സ്റ്റീല്‍, അലൂമിനിയം ഇറക്കുമതി തീരുവ വര്‍ധന യുഎസിന് തിരിച്ചടിയാകുമെന്ന് ഐഎംഎഫും ലോകബാങ്കും

സ്റ്റീല്‍, അലൂമിനിയം ഇറക്കുമതി തീരുവ വര്‍ധന യുഎസിന് തിരിച്ചടിയാകുമെന്ന് ഐഎംഎഫും ലോകബാങ്കും

വാഷിംഗ്ടണ്‍: സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് അന്താരാഷ്ട്ര നാണയ നിധിയും നിരവധി രാജ്യങ്ങളും രംഗത്തെത്തി. മറ്റ് രാജ്യങ്ങളെ പോലെ തന്നെ യുഎസിനെയും തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. അമേരിക്കയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് പത്ത് ശതമാനവും തീരുവയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്.

ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കടുത്ത വ്യാപാര നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് അവകാശപ്പെട്ട് മറ്റ് രാഷ്ട്രങ്ങളും ട്രംപിന്റെ രീതി പിന്തുടരുമെന്നും ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യപാര സഹകരണത്തില്‍ വിള്ളലുണ്ടാക്കുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി. അമേരിക്കയിലേക്ക്
ഏറ്റവുമധികം സ്റ്റീല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് കാനഡ. ഇറക്കുമതി നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുപോകുകയാണെങ്കില്‍ നീക്കം പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കാനഡ വ്യക്തമാക്കിയിരിക്കുന്നു. യുഎസില്‍ നിന്നുള്ള 3.5 ബില്യണ്‍ ഡോളര്‍ ഇറക്കുമതിക്ക് 25 ശതമാനം നികുതി കുറയ്ക്കുന്ന കാര്യം യൂറോപ്യന്‍ യൂണിയനും പരിഗണിക്കുന്നതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളും ഇത്തരം വാണിജ്യപരമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

ലോക വ്യാപാര സംഘടനയും ട്രംപിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി. വ്യാപാര യുദ്ധങ്ങള്‍ നല്ലതാണെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടെന്നും എന്നാല്‍ ഒരു വ്യാപാര യുദ്ധത്തിന് ആര്‍ക്കും താല്‍പ്പര്യമില്ലെന്നും ലോക വ്യാപാര സംഘടനാ (ഡബ്ല്യുടിഒ) ഡയറക്റ്റര്‍ ജനറല്‍ റോബെര്‍ട്ടോ അസെവെദോ പറഞ്ഞു.

ട്രംപിന്റെ നീക്കത്തെ പ്രതിരോധിച്ച് സഖ്യകക്ഷിയായ ഓസ്‌ട്രേലിയയും യൂറോപ്യന്‍ യൂണിയനും ചൈനയും രംഗത്ത് വന്നിട്ടുണ്ട്. വ്യാപാര യുദ്ധം ആഗോള സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ വാണിജ്യ മന്ത്രി സ്റ്റീവ് സിയോബോ വ്യക്തമാക്കി. ട്രംപിന്റെ തീരുമാനം മറ്റ് സമ്പദ്‌വ്യവസ്ഥകളെയും ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പ്രേരിപ്പിച്ചേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടപ്പിച്ചു. യുഎസ് പ്രതിനിധി വില്‍ബര്‍ റോസുമായി ഇക്കാര്യത്തില്‍ സിയോബോ ചര്‍ച്ച നടത്തിയിരുന്നു. ഉറപ്പുകളൊന്നും ലഭിക്കാത്തത്് അമേരിക്കയുടെ സഖ്യകക്ഷി കൂടിയായ ഓസ്‌ട്രേലിയയെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.

തീരുവ ഏര്‍പ്പെടുത്താനുള്ള നീകത്തില്‍ നിന്നും ഒരു രാജ്യത്തെയും ഒഴിച്ചുനിര്‍ത്തില്ലെന്നാണ് യുഎസ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ സാധ്യമായ ഇളവുകള്‍ അനുവദിക്കുന്നത് സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുമെന്നും യുഎസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy