കോള്‍ഡ് ചെയ്ന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ റിനാക്കിന് ഓര്‍ഡര്‍

കോള്‍ഡ് ചെയ്ന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ റിനാക്കിന് ഓര്‍ഡര്‍

കൊച്ചി: കേരളത്തില്‍ രണ്ട് വന്‍കിട സംയോജിത കോള്‍ഡ് ചെയ്ന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഓര്‍ഡര്‍ ചെന്നൈ ആസ്ഥാനമായ പ്രമുഖ കോള്‍ഡ് ചെയ്ന്‍ സേവനദാതാക്കളായ റിനാക് ഇന്ത്യ ലിമിറ്റഡിന് ലഭിച്ചു. കിന്‍ഫ്രയ്ക്കും കെഎസ്‌ഐഡിസിക്കും വേണ്ടി പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് റിനാക്കിന് 32.81 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.

പാലക്കാട് കോഴിപ്പാറയിലെ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കില്‍ 3500 മെട്രിക് ടണ്‍ പഴം, പച്ചക്കറികള്‍, 1000 മെട്രിക് ടണ്‍ ശീതീകരിച്ച പാല്‍ എന്നിവ കൈകാര്യം ചെയ്യാന്‍ കഴിയുന്ന കോള്‍ഡ് സ്‌റ്റോറേജ്, വാഴപ്പഴം, മാമ്പഴം, പപ്പായ തുടങ്ങിയ പഴങ്ങള്‍ ശാസ്ത്രീയമായി പഴുപ്പിക്കാനുള്ള 80 മെട്രിക് ടണ്‍ ശേഷിയുള്ള റൈപ്പനിംഗ് ചേമ്പറുകള്‍, സ്‌പൈസ് പ്രോസസിംഗ് യൂണിറ്റ് എന്നിവയടങ്ങുന്ന കോള്‍ഡ് ചെയ്ന്‍ പ്ലാന്റാണ് സ്ഥാപിക്കുക. ഇത് കൂടാതെ പാക്കിംഗ് ഏരിയ, ലോഡിംഗ് ഏരിയ, പ്രോസസിംഗ്, ഷിപ്പിംഗ് എന്നിവയ്ക്കും പ്ലാന്റില്‍ സൗകര്യമുണ്ടാകും. രണ്ടര ഏക്കര്‍ സ്ഥലത്താണ് ഈ പ്ലാന്റ് ഉയരുക.

ചേര്‍ത്തല പള്ളിപ്പുറത്തുള്ള കെഎസ്‌ഐഡിസിയുടെ മെഗാ സീഫുഡ് പാര്‍ക്കില്‍ ഒരു ഏക്കറില്‍ 3000 മെട്രിക് ടണ്‍ ശേഷിയുള്ള കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം സ്ഥാപിക്കാനാണ് മറ്റൊരു ഓര്‍ഡര്‍. രണ്ട് പദ്ധതികളും ഒരു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും.

കൊച്ചി, ഡെല്‍ഹി, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, തുംകൂറിലെ ഇന്ത്യ ഫുഡ് പാര്‍ക്, ഗുവഹാത്തിയിലെ നോര്‍ത്ത് ഈസ്റ്റ് മെഗാ ഫുഡ് പാര്‍ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം വന്‍കിട പദ്ധതികള്‍ റിനാക് നടപ്പാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy