ഹോണ്ട സിവിക് ഇന്ത്യയില്‍ തിരിച്ചെത്തുന്നു

ഹോണ്ട സിവിക് ഇന്ത്യയില്‍ തിരിച്ചെത്തുന്നു

ഇതാദ്യമായി ഡീസല്‍ എന്‍ജിന്‍ വേര്‍ഷനിലും ഹോണ്ട സിവിക് പുറത്തിറക്കും

ന്യൂഡെല്‍ഹി : അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹോണ്ട സിവിക് ഇന്ത്യയില്‍ തിരിച്ചെത്തുന്നു. 2018 ഹോണ്ട സിവിക് ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ഇന്ത്യയില്‍ അരങ്ങേറിയേക്കും. ഇതാദ്യമായി ഡീസല്‍ എന്‍ജിന്‍ വേര്‍ഷനിലും ഹോണ്ട സിവിക് പുറത്തിറക്കും. കഴിഞ്ഞ മാസം നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ ഹോണ്ട സിവിക് പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയില്‍ വളരെയധികം ജനപ്രീതി നേടിയ സെഡാനാണ് ഹോണ്ട സിവിക് സെഡാന്‍. 2006 ലാണ് സിവിക് ഇന്ത്യയില്‍ പുറത്തിറക്കിയത്. എന്നാല്‍ 2013 ല്‍ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന ഹോണ്ട നിര്‍ത്തിവെച്ചു.

ഓട്ടോ എക്‌സ്‌പോയില്‍ 2018 ഹോണ്ട സിവിക് കൂടാതെ പുതു തലമുറ ഹോണ്ട അമേസ്, 2018 ഹോണ്ട സിആര്‍-വി എസ്‌യുവി എന്നിവ പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ മോഡലുകളുമായി ഇന്ത്യന്‍ വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആറ് പുതിയ കാറുകള്‍ പുറത്തിറക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. പുതു തലമുറ ഹോണ്ട അമേസ് ആയിരിക്കും ആദ്യം പുറത്തിറക്കുന്ന പുതിയ കാര്‍. തുടര്‍ന്ന് ഹോണ്ട സിവിക്, ഹോണ്ട സിആര്‍-വി എന്നിവ അവതരിപ്പിക്കും.

ആഗോളതലത്തില്‍ ഹാച്ച്ബാക്ക്, കൂപ്പെ, സെഡാന്‍ എന്നീ മൂന്ന് ബോഡി സ്‌റ്റൈലുകളിലാണ് സിവിക് എന്ന ബാഡ്ജ് ഹോണ്ട നല്‍കി വരുന്നത്. ഇന്ത്യയില്‍ ഹോണ്ട സിവിക്കിന്റെ സെഡാന്‍ വേര്‍ഷന്‍ മാത്രമായിരിക്കും പുറത്തിറക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍-നവംബറിലെ ഉത്സവ സീസണില്‍ 2018 ഹോണ്ട സിവിക് വിപണിയിലെത്തിക്കും. ലോ സ്റ്റാന്‍സ്, സ്‌പോര്‍ടി അപ്പീല്‍ എന്നിവയാണ് ഹോണ്ട സിവിക്കിനെ ഇത്രയധികം ജനപ്രിയമാക്കിയത്.

ഇന്ത്യയില്‍ ഹോണ്ട സിറ്റിക്കും ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് സെഡാനുമിടയിലായിരിക്കും സിവിക്കിന് സ്ഥാനം. സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായ് ഇലാന്‍ട്ര, ടൊയോട്ട കൊറോള ആള്‍ട്ടിസ് എന്നിവയാണ് എതിരാളികള്‍. പ്രീമിയം ഇന്റീരിയര്‍, തികച്ചും ആധുനികമായ കാബിന്‍ എന്നിവയാണ് ഹോണ്ട സിവിക്കിന്റെ കാബിന്‍ സംബന്ധിച്ച സവിശേഷതകള്‍.

പുതിയ സിവിക് ഇന്ത്യയിലായിരിക്കും അസംബിള്‍ ചെയ്യുന്നത്. 14-19 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില

1.8 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഐ-ഡിടിഇസി ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലായിരിക്കും കാര്‍ പുറത്തിറക്കുന്നത്. ഡീസല്‍ എന്‍ജിനില്‍ ഹോണ്ട സിവിക് വരുന്നത് ഇതാദ്യമായാണ്. മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭിക്കും. പുതിയ സിവിക് ഇന്ത്യയിലായിരിക്കും അസംബിള്‍ ചെയ്യുന്നത്. 14-19 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto