ഹോണ്ട ഹൈഡ്രജന്‍ ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കും

ഹോണ്ട ഹൈഡ്രജന്‍ ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കും

ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ മോട്ടോര്‍സൈക്കിളിന് പേറ്റന്റ് അപേക്ഷ ഫയല്‍ ചെയ്തു

ടോക്കിയോ : ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ മോട്ടോര്‍സൈക്കിളിന് ഹോണ്ട പേറ്റന്റ് അപേക്ഷ ഫയല്‍ ചെയ്തു. മോട്ടോര്‍സൈക്കിളിന്റെ സീറ്റിനടിയിലാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സ്ഥാപിക്കുന്നതെന്ന് പേറ്റന്റ് ഫയലിംഗില്‍നിന്ന് വ്യക്തമാകുന്നു. ഹൈഡ്രജന്‍ നിറച്ച സിലിണ്ടറാണ് ഫ്യൂവല്‍ സെല്ലായി പ്രവര്‍ത്തിക്കുന്നത്. ഇതിലെ ഹൈഡ്രജന്‍ ഓക്‌സിജനുമായി ചേര്‍ന്ന് മോട്ടോറിന് പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി നല്‍കും. മാലിന്യമായി വെള്ളം മാത്രമാണ് ബാക്കി വരുന്നത്. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിള്‍ ഇലക്ട്രിക് ഇരുചക്ര വാഹനമാണെന്ന് സാങ്കേതികമായി പറയാം.

റീഫില്‍ ചെയ്യാവുന്ന ടാങ്കില്‍ സൂക്ഷിക്കുന്ന ഹൈഡ്രജന്‍ ഇന്ധനമാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനത്തിന് കരുത്ത് പകരുന്നത്. സാധാരണ ഇലക്ട്രിക് വാഹനത്തേക്കാള്‍ ഏറെ മെച്ചമാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനം. ഇലക്ട്രിക് വാഹനങ്ങള്‍ റീച്ചാര്‍ജ് ചെയ്യുന്നതിന് മണിക്കൂറുകള്‍ ചെലവഴിക്കേണ്ടിവരുമെന്നതാണ് കാരണം. അതേസമയം ഹൈഡ്രജന്‍ റീഫില്‍ ചെയ്യുന്നതിന് നിമിഷങ്ങള്‍ മാത്രം മതിയാകും.

ഇലക്ട്രിക് വാഹനങ്ങളെപ്പോലെ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങളും ഹൈഡ്രോകാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്നില്ല. നല്ല ഇന്ധനക്ഷമത ലഭിക്കുകയും ചെയ്യും. ഹൈഡ്രജന്‍ ഫില്ലിംഗ് സ്റ്റേഷനില്‍ പോയി അധികം സമയം കളയാതെ ഹൈഡ്രജന്‍ നിറയ്ക്കുകയുമാവാം. എന്നാല്‍ ആവശ്യത്തിന് ഹൈഡ്രജന്‍ ഇന്ധനം ലഭിക്കുന്നില്ലെങ്കില്‍ മുന്നോട്ടുപോക്ക് തടസ്സപ്പെടും.

ഹൈഡ്രജന്‍ ഓക്‌സിജനുമായി ചേര്‍ന്ന് മോട്ടോറിന് പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി നല്‍കും. മാലിന്യമായി വെള്ളം മാത്രമാണ് ബാക്കി വരുന്നത്

ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഹോണ്ട ഒരു പതിറ്റാണ്ടോളമായി ശ്രമിച്ചുവരികയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ ഹോണ്ട മറ്റ് ഓപ്ഷനുകള്‍ തേടുന്നുണ്ടെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. 2008 ല്‍ ക്ലാരിറ്റി എന്ന ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനം (എഫ്‌സിഇവി) പരിമിത എണ്ണത്തില്‍ യുഎസ്സിലും ജപ്പാനിലും ഹോണ്ട പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Auto