സിഎസ്ആറിനായി കമ്പനികള്‍ ചെലവിട്ടത് 9,034 കോടി രൂപ

സിഎസ്ആറിനായി കമ്പനികള്‍ ചെലവിട്ടത് 9,034  കോടി രൂപ

ന്യൂഡെല്‍ഹി: 2016-17ല്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റിക്കായി 1,019 ലിസ്റ്റഡ് ഇന്ത്യന്‍ കമ്പനികള്‍ ചെലവഴിച്ചത് 9,034 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, പരിസ്ഥിതി സംരക്ഷണം, ചേരി വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവിടല്‍ വര്‍ധിച്ചു. കമ്പനീസ് ആക്റ്റ് പ്രകാരം, 500 കോടി ആസ്തി അല്ലെങ്കില്‍ 1000 കോടി രൂപ വിറ്റുവരവ് അതുമല്ലെങ്കില്‍ 5 കോടി രൂപ അറ്റാദായമുള്ള കമ്പനികള്‍ തങ്ങളുടെ മൂന്ന് വര്‍ഷത്തെ അറ്റ ലാഭത്തിന്റെ ഏകദേശം 2 ശതമാനം സിഎസ്ആറിനായി ചെലവഴിക്കണം.

ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യ സംരക്ഷണം, ശുചിത്വം എന്നിവയ്ക്കായി കമ്പനികള്‍ 2016-17ല്‍ ചെലവഴിച്ച തുകയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 549 കോടി രൂപയുടെ ഇടിവാണുണ്ടായത്. 2015-16ല്‍ 2,944 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് 2,394 കോടി രൂപ മാത്രമാണ് 2016-17ല്‍ ഇന്ത്യന്‍ കമ്പനികള്‍ ഈ മേഖലകള്‍ക്കായി ചെലവിട്ടത്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 18.6 ശതമാനം കുറവാണിത്.

ഇന്ത്യന്‍ കമ്പനികള്‍ ചെലവിട്ട സിഎസ്ആറിന്റെ 37 ശതമാനവും പോയത് വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം എന്നിവയിലേക്കാണ്. 2016 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലകളിലെ സിഎസ്ആറിനായി കമ്പനികള്‍ ചെലവഴിച്ചത് 2793 കോടി രൂപയായിരുന്നു. എന്നാല്‍ 2017 സാമ്പത്തിക വര്‍ഷത്തില്‍ ഈ ചെലവിടല്‍ 591 കോടി രൂപ ഉയര്‍ന്ന് 3,384 കോടി രൂപയായി.

സായുധ സേനാംഗങ്ങള്‍, സൈനികരുടെ വിധവമാര്‍ തുടങ്ങിയവര്‍ക്കായുള്ള ചെലവിടലില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2015-16ല്‍ 24.5 കോടി രൂപ ചെലവാക്കിയിടത്ത് 2016-17ല്‍ 73 കോടി രൂപയാണ് ഈ വിഭാഗത്തിലെ സിഎസ്ആര്‍ രേഖപ്പെടുത്തിയത്.

രാജ്യത്തിന് വേണ്ടിജീവന്‍ വെടിയുന്ന സൈനികരുടെ വിധവമാര്‍ക്കും കുടുംബത്തിനുമുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കുന്നതിന് 2016ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് സിഎസ്ആര്‍ ചെലവിടലിലും കമ്പനികള്‍ വര്‍ധനവ് വരുത്തിയത്. സാമൂഹിക വികസനം, ഇന്‍ഫ്രാസ്ട്രക്ചര്‍, സാമൂഹിക ക്ഷേമം, കായിക രംഗം തുടങ്ങിയവയിലും സിഎസ്ആര്‍ ചെലവിടലുകള്‍ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Comments

comments

Categories: Business & Economy