ശ്രീലങ്കന്‍ ചായ കമ്പനി ഗള്‍ഫ് മേഖലയില്‍ ഭാഗ്യം പരീക്ഷിക്കുന്നു

ശ്രീലങ്കന്‍ ചായ കമ്പനി ഗള്‍ഫ് മേഖലയില്‍ ഭാഗ്യം പരീക്ഷിക്കുന്നു

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ടീ ബ്രാന്‍ഡുകളിലൊന്നായ ദില്‍മ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു. 2018 അവാസനത്തോട് കൂടി ഗള്‍ഫ് മേഖലയില്‍ നിന്നുള്ള കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധന വരുത്തുകയാണ് ലക്ഷ്യം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, പ്രാദേശിക വിമാന കമ്പനികള്‍ എന്നിവയുമായുള്ള സഹകരണത്തിലൂടെയും എക്‌സ്‌ക്ലൂസിവ് ടി ലോഞ്ചുകള്‍ തുടങ്ങിയും വില്‍പ്പന കൂട്ടാനാണ് കമ്പനി ശ്രമിക്കുക.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ദില്‍മയും ഗ്രൂപ്പ് കമ്പനികളും മികച്ച വില്‍പ്പനയാണ് നടത്തിവരുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 66 മില്ല്യണ്‍ ഡോളര്‍ പ്രതിവര്‍ഷ വില്‍പ്പനയാണ് ശരാശരി നടക്കുന്നത്. ഓരോ വര്‍ഷവും 15 ദശലക്ഷം ചായയാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. 50,000 ഏക്കറിലാണ് കമ്പനിയുടെ ടീ പ്ലാന്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അവിടങ്ങളിലെല്ലാമായി ജോലി ചെയ്യുന്നതാകാട്ടെ 200,000 ജീവനക്കാരും. പ്ലാന്റേഷനുകളില്‍ നല്ലൊരു ശതമാനത്തിന്റെ ഉടമസ്ഥാവകാശം കൈയാളുന്നതും കമ്പനി ഒറ്റയ്ക്കാണ്.

നിലവില്‍ ഗള്‍ഫ് മേഖലയിലെ പ്രധാന എയര്‍ലൈനുകളുമായി ദില്‍മ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എമിറേറ്റ്‌സ് എയര്‍ലൈനുമായുള്ള പങ്കാളിത്തം 25 വര്‍ഷം പിന്നിട്ടു. ഇതിന് പുറമെയാണ് മറ്റ് വിമാനകമ്പനികളെ കൂടി ലക്ഷ്യമിടുന്നത്. ദുബായില്‍ ദില്‍മ തുടങ്ങിയ ഹൈഎന്‍ഡ് ടീ ലോഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ മാതൃകയില്‍ ജിസിസിയിലെ മറ്റിടങ്ങളിലും ടീ കേന്ദ്രങ്ങള്‍ തുടങ്ങും.

ചായയെ സ്‌നേഹിക്കുന്ന നിരവധി പേരുണ്ട് ഗള്‍ഫ് മേഖലയില്‍. ഇവിടെ ജോലിക്കും മറ്റുമായി അന്യദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ചായ ഏറെ പ്രിയകരമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ വിപണി-ദില്‍മയുടെ സ്ഥാപകന്‍ ദില്‍ഹന്‍ സി ഫെര്‍ണാണ്ടോ പറഞ്ഞു.

ദുബായില്‍ നടക്കുന്ന ഗള്‍ഫുഡ് എക്‌സിബിഷനിലും സജീവ സാന്നിധ്യമായിരുന്നു ദില്‍മ. ദിനംപ്രതി ആറ് ദശലക്ഷത്തിലധികം കപ്പ് ടീയാണ് ദില്‍മ ഉല്‍പ്പാദിപ്പിക്കുന്നത്. ശ്രീലങ്കയിലെ പെളിയഗോഡ ആസ്ഥാനമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. എംജിഎഫ് ഗ്രൂപ്പാണ് ദില്‍മയുടെ മാതൃകമ്പനി.
ഗള്‍ഫ് മേഖലയിലെ വില്‍പ്പന വളര്‍ച്ചയില്‍ 15-20 ശതമാനം വര്‍ധനയാണ് ദില്‍മ പ്രതീക്ഷിക്കുന്നത്. നിലവിലെ വളര്‍ച്ചാനിരക്ക് 8 ശതമാനമാണ്.

Comments

comments

Categories: Arabia