ഹുറണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2018: ശതകോടീശ്വരന്മാരുടെ എണ്ണം 2,694

ഹുറണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2018: ശതകോടീശ്വരന്മാരുടെ എണ്ണം 2,694

ചൈന ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ചൈന മുമ്പില്‍

പ്രമുഖ ആഗോള സാമ്പത്തിക ഗവേഷണസ്ഥാപനം ഹുറണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2018 പുറത്തുവിട്ടു. 68 രാജ്യങ്ങളില്‍ നിന്ന് 2,694 ശതകോടീശ്വരന്മാരുള്ള പട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്ത്. രാജ്യത്ത് മൊത്തം 131 ശതകോടീശ്വരന്മാരുള്ളത്. ഈ വര്‍ഷം പുതുതായി പട്ടികയില്‍ സ്ഥാനം പിടിച്ചത് 31 പേരാണ്. ജെഫ് ബെസോസ് ആണ് 123 ബില്യണുമായി പട്ടികയില്‍ ഒന്നാമത്. ഇതില്‍ 51 ബില്യണ്‍ ഡോളര്‍ ഓണ്‍ലൈന്‍ വിപണിയായ ആമസോണിന്റെ സംഭാവനയാണ്. വോറന്‍ ബഫറ്റ് 102 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി രണ്ടാമതെത്തി. 31 ശതമാനമാണ് അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടാംസ്ഥാനത്തായിരുന്ന ബില്‍ഗേറ്റ്‌സ് ആണ് മൂന്നാമത്. 11 ശതമാനം വര്‍ധനയോടെ 90 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ ഉണ്ടായത്.

ലോകത്ത് 437 ശതകോടീശ്വരന്മാരാണ് കഴിഞ്ഞ വര്‍ഷം പുതുതായി ഉണ്ടായിരിക്കുന്നത്. അതായത്, ദിവസം ഒന്നിലധികം ശതകോടീശ്വരന്മാരുണ്ടാകുന്ന സാഹചര്യം. ചൈനയില്‍ ഒരാഴ്ചയില്‍ നാലു ശതകോടീശ്വരന്മാരാണ് സൃഷ്ടിക്കപ്പെടുന്നത്. മൊത്തം സമ്പത്ത് 31.5 ശതമാനം വര്‍ധിച്ച് 10.5 ട്രില്യണ്‍ ഡോളറിലെത്തി. ഇത് ആഗോള ജിഡിപിയുടെ 13.2 ശതമാനമാണെന്നോര്‍ക്കണം. ചൈനയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം 210-ല്‍ നിന്ന് 819 ആയി ഉയര്‍ന്നു. യുഎസിനേക്കാള്‍ 41 ശതമാനം വര്‍ധനയാണിത്. കഴിഞ്ഞവര്‍ഷം മൂന്നാമതെത്തിയ ജര്‍മനിയില്‍ നിന്ന് ഇന്ത്യ ആ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. പട്ടികയില്‍ ആദ്യ 10 പേരും സ്വപ്രയത്‌നത്താല്‍ ഈ വിജയം കരസ്ഥമാക്കിയത് ഇതാദ്യമാണ്. പോണി മാ ആണ് ഏഷ്യയിലെ ഏറ്റവും ധനികന്‍. 47 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

