍ജ്ജ സ്രോതസുകളായ സൗരോര്‍ജ്ജം, കാറ്റ്, തിരമാല തുടങ്ങിയവയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ശ്രമം നടക്കുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രാഫ്റ്റ് വര്‍ക്ക് എന്ന സ്ഥാപനം സോളാര്‍ ഇഡ്ഡലി കുക്കര്‍ വികസിപ്പിച്ചിരിക്കുകയാണ്. ഇഡ്ഡലി ഉള്‍പ്പെടെ, ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണങ്ങള്‍ പാചകം ചെയ്യാന്‍ സോളാര്‍ ഇഡ്ഡലി കുക്കറിലൂടെ സാധിക്കും. ഈ ആശയത്തിനു കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു അനെര്‍ട്ട് സംഘടിപ്പിച്ച Akshay Urja Utsav ത്തില്‍ വച്ചു വന്‍ പ്രശംസ ലഭിക്കുകയുമുണ്ടായി.

നിര്‍ണായകവും, സുസ്ഥിരവുമായ ഊര്‍ജ്ജ സ്രോതസ് എന്ന നിലയില്‍ സൗരോര്‍ജ്ജത്തിന്റെ ഭാവി അതിവേഗം വളരുകയാണ്. തിരുപ്പതി, മൗണ്ട് അബു, ഷിര്‍ദ്ദി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലെ ആതിഥ്യ മേഖലയില്‍ (hospitality sector) ഇപ്പോള്‍ വന്‍ തോതില്‍ ഉപയോഗിക്കുന്നതു സൗരോര്‍ജ്ജം അടിസ്ഥാനമാക്കിയ സോളാര്‍ സ്റ്റീം കുക്കിംഗ് സംവിധാനമാണ്. സോളാര്‍ സ്റ്റീം കുക്കിംഗ് സംവിധാനമുള്ളതിനാല്‍ ഇവിടെ ദിനംപ്രതിയെത്തുന്ന അനേകായിരങ്ങളായ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള ഭക്ഷണം പാചകം ചെയ്യാനും, വിതരണം ചെയ്യാനും എളുപ്പം സാധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. സമീപകാലത്തു കേരളത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന kraftwork എന്നൊരു സ്ഥാപനം ഇഡ്ഡലി ഉള്‍പ്പെടെ ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണങ്ങള്‍ സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ പവേഡ് കുക്കറില്‍ (solar powered cooker) പാചകം ചെയ്‌തെടുക്കാമെന്നു തെളിയിക്കുകയുണ്ടായി. രണ്ട് വര്‍ഷത്തോളമായി സോളാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രാഫ്റ്റ് വര്‍ക്ക് സോളാര്‍ എന്ന സ്ഥാപനം സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഹീറ്ററുകള്‍, ഡ്രൈയറുകള്‍, ഫോട്ടോവോള്‍ട്ടെയ്ക് സിസ്റ്റംസ് തുടങ്ങിയവ നിര്‍മിക്കുന്നുണ്ട്. സമീപകാലത്താണു സൗരോര്‍ജ്ജം കൊണ്ട് ഇഡ്ഡലി പാചകം ചെയ്യുന്ന സോളാര്‍ പവേഡ് കുക്കര്‍ ഇവര്‍ വികസിപ്പിച്ചെടുത്തത്. ഈ ആശയത്തിന് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു അനെര്‍ട്ട് സംഘടിപ്പിച്ച akshay urja utsav ത്തില്‍ വച്ചു വന്‍ പ്രശംസ ലഭിക്കുകയുമുണ്ടായി. തിരുപ്പതിയിലും, ഷിര്‍ദ്ദിയിലുമൊക്കെ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ സ്റ്റീം കുക്കിംഗ് സംവിധാനത്തിന്റെ മാതൃകയിലാണു സോളാര്‍ പവേഡ് കുക്കറും പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തെ ആര്‍&ഡിക്കു (റിസര്‍ച്ച് & ഡവലപ്‌മെന്റ്) ശേഷമാണു സോളാര്‍ പവേഡ് കുക്കര്‍ വികസിപ്പിച്ചെടുത്തതെന്ന് ക്രാഫ്റ്റ് വര്‍ക്കിന്റെ എംഡി കെ.എന്‍. അയ്യര്‍ പറയുന്നു.

