ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് താണ്ടി ഹോണ്ട

ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് താണ്ടി ഹോണ്ട

മൂന്നര കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : മൂന്നര കോടി (35 മില്യണ്‍) ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ (എച്ച്എംഎസ്‌ഐ) കുതിപ്പ് തുടരുന്നു. രാജസ്ഥാനിലെ തപുകര മാനുഫാക്ച്ചറിംഗ് പ്ലാന്റില്‍നിന്നാണ് 35 മില്യണ്‍ എന്ന എണ്ണം തികച്ച ഇരുചക്ര വാഹനം പുറത്തിറക്കിയത്. ആക്റ്റിവ 4ജി സ്‌കൂട്ടറാണ് പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചത്.

ഇന്ത്യയില്‍ ഇത്രയധികം ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്ന ആദ്യ വാഹന നിര്‍മ്മാതാക്കളാണ് ഈ ജാപ്പനീസ് കമ്പനി. കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രവര്‍ത്തിച്ചുവരുന്നു. 2001 ല്‍ ഹോണ്ട 2വീലേഴ്‌സ് ആദ്യം പുറത്തിറക്കിയ മോഡല്‍ ആക്റ്റിവ സ്‌കൂട്ടര്‍ തന്നെയായിരുന്നു. ഇന്ത്യയില്‍ മനേസര്‍, തപുകര, നര്‍സാപുര, വിത്തല്‍പുര്‍ എന്നിവിടങ്ങളിലായി നാല് മാനുഫാക്ച്ചറിംഗ് പ്ലാന്റുകളാണ് ഹോണ്ടയ്ക്കുള്ളത്. ഈ നാല് പ്ലാന്റുകളിലുമായാണ് മൂന്നര കോടി ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിച്ചത്. നര്‍സാപുര പ്ലാന്റിന് 18 ലക്ഷം യൂണിറ്റാണ് ഉല്‍പ്പാദനശേഷിയെങ്കില്‍ മറ്റ് മൂന്ന് പ്ലാന്റുകള്‍ക്കും 12 ലക്ഷം യൂണിറ്റാണ്.

തപുകര മാനുഫാക്ച്ചറിംഗ് പ്ലാന്റില്‍നിന്ന് 35 മില്യണ്‍ എന്ന എണ്ണം തികച്ച ഇരുചക്ര വാഹനം പുറത്തിറക്കി

എച്ച്എംഎസ്‌ഐയുടെ ആദ്യ മാനുഫാക്ച്ചറിംഗ് പ്ലാന്റായ ഹരിയാണയിലെ മനേസറിലാണ് 2001 ല്‍ ഉല്‍പ്പാദനം ആരംഭിച്ചത്. അതേ വര്‍ഷം ആക്റ്റിവ എന്ന ആദ്യ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. പതിനൊന്ന് വര്‍ഷത്തിനുശേഷം 2012 ലാണ് ഹോണ്ട 2വീലേഴ്‌സ് പത്ത് മില്യണ്‍ (ഒരു കോടി) എന്ന നാഴികക്കല്ല് പിന്നിട്ടത്. പിന്നീട് അഞ്ചര വര്‍ഷം മാത്രമെടുത്താണ് മൂന്നര കോടി ഇരുചക്ര വാഹനങ്ങള്‍ പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചത്. 2004 ല്‍ പുറത്തിറക്കിയ 150 സിസി സിബി യൂണികോണ്‍ ആയിരുന്നു ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ മോട്ടോര്‍സൈക്കിള്‍. നിലവില്‍ ഹോണ്ട 2വീലേഴ്‌സിന്റേതായി 24 മോഡലുകളാണ് വിപണിയിലുള്ളത്.

Comments

comments

Categories: Auto