ക്രിപ്‌റ്റോകറന്‍സിയുടെ കാലത്ത് ആദ്യത്തെ ബ്ലോക്ക് ചെയ്ന്‍ ശതകോടീശ്വരനായി റിപ്പിള്‍ കമ്പനിയുടെ ക്രിസ് ലാര്‍സനെയാണ് ഔദ്യോഗികമായി തെരഞ്ഞെടുത്തിരിക്കുന്നത്. 5.3 ബില്യണ്‍ ഡോളറിനു തത്തുല്യമായ സമ്പാദ്യമാണ് അദ്ദേഹത്തിനുള്ളത്. ഏറ്റവും വലിയ സംഭാവന നല്‍കിയത് ഹംഗറിസ്വദേശിയായ ജോര്‍ജ് സൊറൊസാണ്. 18 ബില്യണ്‍ ഡോളറാണ് അദ്ദേഹം കഴിഞ്ഞ വര്‍ഷം സംഭാവന നല്‍കിയത്. ചൈനയിലെ അഭിവൃദ്ധിയും ഡോളറിന്റെ വിലയിടിവിനൊപ്പം നികുതിയിളവുകളും കൂടുതല്‍ ശതകോടീശ്വരന്മാരെ സൃഷ്ടിക്കുകയാണ്. ശതകോടീശ്വരന്മാരുടെ സമ്പത്തിന്റെ ഒന്നാമത്തെ പ്രധാന ഉറവിടം സാങ്കേതിവിദ്യയാണ്. ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളെ മറികടന്ന് റിയല്‍ എസ്റ്റേറ്റ് രംഗം രണ്ടാമതെത്തിയിരിക്കുന്നു. ഉല്‍പ്പാദനരംഗം മൂന്നാംസ്ഥാനത്തേക്കു വീണപ്പോള്‍ നിക്ഷേപകരംഗം നാലാമതെത്തി. ഉല്‍പ്പാദനരംഗവും ഭക്ഷ്യ-പാനീയ വ്യവസായങ്ങളുമാണ് ഏറ്റവും വളര്‍ച്ചയുള്ള വിഭാഗം.

സ്ത്രീകളുടെ അവസ്ഥയില്‍ മുന്‍വര്‍ഷത്തേക്കാള്‍ പുരോഗതി ഉണ്ടായിട്ടില്ല. ശതകോടീശ്വരികള്‍ പട്ടികയുടെ 15 ശതമാനമാണ് കൈയേറിയത്. ഇവരില്‍ 184 പേര്‍ സ്വപ്രയത്‌നത്താല്‍ എത്തിയവരാണ്. മുന്‍വര്‍ഷം ഇവരുടെ എണ്ണം 152 ആയിരുന്നു. ചൈനയിലെ ശതകോടീശ്വരികള്‍ പട്ടികയിലെ 78 ശതമാനം കൈവരിച്ചിരിക്കുന്നു. 48 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി വോള്‍മാര്‍ട്ടിന്റെ ആലീസ് വോള്‍ട്ടണ്‍ ശതകോടീശ്വരിമാരുടെ മുന്‍നിരയിലെത്തി. 10 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യമുള്ള ഴൗ ക്വിന്‍ഫീയാണ് സ്വപ്രയത്‌നത്താല്‍ ഈ നിരയില്‍ സ്ഥാനം നേടിയ സ്ത്രീ. ചൈനീസ് വനിതകള്‍ ലോകത്തിലെ ഏറ്റവും വിജയം വരിച്ച സ്ത്രീകളുടെ എണ്ണത്തില്‍ പ്രാമുഖ്യം വഹിക്കുന്നു.

പട്ടികയില്‍ ആദ്യ പത്തില്‍ ഏഴു പേരും യുഎസ് പൗരന്മാരാണ്. 51 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുമായി വോറന്‍ ബഫെറ്റും 21 ബില്യണ്‍ ഡോളറുമായി മാര്‍ക്ക് സുക്കര്‍ബെര്‍ഗും മുന്നേറ്റത്തിനു ചുമതല വഹിക്കുന്നു. ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ് ആദ്യമായി ഹുറണ്‍ പട്ടികയിലെ ആദ്യപത്തില്‍ സ്ഥാനം നേടി. പ്രമുഖ ആഡംബര ഉല്‍പ്പന്ന ബ്രാന്‍ഡ് എല്‍വിഎംഎച്ചിന്റെ ചെയര്‍മാന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് പട്ടികയിലെ ആദ്യപത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

ജെഫ് ബെസോസ് (54)