സോളാര്‍ ഇഡ്ഡലി കുക്കറിനു മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ക്രാഫ്റ്റ് വര്‍ക്ക് എന്ന സ്ഥാപനം. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാലുടന്‍ സബ്‌സിഡി നിരക്കില്‍ സോളാര്‍ ഇഡ്ഡലി കുക്കര്‍ വിപണിയില്‍ ലഭ്യമാക്കും.

വീടുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നവരെയല്ല, ഹോട്ടലുകളിലും മറ്റ് വാണിജ്യാവശ്യങ്ങള്‍ക്കുമായി വിഭവങ്ങള്‍ പാചകം ചെയ്യുന്നവരെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ക്രാഫ്റ്റ് വര്‍ക്ക് എംഡി പറയുന്നു. കാരണം ഒട്ടുമിക്ക വീടുകളിലും പ്രഭാത ഭക്ഷണം സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പു തന്നെ പാചകം ചെയ്തിട്ടുണ്ടാവും. എന്നാല്‍ ഹോട്ടലുകളിലും മറ്റ് വാണിജ്യവ്യാപാര കേന്ദ്രങ്ങളിലും രാവിലെ ഏഴ് മുതല്‍ ഉച്ച വരെയുള്ള നേരങ്ങളിലായിരിക്കും ഇഡ്ഡലി പോലുള്ള ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നത്. ഇവിടങ്ങളില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നതാകട്ടെ പരമ്പരാഗത പാചക സംവിധാനങ്ങളെയായിരിക്കും. ഇവയെ സോളാര്‍ കുക്കര്‍ കൊണ്ടു റീപ്ലേസ് ചെയ്യാനുള്ള ശ്രമത്തിലാണ് ക്രാഫ്റ്റ് വര്‍ക്ക്. സോളാര്‍ ഇഡ്ഡലി കുക്കറിനു മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ക്രാഫ്റ്റ് വര്‍ക്ക്. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാലുടന്‍ സബ്‌സിഡി നിരക്കില്‍ സോളാര്‍ ഇഡ്ഡലി കുക്കര്‍ വിപണിയില്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. go solar എന്ന സംരംഭത്തിന്റെ ഭാഗമായി അനെര്‍ട്ട് നിരവധി സ്ഥാപനങ്ങളെ സൗരോര്‍ജ്ജം ഉപയോഗിക്കാന്‍ സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ അനെര്‍ട്ട് പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ഥാപനമാണ് ക്രാഫ്റ്റ് വര്‍ക്കും.

എന്താണ് സോളാര്‍ സ്റ്റീം കുക്കിംഗ് ?

സോളാര്‍ എനര്‍ജി കോണ്‍സെന്‍ട്രേഷന്‍ ടെക്‌നോളജിയെ (solar energy concentration technology) അടിസ്ഥാനമാക്കിയുള്ളതാണ് സോളാര്‍ സ്റ്റീം കുക്കിംഗ്. സൗരോര്‍ജ്ജം സംഭരിക്കാന്‍ വീടിന്റെയോ കെട്ടിടത്തിന്റെയോ അതുമല്ലെങ്കില്‍ തുറസായ പ്രദേശത്തോ സ്ഥാപിക്കുന്ന ഡിഷ് ആന്റിനയുടെ ആകൃതിയിലുള്ള ഉപകരണങ്ങളാണു സോളാര്‍ കോണ്‍സെന്‍ട്രേറ്റേഴ്‌സ്. ഇവയിലൂടെ സൂര്യപ്രകാശത്തെ പകര്‍ന്നെടുക്കും. ഇങ്ങനെ പകര്‍ന്നെടുക്കുന്ന സൂര്യപ്രകാശത്തെ ആവിയായി പരിണമിപ്പിക്കും അഥവാ മാറ്റിയെടുക്കും. ഈ ആവി ഉപയോഗിച്ചായിരിക്കും പാചകം നടത്തുന്നത്. ഇന്ന് വന്‍കിട കമ്മ്യൂണിറ്റി കിച്ചനുകളില്‍ (വലിയൊരു കൂട്ടായ്മയുടെ ഭാഗമായി രൂപപ്പെടുന്ന അടുക്കളകള്‍) ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്.ഈ സംവിധാനത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത് parabolic concentrators ആണ്. സോളാര്‍ എനര്‍ജി റിസീവേഴ്‌സ്, സണ്‍ ട്രാക്കിംഗ് സിസ്റ്റം, സ്റ്റീം ഹെഡര്‍ പൈപ്പ്, കുക്കിംഗ് വെസലുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്‌ parabolic concentrators.

 

Comments

comments