വെള്ളാരംകുന്നിലെ റോസാപ്പൂക്കള്‍

വെള്ളാരംകുന്നിലെ റോസാപ്പൂക്കള്‍

കാര്‍ഷിക കേരളത്തിന്റെ ചരിത്രമെടുത്താല്‍ ഏറെ ആളുകളും പരീക്ഷണത്തിന് മുതിരാത്ത മേഖലയാണ് റോസാപ്പൂ കൃഷിയുടേത്. കുറഞ്ഞ കാലഘട്ടത്തിനകം മികച്ച വരുമാനം തിരികെ നല്‍കുന്ന റോസാപ്പൂ കൃഷിയിലെ വിജയഗാഥയുമായി വിപണിയിലെ സജീവ സാന്നിധ്യമാകുകയാണ് കട്ടപ്പന വെള്ളാരംകുന്ന് സ്വദേശി സജി തോമസ്. ഇറ്റലിയിലെ ജോലി ഉപേക്ഷിച്ച് സ്വന്തം മണ്ണില്‍ വിയര്‍പ്പൊഴുക്കി അദ്ദേഹം നേടിയ വിജയത്തിന് ഇന്ന് റോസാപ്പൂക്കളുടെ സുഗന്ധമാണ്

ആഗോള സഞ്ചാരപഥങ്ങള്‍ക്കിടയിലേക്ക് കേരളത്തെയെത്തിച്ച ഇടങ്ങളിലേറെയും സ്ഥിതി ചെയ്യുന്നത് ഇടുക്കി മലനിരകളിലാണ്. വൈദേശീയരുള്‍പ്പടെ ദിനംപ്രതി ആയിരങ്ങള്‍ ഒഴുകിയെത്തുന്ന ഇടുക്കി, വിനോദസഞ്ചാരത്തിന്റെ കുത്തൊഴുക്കിന് മുന്നേ തന്നെ നടുനിവര്‍ത്തി നിന്നത് മലഞ്ചെരിവുകളെ മലഞ്ചരക്കുകള്‍ വിളയിക്കുന്ന കൃഷിയിടങ്ങളാക്കി പരുവപ്പെടുത്തിക്കൊണ്ടായിരുന്നു. ഏലവും കാപ്പിയും കുരുമുളകും മുതല്‍ ആപ്പിള്‍ വരെ ഇടുക്കിയുടെ മണ്ണില്‍ വിളയിച്ചെടുത്ത കര്‍ഷകരുടെ അധ്വാനം തന്നെയാണ് പില്‍ക്കാലത്ത് സഞ്ചാരികള്‍ക്ക് മുന്നില്‍ കാഴ്ചയുടെയും സമൃദ്ധിയുടെയും കണിയൊരുക്കാന്‍ ഈ നാടിനെ പ്രാപ്തമാക്കിയത്.

ഇന്ന് നിരവധി വ്യത്യസ്ത കൃഷികളാല്‍ സമ്പന്നമാണ് ഇടുക്കി. മറ്റെങ്ങും വിളയാത്ത ഇനങ്ങള്‍ വരെ ഇവിടെ തഴച്ചു വളരുന്നു. അധികമാരും പരീക്ഷിക്കാന്‍ മുതിരാത്ത ഇനങ്ങളില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങിയവരും കുറവല്ല. അക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ട പേരാണ് വെള്ളാരംകുന്ന് സ്വദേശി സജി തോമസിന്റേത്. കട്ടപ്പന-കുമിളി റോഡില്‍ സ്ഥിതി ചെയ്യുന്ന വെള്ളാരംകുന്നിലെ അമ്പത് സെന്റില്‍ സജി വിതച്ചിരിക്കുന്നത് സുഗന്ധം പരത്തുന്ന വരുമാനമാണ്. വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട റോസാപ്പൂക്കളാണ് സജിയുടെ കൃഷിയിടത്തില്‍ തലയുയര്‍ത്തിയാടുന്നത്. ഏലം, കുരുമുളക് തുടങ്ങി നിരവധി കൃഷികള്‍ ചെയ്തിരുന്ന സജി, ഏലത്തിന് വിലയിടിവ് സാരമായി ബാധിച്ച സമയത്താണ് മറ്റൊരു കൃഷി എന്ന ചിന്തയിലേക്ക് തിരിയുന്നത്.

