മികവുറ്റ പ്രകടനവുമായി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍

മികവുറ്റ പ്രകടനവുമായി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍

ദുബായ്: സംയുക്ത വരുമാനത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്റര്‍ (ഡിഐഎഫ്‌സി) 2017ല്‍ രേഖപ്പെടുത്തിയത് 221 ദശലക്ഷം ഡോളര്‍. 2016ല്‍ ഇത് 218 മില്ല്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് ഡിഐഎഫ്‌സി രേഖപ്പെടുത്തിയതെന്ന് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രവര്‍ത്തനലാഭത്തില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനയാണ് ഡിഐഎഫ്‌സി രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രവര്‍ത്തനലാഭം 2016ല്‍ 130 ദശലക്ഷം ഡോളറായിരുന്നത് 2017ല്‍ 140 ദശലക്ഷം ഡോളറായി ഉയര്‍ന്നു. അറ്റലാഭത്തിലാണ് മികച്ച വര്‍ധനയുണ്ടായത്. 25 ശതമാനമാണ് അറ്റലാഭം ഉയര്‍ന്നത്. 2016ല്‍ 79 മില്ല്യണ്‍ ഡോളറായിരുന്ന അറ്റലാഭം 2017ല്‍ 99 മില്ല്യണ്‍ ഡോളറായി ഉയര്‍ന്നു.

ഡിഐഎഫ്‌സിയുടെ മൊത്തം ആസ്തിയിലുണ്ടായത് 15 ശതമാനം വര്‍ധനയാണ്. മൊത്തം ആസ്തി 3.08 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 3.55 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. വാടകയില്‍ ഡിഐഎഫ്‌സി കാര്യമായ ഒരു വര്‍ധനവും വരുത്താത്തതാണ് വരുമാനത്തിലെ വര്‍ധന ഒരു ശതമാനം മാത്രമായി നിലനില്‍ക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇതിനെ പോസിറ്റീവായാണ് പലരും കാണുന്നത്. അതേസമയം ഡിഐഎഫ്‌സിയുടെ പുതിയ രണ്ട് പദ്ധതികള്‍ ബിസിനസിന് റെഡിയാകുന്നതോടു കൂടി വരുമാനത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഞങ്ങള്‍ ലീസിന് നല്‍കുന്ന കൊമേഴ്‌സ്യല്‍ സ്‌പേസില്‍ നിന്നാണ് ഞങ്ങളുടെ വരുമാനം വരുന്നത്. അവിടുത്തെ ഒക്കുപ്പന്‍സി നിരക്ക് 99 ശഥമാനമായില്‍ ഞങ്ങള്‍ വാടക കൂട്ടിയില്ലെങ്കിലും മികച്ച വരുമാനം ലഭിക്കും-ഡിഐഎഫ്‌സി ഗവര്‍ണര്‍ ഇസ കാസിം പറഞ്ഞു.

ഗേറ്റ് അവന്യൂ, എക്‌സ്‌ചേഞ്ച് ബില്‍ഡിംഗ് എന്നീ രണ്ട് പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നും കാസിം വ്യക്തമാക്കി. ധനകാര്യ കമ്പനികള്‍ക്ക് മാത്രമായുള്ളതാണ് എക്‌സ്‌ചേഞ്ച് ബില്‍ഡിംഗ്, അതേസമയം ഗേറ്റ് അവന്യൂ റീട്ടെയ്ല്‍ സ്‌പേസ് ആയിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ഷോപ്പിംഗ് മാളിന് സമാനമായാണ് ഇതിന്റെ ഡിസൈന്‍.

2017ല്‍ ഡിഐഎഫ്‌സിയില്‍ മൊത്തം റജിസ്റ്റര്‍ ചെയ്തത് 315 പുതിയ കമ്പനികളാണ്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെജിസ്‌ട്രേഷന്‍ നിരക്കാണിത്. ഇതോടെ ഈ ധനകാര്യഹബ്ബില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എണ്ണം 1853 ആയി ഉയര്‍ന്നു. 2016ല്‍ റെജിസ്റ്റര്‍ ചെയ്തത് 205 കമ്പനികളും 2015ല്‍ റെജിസ്റ്റര്‍ ചെയ്തത് 309 കമ്പനികളുമായിരുന്നു.

Comments

comments

Categories: Arabia