ബ്ലാക്ക്‌സ്റ്റോണ്‍ മൂന്നു മാളുകള്‍ കൂടി വാങ്ങും

ബ്ലാക്ക്‌സ്റ്റോണ്‍ മൂന്നു മാളുകള്‍ കൂടി വാങ്ങും

ന്യൂഡെല്‍ഹി: ഇന്ത്യയിലുടനീളം റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് ആസ്ഥാനമാക്കിയ പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനം ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി മൂന്ന് റീട്ടെയ്ല്‍ മാളുകള്‍ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

31 മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആസ്തികള്‍ക്ക് ഉടമയായ ബ്ലാക്ക്‌സ്റ്റോണ്‍ വാണിജ്യ റിയല്‍റ്റി രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകരാണ്. ഇതിനു പുറമെയാണ് കൂടുതല്‍ റീട്ടെയ്ല്‍ ആസ്തികളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കമ്പനി ശ്രമിക്കുന്നത്. നിലവില്‍ അഞ്ച് മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണത്തിലെ റീട്ടെയ്ല്‍ ആസ്തികള്‍ ബ്ലാക്ക്‌സ്റ്റോണിന്റ കൈവശമുണ്ട്.  രണ്ട് മില്ല്യണ്‍ ചതുരശ്ര അടിയിലെ ആസ്തികള്‍ ഏറ്റെടുക്കുന്നതിലൂടെ ഇതു ഏഴ് മില്ല്യണ്‍ ചതുരശ്ര അടിയായി ഉയരും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ മാള്‍ ഓപ്പറേറ്റര്‍മാരായി ബ്ലാക്ക്‌സ്റ്റോണ്‍ മാറുമെന്നും വിലയിരുത്തപ്പെടുന്നു.

റീട്ടെയ്ല്‍ റിയല്‍റ്റി ഉല്‍പ്പന്നനിരയില്‍ അടുത്ത തലത്തിലെ വളര്‍ച്ചക്ക് പിന്തുണയായി ഒന്നാം നിര, രണ്ടാം നിര നഗരങ്ങളിലെ സാധ്യതകളാണ് ബ്ലാക്ക്‌സ്റ്റോണ്‍ പരിശോധിക്കുന്നത്. വാണിജ്യപരമായി ലാഭകരമായ സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ ആസ്തികളുടെ വലിപ്പം രണ്ട് ലക്ഷം ചതുരശ്ര അടി മുതല്‍ ഒരു മില്യണ്‍ ചതുരശ്ര അടിവരെയാകുമെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കുന്നു.

റീട്ടെയ്ല്‍ സബ്‌സിഡറിയായ നെക്‌സസ് മാള്‍സിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി എട്ട് മാളുകള്‍ ഏറ്റെടുത്തുകൊണ്ട് വന്‍ വിപുലീകരണ പദ്ധതികളാണ് ബ്ലാക്ക്‌സ്റ്റോണ്‍ നടപ്പിലാക്കിവരുന്നത്.
ചണ്ഡീഗഡിലെ എലാന്റെ മാളില്‍ 1.15 മില്യണ്‍ ചതുരശ്ര അടിയും നവി മുംബൈയിലെ സീവുഡ്‌സ് ഗ്രാന്റ് സെന്‍ട്രല്‍ മാളില്‍ ഏതാണ്ട് ഒരു മില്യണ്‍ ചതുരശ്ര അടിയും ബ്ലാക്ക്‌സ്റ്റോണിന്റെ ആസ്തികളുടെ നിരയിലുണ്ട്. കൂടാതെ ഇന്‍ഡോറിലും പൂനെയിലുമായി ഓരോ ആസ്തികള്‍ വീതവും അവര്‍ക്ക് സ്വന്തമാണ്.

റീട്ടെയ്ല്‍ ആസ്തികള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സിന്റെ മുന്‍ മാനേജിംഗ് ഡയറക്റ്ററും ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററു(ന്യുവെഞ്ച്വേഴ്‌സ്)മായിരുന്ന ദിലീപ് സെഗാളിനെ നെക്‌സ് മാള്‍സിന്റെ സിഇഒയായി അടുത്തിടെ നിയമിച്ചിരുന്നു.

ഉപഭോക്താക്കള്‍ക്കും റീട്ടെയ്ല്‍ പങ്കാളികള്‍ക്കും ഉന്നത നിലവാരമുള്ള അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പ്രാഗത്ഭ്യമുള്ള മാനേജ്‌മെന്റിനെ വളര്‍ത്തിയെടുക്കുന്നതിനും റീട്ടെയ്ല്‍ ഉല്‍പ്പന്നനിര വര്‍ധിപ്പിക്കുന്നതിനും സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. 38 വര്‍ഷത്തോളം ഉപഭോക്താക്കളുമായി ഇടപഴകിയുള്ള പരിചയമ്പത്തുള്ള വ്യക്തിയാണ് ദിലീപ്. ഞങ്ങളുടെ മാനേജ്‌മെന്റിനേയും ഉല്‍പ്പന്നനിരയേയും ഉയര്‍ത്തുന്നതിന് ദിലീപിന് സാധിക്കുമെന്ന പൂര്‍ണ്ണവിശ്വാസമുണ്ട് – ബ്ലാക്ക്‌സ്റ്റോണിന്റെ സീനിയര്‍ മാനേജിംഗ് ഡയറക്റ്റര്‍ തുഹിന്‍ പരീഖ് പറഞ്ഞു.

Comments

comments

Categories: Business & Economy