നൂറു രൂപയില്‍ തുടക്കം, ഇന്ന് 40,000 രൂപയുടെ മാസവരുമാനം

നൂറു രൂപയില്‍ തുടക്കം, ഇന്ന് 40,000 രൂപയുടെ മാസവരുമാനം

ഒരു ഹോബി എന്ന നിലയില്‍ തുടങ്ങിയ ആഭരണ നിര്‍മാണത്തില്‍ നിന്നും കൊച്ചി സ്വദേശിനിയായ വീട്ടമ്മ നേടുന്നത് പ്രതിമാസം 40,000 രൂപയുടെ വരുമാനം

അല്‍പ്പം ക്രിയേറ്റിവിറ്റിയും ക്ഷമയും ഉണ്ടെങ്കില്‍ ആര്‍ക്കും തങ്ങളുടെ ഹോബിയെ വരുമാനമാര്‍ഗമാക്കി മാറ്റാന്‍ കഴിയും എന്നാണ് കൊച്ചി സ്വദേശിനിയും ലഗാന്‍ ക്വില്‍ഡ് ഇയര്‍റിംഗ്‌സ് എന്ന ഓണ്‍ലൈന്‍ ആഭരണ സ്റ്റോറിന്റെ ഉടമയുമായ മായ ആര്‍ പൈയുടെ അഭിപ്രായം. ഇങ്ങനെ പറയുന്നതിനായി സ്വന്തം ജീവിതകഥ തന്നെയാണ് മായക്ക് പ്രചോദനമായിട്ടുള്ളത്. ചെറുപ്പം മുതല്‍ക്ക് വളകള്‍, മാലകള്‍, കമ്മലുകള്‍ തുടങ്ങിയ ആഭരണങ്ങളോട് മായക്ക് വലിയ താല്‍പ്പര്യമായിരുന്നു. കടയില്‍ നിന്നും മാലകള്‍ വാങ്ങിക്കൊണ്ട് വന്നശേഷം, അത് പൊട്ടിച്ച് മറ്റു പാറ്റേണുകളില്‍ പുനര്‍നിര്‍മിക്കുക എന്ന മായയുടെ സ്വഭാവമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ലഗാന്‍ ക്വില്‍ഡ് ഇയര്‍റിംഗ്‌സ് എന്ന സ്ഥാപനത്തിന് നിദാനമായത്.

2013ലാണ് മായ പൂര്‍ണമായും ആഭരണ നിര്‍മാണം എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്. അതുവരെ ഒഴിവു സമയങ്ങള്‍ ചെലവിടുന്നതിനായാണ് ആഭരണ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന ആഭരണങ്ങള്‍ മായ തന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി നല്‍കിയിരുന്നു. അവരില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍, പിന്നീട് ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കി.

ഹോബി ബിസിനസ് ആകുന്നു

2013ല്‍ ഭര്‍തൃ മാതാവിന് സുഖമില്ലാതെയായപ്പോള്‍, മായക്ക് ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. ആ സമയത്താണ് ഒരിക്കല്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി കടയില്‍ പോയ മായയുടെ കണ്ണില്‍ നൂറു രൂപ വിലവരുന്ന ആഭരണ നിര്‍മാണത്തിന്റെ ഒരു കിറ്റ് തടഞ്ഞത്. പേപ്പര്‍ ആഭരണങ്ങള്‍ ട്രെന്‍ഡ് ആയി വരുന്ന സമയമായിരുന്നു അത്. എന്തുകൊണ്ട് തന്റെ ഹോബി, വരുമാനമാര്‍ഗമാക്കി മാറ്റിക്കൂടാ എന്ന ചിന്ത ആരംഭിക്കുന്നത് അവിടെ നിന്നുമാണ്. ഇതുപ്രകാരം ലഗാന്‍ ക്വില്‍ഡ് ഇയര്‍റിംഗ്‌സ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചു. മുത്ത്, പേപ്പര്‍, കല്ലുകള്‍ എന്നിവയില്‍ താന്‍ നിര്‍മിച്ച ആഭരണങ്ങള്‍ ആ പേജിലൂടെ പ്രദര്‍ശിപ്പിച്ചു. മായ വിചാരിച്ചതിലും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ചത്.