രാവിലെ 6 മണി മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് പത്ത് പൂക്കള്‍ വീതമുള്ള കെട്ടുകളാക്കി ഇത് തിരിക്കും. 100 മുതല്‍ 140 രൂപ വരെ സീസണനുസരിച്ച് കെട്ടുകള്‍ക്ക് ലഭിക്കും. 1500 പൂക്കള്‍ വരെ ഒരോ ദിവസവും വിളവുണ്ടാകും

സജി തോമസ്, വര്‍ണം ഫാം

ഒരിക്കല്‍ ഒരു മാസികയില്‍ റോസാപ്പൂ കൃഷിയെ സംബന്ധിച്ച വിവരണം വായിച്ചതോടെ റോസാപ്പൂ എന്ന വരുമാന മാര്‍ഗത്തിലേക്ക് അദ്ദേഹം തിരിയുകയായിരുന്നു. പിന്നീട് കൂടുതല്‍ വിവരശേഖരണവും മറ്റും നടത്തി ഏലം നിന്നിരുന്നിടത്ത് ആദ്യ പോളിഹൗസ് നിര്‍മിച്ചുകൊണ്ട് സജി തന്റെ നവീനകൃഷിക്ക് തുടക്കം കുറിച്ചു. പീരുമേട് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അനുവദിച്ചു നല്‍കിയ വായ്പയും മറ്റു സഹായങ്ങളും തുടക്കകാലത്ത് മികച്ച പിന്തുണയായെന്നാണ് സജി പറയുന്നത്. സമീപപ്രദേശത്തൊന്നും തന്നെ ആരും കൈവെച്ചിട്ടില്ലാത്ത മേഖലയായതിനാല്‍ സംശയനിവാരണവും പുതിയ വിവരങ്ങളുടെ ലഭ്യതയുമെല്ലാം ദുരിതം നിറഞ്ഞതായിരുന്നു. ഇന്ന് മൂന്നു വര്‍ഷക്കാലത്തിനിപ്പുറം, കട്ടപ്പന, കുമിളി പ്രദേശത്തെ പൂക്കടകളുടെ പ്രധാന സ്രോതസായി സജിയുടെ ‘വര്‍ണം’ ഫാം മാറിക്കഴിഞ്ഞു.

