സ്വാതന്ത്രം സ്വപ്‌നം കണ്ട വിപ്ലവകാരി

സ്വാതന്ത്രം സ്വപ്‌നം കണ്ട വിപ്ലവകാരി

ദേശസ്‌നേഹികളായ ഒരു കൂട്ടം ധീരയോദ്ധാക്കള്‍ കണ്ട സ്വപ്‌നമാണ് ഇന്നു കാണുന്ന സ്വതന്ത്രയായ ഭാരതം. ആ സ്വപനം സാക്ഷാത്കരിക്കുന്നതിനായി തങ്ങളാലാവുന്ന വിധത്തില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നില്ലയെങ്കില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കാല്‍ക്കീഴില്‍ തന്നെയായേനെ ഇന്നും ഇന്ത്യ. ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷുകാരോട് പടപൊരുതിയവരില്‍ വിസ്മരിക്കാനാകാത്ത നിരവധി വിപ്ലവകാരികളുടെ പേരുകളുണ്ട്. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയമായ ഏടായ കാക്കോരി തീവണ്ടി കവര്‍ച്ചയിലെ പ്രധാനി രാം പ്രസാദ് ബിസ്മിലിനെ ഒരു ഭാരതീയനും മറക്കാന്‍ സാധിക്കില്ല.

പ്രതിഭാധനനായിരുന്ന ഒരു കവിയും തികഞ്ഞ ദേശസ്‌നേഹിയുമായ അദ്ദേഹം ഭാരതത്തിന്റെ സ്വാതന്ത്ര പ്രാപ്തിക്കായി മറ്റു പോരാളികള്‍ക്കൊപ്പം അണിചേര്‍ന്നു. അഷ്ഫഖുള്ള ഖാന്‍, ചന്ദ്രശേഖര്‍ ആസാദ്, ഭഗവതി ചരണ്‍, രാജ്ഗുരു തുടങ്ങിയ പ്രമുഖരും മറ്റു കൂട്ടാളികളുമായി ചേര്‍ന്ന് ബിസ്മില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരേ പല പ്രതിഷേധ, പ്രതിരോധ പരിപാടികളും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യുക, വിപ്ലവകാരികള്‍ക്ക് അഭയം നല്‍കുക, കൈ ബോംബുകള്‍ ഉണ്ടാക്കുക എന്നു തുടങ്ങി സ്വാതന്ത്ര്യം എന്ന പരമലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബിസ്മിലും കൂട്ടരും ബ്രിട്ടീഷ് സര്‍ക്കാരിനെ നിരന്തരം അലട്ടിയിരുന്ന ഒരു തലവേദനതന്നെയായിരുന്നു.

ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ ശ്രദ്ധേയമായവ കാക്കോരി തീവണ്ടി കവര്‍ച്ചയും പഞ്ചാബ് നിയമസഭയുടെ നേര്‍ക്ക് നടത്തിയ ബോംബാക്രമണവുമാണ്. വിപ്ലവസംഘടനയായ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്റെ സ്ഥാപകാംഗം കൂടിയായിരുന്നു അദ്ദേഹം. ഉത്തത്തര്‍ പ്രദേശിലെ ലഖ്‌നൗവിന് സമീപം കകോരിയില്‍ തീവണ്ടിയില്‍ കൊണ്ടുവന്ന ഗവണ്‍മെന്റ് ട്രഷറി കൊള്ളയടിക്കാന്‍ ശ്രമിച്ച ബിസ്മിലിനെ 18 മാസത്തെ നിയമനടപടി ക്രമങ്ങള്‍ക്കു ശേഷം 1927 ഡിസംബര്‍ 19ന് ഖൊരക്പൂര്‍ ജയിലില്‍ വച്ച് തൂക്കിലേറ്റുകയായിരുന്നു.

Comments

comments

Categories: Life, More