ഓണ്‍ലൈന്‍ വഴി കൂടുതല്‍ മികച്ച ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ, മായ താന്‍ നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്ക് തന്റേതായ ഒരു ശൈലി നല്‍കാന്‍ ആരംഭിച്ചു. പേപ്പര്‍ ഉപയോഗിച്ചുള്ള ആഭരണങ്ങള്‍ക്ക് പ്രത്യേക സ്‌റ്റൈല്‍ നല്‍കുന്നതിനായി അതില്‍ പെയിന്റിംഗുകള്‍ ചെയ്തു. പെയിന്റിംഗ് പണ്ട് മുതല്‍ക്കേ ഇഷ്ടമുള്ള കാര്യമായതിനാല്‍ ഇത് മാനസികമായി കൂടുതല്‍ സന്തോഷം നല്‍കി എന്ന് കൂടി പറയാം. ടെംപിള്‍ ഡിസൈനുകള്‍, മ്യൂറല്‍ എന്നിവയാണ് പ്രധാനമായും മാലകളിലും കമ്മലുകളിലും മായ വരച്ചത്.

22 വര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് ഞാന്‍ ലഗാന്‍ ക്വില്‍ഡ് ഇയര്‍റിംഗ്‌സ് ആരംഭിക്കുന്നത്. ജോലി ചെയ്തു നേടിയിരുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ വരുമാനം നേടാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്

മായ ആര്‍ പൈ, ലഗാന്‍ ക്വില്‍ഡ് ഇയര്‍റിംഗ്‌സ്

ഇത്തരത്തില്‍ വരച്ച ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു. പിന്നീട് ആളുകള്‍ വസ്ത്രങ്ങള്‍ക്ക് ചേരുന്ന രീതിയിലുള്ള ഡിസൈനുകള്‍ മാലകളില്‍ വരച്ചു നല്‍കണം എന്ന് ആവശ്യപ്പെട്ടു. ഇത് അധിക വരുമാനത്തിന് ഇട നല്‍കി. ഇന്ന് പ്രതിമാസം 40,000 രൂപയോളം വരുമാനമുണ്ട് ഈ സംരംഭകയ്ക്ക്. നൂറു രൂപയുടെ പേപ്പര്‍ ആഭരണ നിര്‍മാണ കിറ്റില്‍ നിന്നുമാണ് ഞാന്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നത്. മൂന്നു വര്‍ഷം മുന്‍പ് വരെ എനിക്ക് ആഭരണ നിര്‍മാണം എന്നത് ഒരു ഹോബി മാത്രമായിരുന്നു. അതില്‍ നിന്നും എന്ത് വരുമാനം ലഭിച്ചാലും അധിക സന്തോഷം എന്നതിന് അപ്പുറം ഒന്നുമില്ലായിരുന്നു. എന്നാല്‍ ഹോബിക്ക് അപ്പുറം ബിസിനസ് എന്ന തലത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം നല്‍കുന്ന അനേകം ഘടകങ്ങള്‍ ഉണ്ട്. 22 വര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് ഞാന്‍ ലഗാന്‍ ക്വില്‍ഡ് ഇയര്‍റിംഗ്‌സ് ആരംഭിക്കുന്നത്. ജോലി ചെയ്തു നേടിയിരുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ വരുമാനം നേടുവാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട് – മായ പറയുന്നു.

വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍

ആവശ്യക്കാര്‍ പറയുന്നത് അനുസരിച്ച് കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ ചെയ്ത് ആഭരണങ്ങള്‍ നല്‍കുന്നു എന്നത് മായയുടെ സ്റ്റോറിന്റെ പ്രത്യേകതയാണ്. ഇതിനു പുറമെ, വ്യത്യസ്തങ്ങളായ മെറ്റിരിയലുകള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്. ജര്‍മന്‍ സില്‍വറിനാണ് ആവശ്യക്കാര്‍ ഏറെയും. പേള്‍, ത്രെഡ്, പേപ്പര്‍, തുണി എന്നിവകൊണ്ടുള്ള ആഭരണങ്ങളും മായ നിര്‍മിക്കുന്നു. 200 രൂപ മുതല്‍ 2000 രൂപ വരെ വിലമതിക്കുന്ന ആഭരണങ്ങള്‍ മായയുടെ ശേഖരത്തിലുണ്ട്.

മാറുന്ന ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി ആഭരണങ്ങള്‍ നിര്‍മിക്കുന്നതിന് മായ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ആദ്യ കാലങ്ങളില്‍ പുലര്‍ച്ചെ 2 മണിവരെയൊക്കെ ആഭരണ നിര്‍മാണത്തില്‍ ഏര്‍പ്പെടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സിസ്റ്റമാറ്റിക്ക് ആക്കിയതോടെ പകല്‍ സമയങ്ങളില്‍ മാത്രമാണ് ആഭരണനിര്‍മാണം. താല്‍പ്പര്യമുള്ളവര്‍ക്ക് നിര്‍മാണം പഠിപ്പിക്കാനും മായ തയാറാണ്. തന്നെ പോലെ കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വന്ന് വരുമാനം കണ്ടെത്തണം എന്നാണ് മായയുടെ അഭിപ്രായം.

 

Comments

comments