യുഎസിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കല്‍ ഡബ്ല്യുടിഒ ചട്ടത്തിന് ഭീഷണിയെന്ന് വിദഗ്ധര്‍

യുഎസിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കല്‍ ഡബ്ല്യുടിഒ ചട്ടത്തിന് ഭീഷണിയെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: ഇറക്കുമതി ഉല്‍പ്പന്നങ്ങളില്‍ പുതിയ തരം നികുതി സമ്പ്രദായം നടപ്പാക്കാനുള്ള യുഎസിന്റെ തീരുമാനം ആഗോള വ്യാപാര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യാപാര വിദഗ്ധര്‍. വികസിത രാജ്യങ്ങള്‍ക്ക് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് പ്രത്യേക പരിഗണന നല്‍കുന്നതാണ് ഈ രീതിയെന്നും ആഗോള വ്യാപാര മാനദണ്ഡങ്ങളെ ലംഘിക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.

ഓരോ രാജ്യവും തങ്ങളില്‍ നിന്ന് ഈടാക്കുന്നതിന് തുല്യമായ നികുതി അവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തങ്ങളും ഈടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 800 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി നിലനിര്‍ത്താന്‍ മറ്റു വഴികളില്ലെന്നും യുഎസ് അധികൃതര്‍ അറിയിക്കുന്നു. ഇതിലൂടെ യുഎസ് പോലുള്ള വികസിത രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന വാണിജ്യ ഇളവുകള്‍ നല്‍കുന്നതിന് വികസ്വര രാജ്യങ്ങളില്‍ സമ്മര്‍ദമുണ്ടാകുമെന്നാണ് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. വികസിത-വികസ്വര രാജ്യങ്ങള്‍ തമ്മില്‍ സുഗമമായ വ്യാപാരം നടപ്പാക്കാനുള്ള ലോക വ്യപാര സംഘടനയുടെ ആശയത്തിന് വിരുദ്ധമായ നീക്കമാണിത്.

ലോകവ്യാപാര സംഘടനയുടെ മാനദണ്ഡമനുസരിച്ച് വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ ഉയര്‍ന്ന വ്യാപാര ഇളവുകള്‍ നല്‍കുമ്പോള്‍ സമാനമായ ഇളവ് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ പാടില്ല. എന്നാല്‍ ഉയര്‍ന്ന നികുതി നിരക്ക് ഭീഷണിയുയര്‍ത്തി ഇവയെ വെല്ലുവിളിക്കുകയാണ് ട്രംപ് ചെയ്യുന്നത്. ഹര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇറക്കുമതി തീരുവ 75 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി കുറച്ച ഇന്ത്യയുടെ നടപടി പര്യാപ്തമല്ലെന്ന് ഏതാനും ദിവസം മുന്‍പ് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് യുഎസ് നികുതി ഈടാക്കുന്നില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയും ഇറക്കുമതി ചുങ്കം നീക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കണക്കിലെടുത്താര്‍ യുഎസിന് ബൈക്കുകള്‍ക്ക് ചുമത്തുന്ന നികുതി (ബൗണ്ട് നിരക്ക്്) 1.4 ശതമാനത്തിനും 2.4 ശതമാനത്തിനും ഇടയിലാണ്. അതിനാല്‍ ലോക വ്യാപാര സംഘടനയുടെ എതിര്‍പ്പില്ലാതെ ഈ നിരക്കിനപ്പുറത്തേക്ക് നികുതി ഉയര്‍ത്താന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Business & Economy, World