വരുമാനം പൂക്കുന്ന പോളിഹൗസുകള്‍

ഇറ്റലിയില്‍ ജോലി ചെയ്തിരുന്ന സജി അതു മതിയാക്കി നാട്ടിലെത്തിയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. പ്രവര്‍ത്തന മേഖലകള്‍ ഏതായാലും മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള അദ്ദേഹത്തിന്റെ മികവ് ഫാമില്‍ തന്നെ പ്രകടമാണ്. അനുയോജ്യമായ അകലത്തില്‍ ഒരു പോളിഹൗസിനകത്ത് പതിനായിരം തൈകള്‍ വീതമാണ് നടുന്നത്. ഒരു പോളിഹൗസ് നിരപ്പായ പ്രദേശത്തും മറ്റൊന്ന് കുന്നിന്റെ ചെരിവിലായി തട്ടുകളാക്കിയുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുഫാമുകള്‍ക്കും സമീപത്തായി ജലസേചനത്തിനുള്ള കിണറും ടാങ്കുമെല്ലാം ഒരുക്കിയിരിക്കുന്നു. മഴവെള്ളം സംഭരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ എല്ലാം ഇവയില്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് സ്ഥിരം ജീവനക്കാരാണ് ഫാമിലെ ജോലികള്‍ക്കായുള്ളത്. ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുക്കുന്ന പൂക്കള്‍ വൈകാതെ തന്നെ വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിച്ച് നല്‍കും. അതിനാല്‍ തികച്ചും ഫ്രഷ് ആയ പൂക്കളാണ് വില്‍പ്പനയ്ക്കായി എത്തുന്നത്. അത്രനാള്‍ ദൂരപ്രദേശങ്ങളില്‍ നിന്ന് പൂക്കള്‍ സംഭരിച്ചിരുന്ന വില്‍പ്പനക്കാരും ഇതോടെ സജിയെ തേടിയെത്തി. ദൂരപ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ കയറ്റി കട്ടപ്പനയില്‍ എത്തിക്കുമ്പോഴേക്കും പൂക്കളുടെ സ്വാഭാവിക ഭംഗിയും രൂപവുമെല്ലാം നഷ്ടപ്പെടുമായിരുന്നു. ഇവിടെയാണ് സജിയുടെ പൂക്കള്‍ക്ക് പ്രസക്തിയേറുന്നതും. രാവിലെ 6 മണി മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. ഇതിന് ശേഷം പത്ത് പൂക്കള്‍ വീതമുള്ള കെട്ടുകളാക്കി ഇത് തിരിക്കും. 100 മുതല്‍ 140 രൂപ വരെ സീസണ്‍ അനുസരിച്ച് കെട്ടുകള്‍ക്ക് വില ലഭിക്കുമെന്നാണ് സജി പറയുന്നത്. 1500 പൂക്കള്‍ വരെ ഒരോ ദിവസവും വിളവുണ്ടാകും. അതിനാല്‍ തന്നെ ദിവസേനയുള്ള മികച്ച വരുമാനമാണ് റോസാപ്പൂക്കള്‍ സജിക്ക് നല്‍കുന്നത്.

പൂക്കള്‍ അമിതമായി വിടര്‍ന്ന് ഇതളുകള്‍ കൊഴിയാതിരിക്കാനായി കവറിംഗ് സജ്ജീകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അത് പൂക്കളുടെ ആകൃതിയും ഭംഗിയും നിലനിര്‍ത്തുന്നതിന് സഹായിക്കും. ഒരു ചെടിക്ക് തുടര്‍ച്ചയായി ആറ് വര്‍ഷത്തോളം പൂവിടാന്‍ സാധിക്കും. വെളുപ്പ്, മഞ്ഞ, ചുവപ്പ്, പിങ്ക്, ഓറഞ്ച് എന്നിങ്ങനെ അഞ്ച് തരത്തിലുള്ള പൂക്കളാണ് വര്‍ണം ഫാമില്‍ വളരുന്നത്‌