ആമസോണിന്റെ ഓഹരിവില 70 ശതമാനം വാര്‍ഷികവളര്‍ച്ച നേടിയതോടെയാണ് ജെഫ് ബെസോസ് ആദ്യമായി ഹുറണ്‍ ശതകോടീശ്വരപട്ടികയുടെ നെറുകയിലെത്തിയത്. ആറു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനത്തെത്തിയ ബെസോസ്, കാര്‍ലോസ് സ്ലിമ്മിനും ബില്‍ഗേറ്റ്‌സിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമനാണ്. രണ്ടു വര്‍ഷം മുമ്പു മാത്രം ഹുറണ്‍ പട്ടികയുടെ ആദ്യപത്തില്‍ സ്ഥാനം നേടിയ ബെസോസ്, കഴിഞ്ഞവര്‍ഷം ആമസോണിനു ലഭിച്ച 177ബില്യണ്‍ ഡോളറിന്റെ വരുമാനത്തിന്റെയും മൂന്നു ബില്യണ്‍ അറ്റാദായത്തിന്റെയും ബലത്തിലാണ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. അമേരിക്കയിലേക്ക് കുടിയേറിയ ആയിരത്തോളം അഭയാര്‍ത്ഥികളെ സഹായിക്കാന്‍ 33 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നും ബെസോസ് പ്രഖ്യാപിക്കുകയുണ്ടായി.

വോറന്‍ ബഫെറ്റ് (87)

ആസ്തിയില്‍ 31 ശതമാനം വര്‍ധിപ്പിച്ചുകൊണ്ടാണ് വോറന്‍ബഫെറ്റ് രണ്ടാം സ്ഥാനത്തു തുടരുന്നത്. 100 ബില്യണ്‍ ഡോളര്‍ എന്ന കടമ്പ തകര്‍ത്ത് മുന്നേറാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബെര്‍ക്ക്‌ഷൈര്‍ ഹാത്തവേ, ടെവ ഫാര്‍മസ്യൂട്ടിക്കല്‍സ് ജനറല്‍ മോട്ടോഴ്‌സ്, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലണ്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് അദ്ദേഹത്തെ ഈ നിലയിലേക്ക് ഉയര്‍ത്തിയത്. തന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ സഹായിച്ചത് അമേരിക്കയിലെ നികുതി നിയമമാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വാര്‍ത്താപാധ്യാന്യം നേടിയിരുന്നു.

ബില്‍ഗേറ്റ്‌സ് (62)

ഈ വര്‍ഷം പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു താഴ്ന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, കഴിഞ്ഞ വര്‍ഷം കമ്പനിയുടെ 4.6 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ തന്റെ ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്തിരുന്നു. 2000-നു ശേഷം അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവനയാണിത്. ഇത് അദ്ദേഹത്തിന്റെ കമ്പനി വിഹിതത്തില്‍ കുറവുണ്ടാക്കി. 1996-ല്‍ 24 ശതമാനമുണ്ടായിരുന്ന വിഹിതം ഇന്ന് 1.3 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. എന്നിട്ടും അദ്ദേഹം ലിസ്റ്റില്‍ മൂന്നാമതെത്തിയെങ്കില്‍ അതിനു കാരണം അദ്ദേഹത്തിന്റെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയുടെ മികവാണ്. ക്രൗണ്‍ കാസില്‍, യുപിെസ്, ഫെംസാ തുടങ്ങിയവയിലെ നിക്ഷേപമാണ് അദ്ദേഹത്തെ രക്ഷിച്ചത്.

മാര്‍ക്ക് സുക്കര്‍ബെര്‍ഗ് (33)

പട്ടികയിലെ നാലാംസ്ഥാനക്കാരനായ ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 79 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വിദ്യാഭ്യാസം, ഭവനപദ്ധതി, ശാസ്ത്രം, നീതിന്യായം തുടങ്ങിയ മേഖലകള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ചാന്‍ സുക്കര്‍ബെര്‍ഗ് ഫൗണ്ടേഷനിലൂടെ 1.9 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട്.

 

 

ബെര്‍ണാഡ് അര്‍നോള്‍ട്ട് (68)

ആസ്തി ഇരട്ടിയാക്കിക്കൊണ്ടാണ് ബെര്‍ണാഡ് അര്‍നോള്‍ട്ട് പട്ടികയില്‍ എത്തിയത്. ക്രിസ്ത്യന്‍ ഡിയറിന്റെ ഏറ്റെടുക്കലോടെ എല്‍വിഎംഎച്ചിന്റെ മൂല്യം ഉയര്‍ന്നതാണ് ആസ്തി വര്‍ധിക്കാന്‍ കാരണം. അര്‍നോള്‍ട്ടിന്റെ എല്‍വിഎംഎച്ചിലെ ഓഹരികളുടെ മൂല്യം 36 ശതമാനത്തില്‍ നിന്ന് 46 ശതമാനത്തോളമാണ് ഉയര്‍ന്നത്.

