സൗദിയില്‍ വന്‍പദ്ധതികളുമായി ആഗോള ബാങ്കുകള്‍

സൗദിയില്‍ വന്‍പദ്ധതികളുമായി ആഗോള ബാങ്കുകള്‍

റിയാദ്: ആഗോള ബാങ്കുകള്‍ സൗദിയില്‍ വമ്പന്‍ പദ്ധതികളുമായി കളം നിറയാന്‍ ഒരുങ്ങുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ബിസിനസുകാര്‍ ഉള്‍പ്പടെയുള്ള വമ്പന്‍മാര്‍ക്കെതിരെ സൗദി സര്‍ക്കാര്‍ നടപടിയെടുത്തത് അവരുടെ സാമ്പത്തിക പരിവര്‍ത്തന പ്രക്രിയയെ അട്ടിമറിക്കുമോ എന്ന സംശയം ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. എന്നാല്‍ അതിന് പ്രസക്തിയില്ലെന്ന് വിളിച്ചുപറഞ്ഞാണ് ആഗോള ബാങ്കുകളില്‍ സൗദിയുടെ വളര്‍ച്ചാ കുതിപ്പില്‍ പങ്കാളികളാകാന്‍ ഒരുങ്ങുന്നത്.

യുബിഎസ് ഗ്രൂപ്പ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ കൂടുതല്‍ പേരെ രാജ്യത്ത് റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. സിറ്റി ഗ്രൂപ്പിനുമുള്ളത് വലിയ പദ്ധതികളാണ്. ജര്‍മനിയിലെ പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനമായ ഡ്യൂഷെ ബാങ്കും സൗദിയില്‍ സജീവമാകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ പദ്ധതികള്‍ കണക്കിലെടുത്ത് ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്യൂഷെ ബാങ്ക് സൗദിയിലും യുഎഇയിലും കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്.

സൗദിയില്‍ ബാങ്ക് കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് ഡ്യൂഷെയുടെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ചുമതലയുള്ള ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജമാല്‍ അല്‍ കിഷി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സൗദിയിലെ ഓഹരി വിപണിയുടെ ചലനാത്മകതയില്‍ പ്രതീക്ഷയര്‍പ്പിച്ച് അവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് ഡ്യൂഷെയുടെ പദ്ധതി. 90 അംഗങ്ങളുടെ ഒരു ടീമിനെ തന്നെ ഇത് ലക്ഷ്യമിട്ട് ഡ്യൂഷെ വികസിപ്പിച്ചിട്ടുണ്ട്. സോവറിന്‍ ബോണ്ട് സെയ്ല്‍സ്, ഓഹരി വിപണിയിലെ കുതിപ്പ്, സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വളരെ പോസിറ്റീവായ പ്രതീക്ഷയാണ് സൗദിയില്‍ ഞങ്ങള്‍ക്കുള്ളത്-അല്‍ കിഷി പറഞ്ഞു.

അഴിമതി വിരുദ്ധ നടപടിയുടെ പേരില്‍ അറസ്റ്റിലായവര്‍ എല്ലാം തന്നെ ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടു കഴിഞ്ഞു. മാത്രമല്ല കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റേത് കുറച്ചു കൂടി തുറന്ന, ഉദാരവല്‍ക്കരണ സൗഹൃദ നയങ്ങള്‍ ആണെന്നത് ബാങ്കുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറി കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥയായി സൗദിയെ മാറ്റാനാണ് പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ആഗ്രഹിക്കുന്നത്. അതില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

വിദേശ നിക്ഷേപകര്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടില്ലാത്ത തരത്തിലായിരിക്കും സൗദിയുടെ പദ്ധതികളെന്നാണ് സൂചന. ഈ വിശ്വാസം വിദേശനിക്ഷേപകരിലുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. അതുകൊണ്ടുതന്നെ രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ഒഴുകാന്‍ വലിയ സാധ്യതയും വിപണി നിരീക്ഷകര്‍ കാണുന്നുണ്ട്. നേരത്തെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ശതകോടീശ്വരനായ സൗദി രാജകുമാരന്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാലിനെ അറസ്റ്റ് ചെയ്തത് പാശ്ചാത്യ ലോകത്തെയും സൗദിയിലെ ബിസിനസ് ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

സിറ്റി ഗ്രൂപ്പ്, ട്വിറ്റര്‍ പോലുള്ള വന്‍കിട സംരംഭങ്ങളില്‍ നിക്ഷേപമുള്ള സംരംഭകനാണ് പ്രിന്‍സ് അല്‍വലീദ്. അതുകൊണ്ടുതന്നെ സൗദിയുടെ നടപടി നിക്ഷേപകരില്‍ കടുത്ത ആശങ്ക വിതയ്ക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ കൂടുതല്‍ ഉദാരമായ നയങ്ങളാണ് പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ കൈക്കൊള്ളുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വനിതാ ശാക്തീകരണത്തിന്റെ കാര്യത്തിലും യുവാക്കള്‍ക്കായുള്ള പദ്ധതികളുടെ കാര്യത്തിലും സ്വകാര്യവല്‍ക്കരണത്തിന്റെ കാര്യത്തിലുമെല്ലാം അദ്ദേഹം അസാധാരണമായ മികവുറ്റ നടപടികളാണ് കൈക്കൊള്ളുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന.

 

Comments

comments