ഉഡാനൊപ്പം ചിറകടിച്ചുയര്‍ന്ന് വ്യോമയാന മേഖല

ഉഡാനൊപ്പം ചിറകടിച്ചുയര്‍ന്ന് വ്യോമയാന മേഖല

മുംബൈ: പ്രാദേശിക വിമാന യാത്ര പദ്ധതിയായ ഉഡാന്റെ ചിറകിലേറി രാജ്യത്തെ വ്യോമയാന രംഗം അതിദ്രുതം വികസനത്തിലേക്ക് കുതിക്കുന്നു. വിദൂര പ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലുമായി 18 വിമാനത്താവളങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോ അതിലധികമോ വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമിടാന്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ( എഎഐ) നീക്കമിടുന്നുണ്ട്.

മാര്‍ച്ച് അവസാനത്തോടെ ജലന്ധറിലെ അദംപൂര്‍, തമിഴ്‌നാട്ടിലെ സേലം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ശ്രമം- എഎഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റ് പന്ത്രണ്ട് വിമാനത്താവളങ്ങള്‍ ബിഡുകള്‍ക്കായി തയാറെടുക്കുന്നു. അവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലാണ്. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം സമയമെടുക്കും. അതേസമയം, ഉഡാനു കീഴിലെ ചില യാത്ര ശൃംഖലകളുടെ ഭാവിയെപ്പറ്റി ഈ രംഗത്തുള്ളവര്‍ സംശയാലുക്കളാണ്. സേവനം തുടങ്ങുന്നതിന് മുന്‍പ് അവയില്‍ ചിലതിന്റെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു.

ഉഡാന്‍ പദ്ധതിക്കു കീഴില്‍, വിമാനസര്‍വീസുകള്‍ ലഭ്യമല്ലാത്ത അല്ലെങ്കില്‍ ഏറ്റവും കുറവുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വിമാനത്താവളങ്ങള്‍ പണിയുകയും ഈ പ്രദേശങ്ങളില്‍ സേവനം നല്‍കുന്ന എയര്‍ലൈനുകള്‍ക്ക് ആനുകൂല്യങ്ങളും നല്‍കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി നിരവധി വിമാനത്താവളങ്ങള്‍ ഇതിനകം നിര്‍മിക്കപ്പെട്ടുകഴിഞ്ഞു.

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലെ മുന്ദ്ര വിമാനത്താവളം, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളം, മഹാരാഷ്ട്രയിലെ ജല്‍ഗോണ്‍, പഞ്ചാബിലെ ഭട്ടിന്‍ഡ, ആന്ധ്ര പ്രദേശിലെ കഡപ്പ, കര്‍ണാടകയിലെ വിജയനഗര്‍ എന്നിവിടങ്ങളില്‍ വാണിജ്യവിമാന സര്‍വീസുകല്‍ ആരംഭിക്കുകയോ വനം യാത്രക്കായി തയാറാവുകയോ ചെയ്തവയാണ്. രാജ്യത്തെ മുന്‍നിര സ്വാകര്യ കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാനത്താവളമാണ് ഏറ്റവും അവസാനം നിര്‍മിക്കപ്പെട്ടത്.

പശ്ചിമ ബംഗാളിലെ ബേണ്‍പൂര്‍, മഹാരാഷ്ട്രയിലെ ഷോലാപൂര്‍, ഒഡീഷയിലെ ജെയ്‌പോര്‍, ഉത്‌ക്കെല എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ജെറ്റ് എയര്‍വേസ് എന്നിവയ്ക്ക് ഉഡാന്‍ പദ്ധതി പ്രകാരം സര്‍വസുകള്‍ അനുമതി നല്‍കിയിരുന്നു.

Comments

comments

Categories: Business & Economy