 

 

അമോന്‍ഷിയൊ ഒര്‍ട്ടേഗ (81)

73 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഒര്‍ട്ടേഗയെ പട്ടികയില്‍ ആറാമതെത്തിച്ചതെങ്കില്‍ മകള്‍ സാന്‍ഡ്ര (48) 6.3 ബില്യണ്‍ ഡോളറുമായി 313മതായി കടന്നു കൂടിയിട്ടുണ്ട്. ആറു ശതമാനം വളര്‍ച്ചയാണ് അമോന്‍ഷിയോയുടെ സമ്പത്തില്‍ രേഖപ്പെടുത്തിയത്. കാന്‍സറിനെതിരേയുള്ള പോരാട്ടത്തിനായി കഴിഞ്ഞ വര്‍ഷം അദ്ദേഹം 320 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി.

 

 

കാര്‍ലോസ് സ്ലിം ഹേലു (78)

ഏഴാം സ്ഥാനം വഹിക്കുന്ന കാര്‍ലോസ് സ്ലിമ്മിന്റെ സമ്പത്ത് 46 ശതമാനം വര്‍ധിച്ച് 67 ബില്യണ്‍ ഡോളറായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മെക്‌സിക്കന്‍ സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചതിന്റെ പേരില്‍ അദ്ദേഹം വാര്‍ത്താമാധ്യമങ്ങളില്‍ തലക്കെട്ട് സൃഷ്ടിക്കുകയും ചെയ്തു.

 

 

ലാറി എല്ലിസണ്‍ (73)

കംപ്യൂട്ടര്‍ സ്ഥാപനം ഒറാക്കിള്‍ സമ്പത്തില്‍ 13 ശതമാനം വര്‍ധനവുണ്ടാക്കിയെങ്കിലും പട്ടികയില്‍ എട്ടാമതായിപ്പോയി. 54 ബില്യണ്‍ ഡോളറാണ് അവരുടെ സമ്പാദ്യം. ആമസോണിന്റെ ക്ലൗഡ് ബിസിനസിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള എല്ലിസന്റെ ശ്രമം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

 

 

 

ലാറി പേജ് (44)

പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിക്കാന്‍ സമ്പത്തില്‍ 35 ശതമാനം വര്‍ധനയോടെ 50 ബില്യണ്‍ ഡോളറിലെത്തിയ ഗൂഗിളിന്റെ ലാറി പേജിനായി. സംവിധായകന്‍ ജെയിംസ് കാമറൂണുമായി ചേര്‍ന്ന് ഛിന്നഗ്രഹങ്ങളില്‍ ശ്രദ്ധ കേന്ദ്രീകതരിക്കാന്‍ പോകുകയാമെന്നാണ് റിപ്പോര്‍ട്ട്. 2022-ല്‍ പറക്കും കാര്‍ വിപണിയിലെത്തിക്കുമെന്നും പേജ് അറിയിക്കുന്നു.

 

 

മൈക്കിള്‍ ബ്ലൂംബെര്‍ഗ് (76)

ന്യൂയോര്‍ക്കിന്റെ മുന്‍ മേയര്‍ മൈക്കിള്‍ ബ്ലൂംബെര്‍ഗിന്റെ ആസ്തിയില്‍ 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 49 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. തോക്കുകള്‍ക്ക് നിയന്ത്രണ മേര്‍പ്പെടുത്താന്‍ വേണ്ടി ശക്തമായി രംഗത്തുള്ള അദ്ദേഹം ഏഴര ലക്ഷം ഡോളറാണ് 24 മണിക്കൂറിനുള്ളില്‍ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടത്തിയ പരിപാടിയിലൂടെ സംഭാവനയായി നേടിയത്.

 

Comments

comments