ന്യൂഡെല്‍ഹി: മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തെ ബിസിനസ് രംഗത്ത് മാര്‍ഗദര്‍ശികളായി കണക്കാക്കാവുന്ന 25 വനിതകളുടെ പട്ടികയുമായി ഫോബ്സ് ഇന്ത്യ. ജുഗ്ഗര്നൗട്ട് ബുക്സ് പ്രസാധക ചികി സര്‍കാര്‍, ബിബ്ലന്റ് സ്ഥാപകയും ഡയറക്റ്ററുമായ അധുന ഭബാനി, പബ്ലിസിസ് മീഡിയ ഇന്ത്യ സിഇഒ അനുപ്രിയ ആചാര്യ, എഫ്ഐബി-എസ്ഒഎല്‍ ലൈഫ് ടെക്നോളജീസ് സഹസ്ഥാപക കവിത സായ്റാം, ജെ സാഗര്‍ അസോസിയേറ്റ്സ് ജോയ്ന്റ് മാനേജിഗ് പാര്‍ട്ണര്‍മാരായ ദിന വാദിയ, ശിവ്പ്രിയ നന്ദ എന്നിവരടക്കമുള്ളവര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
‘ഇത് റാങ്കിംഗ് അല്ല.പക്ഷേ ഗുണാത്മകമായ ഒരു തെരഞ്ഞെടുപ്പാണ്. ടെക്നോളജി, നിയമം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മീഡിയ, ബയോടെക്, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും പുതുവഴികള്‍ തുറക്കുകയും ചെയ്തവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്’, ഫോബ്സ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം കമ്പനി ബോര്‍ഡുകളില്‍ വനിതകളുടെ അഭാവും ഫോബ്സ് ഇന്ത്യ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ഫോബ്സ് പ്രസദ്ധീകരിച്ച വനിതാ പട്ടികയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്. ബിസിനസിലെ വനിതാ മേധാവികളെ തെരഞ്ഞെടുക്കുന്നതിന് ഉപയോഗിച്ച ഘടകങ്ങള്‍ മൂലം ഇത്തവണത്തെ പതിപ്പ് സവിശേഷമായ ഒന്നാണെന്ന് ഫോബ്സ് ഇന്ത്യ കൂട്ടിച്ചേര്‍ത്തു. ജൂറി വോട്ടിനെ അടിസ്ഥാനമാക്കിയാണ് 25 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്.