2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി എച്ച്ഡിഎഫ്‌സി ബാങ്ക്

2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: ഓഹരി വില്‍പ്പനയിലൂടെ 2.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 15,000 കോടി രൂപ) നേടാന്‍ ലക്ഷ്യമിട്ട് സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്. തങ്ങളുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യ്ക്കായുള്ള കരട് പേപ്പറുകള്‍ എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (എച്ച്ഡിഎഫ്‌സി എഎംസി) ഉടന്‍ തന്നെ ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ഗണനാ അലോട്ട്‌മെന്റ്, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) എന്നിവ വഴി 24,000 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ ഡിസംബറില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പറഞ്ഞിരുന്നു. ഇതില്‍ ഏകദേശം 8500 കോടി രൂപ (മൂന്നിലൊന്ന് തുക) മാതൃകമ്പനിയായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡി(എച്ച്ഡിഎഫ്‌സി)ല്‍ നിന്ന് സമാഹരിക്കുമെന്നും ബാങ്ക് അറിയിച്ചിരുന്നു. മാര്‍ച്ച് മധ്യത്തോടെ ഫണ്ട് സമാഹരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ബാങ്ക് ആരംഭിക്കും. റെഗുലേറ്ററി അനുമതി ഈ ആഴ്ച തന്നെ ലഭിക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

അമേരിക്കന്‍ ഡെപോസിറ്ററി റെസിപ്റ്റുകള്‍/ ഓഹരികള്‍ (എഡിആര്‍/എഡിഎസ്) എന്നിവ വഴിയുള്ള വിദേശ ഫണ്ട് സമാഹരണം, ആഭ്യന്തര ക്യുഐപി എന്നിവ കൂട്ടിച്ചേര്‍ത്തായിരിക്കും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ധന സമാഹരണമെന്നാണ് ബാങ്കുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 2015 ഫെബ്രുവരിയില്‍ ക്യുഐപി, എഡിആര്‍ എന്നിവ വഴി 10,000 കോടി രൂപയുടെ ഫണ്ട് എച്ച്ഡിഎഫ്‌സി ബാങ്ക് സമാഹരിച്ചിരുന്നു. ഇതില്‍ 2000 കോടി രൂപ ആഭ്യന്തര ക്യുഐപി വഴിയും ബാക്കി തുക വിദേശ ഓഹരി വില്‍പ്പന വഴിയുമാണ് സമ്പാദിച്ചത്.
പൊതു- സ്വകാര്യ മേഖലകളിലെ ഇന്ത്യന്‍ ബാങ്കുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഫണ്ട് സമാഹരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണ്. ക്യുഐപി വഴി കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 15,000 കോടി രൂപ നേടിയിരുന്നു. കോട്ടക് മഹീന്ദ്ര ബാങ്ക് കഴിഞ്ഞ വര്‍ഷം 5,803 കോടി രൂപയുടെ ഫണ്ട് കരസ്ഥമാക്കിയിരുന്നു.

എച്ച്ഡിഎഫ്‌സിയുടെയും സ്റ്റാന്‍ഡേഡ് ലൈഫ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ എച്ച്ഡിഎഫ്‌സി എഎംസിയുടെ ഐപിഒയും ഉടന്‍ തന്നെയുണ്ടാകും. ഐപിഒയില്‍ രണ്ട് പങ്കാളികളും ചേര്‍ന്ന് 550-600 മില്യണ്‍ ഡോളറിന്റെ ഓഹരി വില്‍ക്കും. എച്ച്ഡിഎഫ്‌സി എഎംസിയിലെ തങ്ങളുടെ ഓഹരിപങ്കാളിത്തം യഥാക്രമം 50.01 ശതമാനം, 24.99 ശതമാനം എന്നിങ്ങനെ കുറയ്ക്കുമെന്ന് കഴിഞ്ഞ നവംബറില്‍ എച്ച്ഡിഎഫ്‌സിയും സ്റ്റാന്‍ഡേഡ് ലൈഫും പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് എച്ച്ഡിഎഫ്‌സിക്ക് 57.36 ശതമാനവും സ്റ്റാന്‍ഡേഡ് ലൈഫിന് 38.24 ശതമാനവും ഓഹരിപങ്കാളിത്തമാണ് കമ്പനിയുള്ളത്. ഐപിഒയിലേക്ക് കടക്കുന്ന രണ്ടാമത്തെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് എച്ച്ഡിഎഫ്‌സി എഎംസി. കഴിഞ്ഞ ഒക്‌റ്റോബറില്‍ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ഐപിഒ നടത്തിയിരുന്നു.

Comments

comments