സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കില്ല, ഷേഖ് ഹംദന്‍ ഉത്തരവ് പുറപ്പെടുവിച്ചു

സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കില്ല, ഷേഖ് ഹംദന്‍ ഉത്തരവ് പുറപ്പെടുവിച്ചു

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്കെങ്കിലും കൂട്ടരുതെന്നുള്ള ഉത്തരവ് ദുബായ് കിരീടാവകാശി ഷേഖ് ഹംദന്‍ ബിന്‍ മൊഹമ്മദ് റഷിദ് അല്‍ മക്തൂം പുറത്തിറക്കി. കഴിഞ്ഞയാഴ്ച്ചയാണ് ദുബായ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. യുഎഇ കാബിനറ്റ് മീറ്റിംഗില്‍ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആയിരുന്നു ഫീസ് മൂന്ന് വര്‍ഷത്തിലേക്ക് കൂട്ടില്ലെന്ന പ്രഖ്യാപനം നടത്തിയത്. അതാണ് ഇപ്പോള്‍ ഉത്തരവായി ഷേഖ് ഹംദന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളില്‍ വര്‍ധന വരുത്തേണ്ടെന്നാണ് തീരുമാനം. സാമൂഹ്യ, സാമ്പത്തിക സ്ഥിരത കൊണ്ടുവരുന്നതിന്റെയും വ്യവാസയ, വാണിജ്യമേഖലകളെ പിന്തുണയ്ക്കുന്നതിന്റെയും കൂടുതല്‍ നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് ഷേഖ് മൊഹമ്മദ് വ്യക്തമാക്കിയിരുന്നു.

യുഎഇയുടെ സാമ്പത്തിക മത്സരക്ഷമത ഉയര്‍ത്താന്‍ വേണ്ടിയാണ് ഈ തീരുമാനമെന്ന് ഷേഖ് ഹംദനും വ്യക്തമാക്കി.
പുതിയ നിരവധി സാമൂഹ്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കും. യുഎഇയിലെ യുവാക്കള്‍ക്ക് കൂടി രാജ്യത്തിന്റെ വികസനത്തില്‍ നിന്ന് നേട്ടം കിട്ടുന്ന തരത്തിലായിരിക്കും പദ്ധതികളെന്നാണ് ദുബായ് ഭരണാധികാരിയുടെ വാഗ്ദാനം.

ഇന്നൊവേഷനിലും നവ സാങ്കേതികവിദ്യകളിലും അധിഷ്ഠിതമായാണ് ഷേഖ് മൊഹമ്മദ് യുഎഇയുടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. കൃത്രിമ ബുദ്ധി പോലുള്ള സങ്കേതങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയുള്ളതാണ് യുഎഇയുടെ വികസന പദ്ധതികള്‍. ഷേഖ് മൊഹമ്മദിന്റെ ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതമായ പദ്ധതികള്‍ക്ക് ജനതയില്‍ നിന്നും ലഭിക്കുന്നത് പൂര്‍ണ പിന്തുണയാണ്.

Comments

comments

Categories: Arabia