പൂക്കളുടെ ആകൃതി നിലനിര്‍ത്താന്‍ കവറിംഗ് സജ്ജീകരണം

ബെംഗളൂരില്‍ നിന്ന് ബഡ് തൈകള്‍ ഇറക്കിയാണ് സജി തന്റെ കൃഷിയിടത്തില്‍ വിന്യസിച്ചിരിക്കുന്നത്. തൈ നട്ട് മൂന്ന് നാല് മാസത്തിനകം അവ പൂവിട്ട് തുടങ്ങും. അതിനാല്‍ തന്നെ കുറഞ്ഞ സമയത്തിനകമുള്ള വരുമാനമാണ് റോസാപ്പൂക്കള്‍ നല്‍കുന്നത്. ഇതിനു പുറമെ ജൈവവളപ്രയോഗമായതിനാല്‍ ആ ഇനത്തിലും ചെലവ് കുറവ് തന്നെ. പോളി ഹൗസിനകത്തു മാത്രമേ പൂകൃഷി നടത്താന്‍ സാധിക്കൂ എന്നാണ് സജി പറയുന്നത്. അല്ലാത്ത പക്ഷം കാറ്റ്, മഴ, വെയില്‍ തുടങ്ങിയവയെല്ലാം പൂക്കളുടെ ഭംഗി ഇല്ലാതാക്കും. എല്ലാ കൃഷിയിലുമെന്നപോലെ തന്നെ കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ റോസാപ്പൂക്കളെയും പ്രതികൂലമായി ബാധിക്കും. അമിതമായ മഴയും തണുപ്പും വെയിലും ഒന്നും നന്നല്ല. മിതമായ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യമായത്. ഇതിനു പുറമെ ഫംഗസും പൂക്കളുടെ നാശത്തിന് വഴിവെക്കും. ഒരു പൂവില്‍ ഫംഗസ് കയറിയാല്‍ കുറഞ്ഞ സമയത്തിനകം തന്നെ അത് ഫാമില്‍ ആകെ പടര്‍ന്നുപിടിക്കും. അതിനാല്‍ മികച്ച ശ്രദ്ധ ആവശ്യമാണെന്നു സാരം. ഏതെങ്കിലും ചെടികളില്‍ ഫംഗസ് ബാധ കണ്ടാല്‍ അപ്പോള്‍ തന്നെ അത് നീക്കം ചെയ്യേണ്ടതാണ്. പൂക്കള്‍ അമിതമായി വിടര്‍ന്ന് ഇതളുകള്‍ കൊഴിയാതിരിക്കാനായി കവറിംഗ് സജ്ജീകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അത് പൂക്കളുടെ ആകൃതിയും ഭംഗിയും നിലനിര്‍ത്തുന്നതിന് സഹായിക്കും. ഒരു ചെടിക്ക് തുടര്‍ച്ചയായി ആറ് വര്‍ഷത്തോളം പൂവിടാന്‍ സാധിക്കും. അതിനാല്‍ തന്നെ ഇവിടെ ഒരിക്കല്‍ വിതയ്ക്കുന്നത് ദീര്‍ഘനാളത്തേക്കുള്ള വരുമാനമാണ്. വെളുപ്പ്, മഞ്ഞ, ചുവപ്പ്, പിങ്ക്, ഓറഞ്ച് എന്നിങ്ങനെ അഞ്ച് തരത്തിലുള്ള പൂക്കളാണ് ഇവിടെ വളരുന്നത്. അതില്‍ തന്നെ വെളുപ്പിനും ചുവപ്പിനുമാണ് ആവശ്യക്കാര്‍ ഏറെയുള്ളതും. മാല, ബൊക്ക എന്നിവയ്‌ക്കെല്ലാം അധികമായി ഉപയോഗിക്കുന്നത് ഈ നിറങ്ങള്‍ തന്നെയാണ്.

സംരംഭമെന്ന നിലയില്‍ ദിവസേന മികച്ച വരുമാനം സൃഷ്ടിക്കാവുന്ന മേഖലമാണ് റോസാപ്പൂ കൃഷിയെന്നാണ് സജിയുടെ അഭിപ്രായം. അടുത്ത പടിയായി കൃഷി ഒരേക്കറിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സജി. ഓര്‍ഡറുകളും മറ്റും ദിനംപ്രതി വര്‍ധിച്ചുവരുന്നതിനാല്‍ അവയ്ക്ക് അനുസൃതമായി ഉല്‍പാദനവും വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. ഫാമിലെ ജോലികളിലും വിളവെടുപ്പിലുമെല്ലാം സജീവ സാന്നിധ്യമായി ഭാര്യ ലിജിക്ക് പുറമെ മക്കളായ ടോമിയും ഡോണയുമെല്ലാം സജിക്കൊപ്പമുണ്ട്. കുറഞ്ഞ മുതല്‍മുടക്കും അധ്വാനവും ചെലവിടുമ്പോള്‍ റോസാപ്പൂക്കള്‍ സജിക്ക് തിരകെ നല്‍കുന്നത് കൈനിറയെ വരുമാനമാണ്. മലയോര കാര്‍ഷിക കേരളത്തിന്റെ ചെങ്കുത്തായ കൃഷിയിടങ്ങളില്‍ പൊന്നു വിളയിച്ച കര്‍ഷര്‍ ഏറെ ഉഴുത് മറിച്ചിട്ട ഹൈറേഞ്ചിന്റെ മണ്ണ്, എന്തിനെയും സ്വീകരിക്കാനും തഴച്ച് വളര്‍ത്താനും പ്രാപ്തമാണെന്ന ചരിത്രത്തിന് സജി തന്റെ സംരംഭക വിജയത്തിലൂടെ അടിവരയിടുകയാണ്.

 

Comments

comments