ഫീച്ചര്‍ ഫോണുകള്‍ മുന്നോട്ടു തന്നെ

ഫീച്ചര്‍ ഫോണുകള്‍ മുന്നോട്ടു തന്നെ

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണുകളുടെ വരവിലും ഫീച്ചര്‍ ഫോണുകളുടെ പ്രസക്തി നഷ്ടപ്പെടുന്നില്ലെന്ന് കണക്കുകള്‍. ഇന്ത്യന്‍ വിപണിയില്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന മുന്നോട്ടു തന്നെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു. നോക്കിയ ബ്രാന്‍ഡഡ് ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, വിപണിയിലെത്തിച്ച പുതിയ ഫീച്ചര്‍ ഫോണിന്റെ വര്‍ധിച്ച പ്രചാരം ഈ വാദഗതികള്‍ക്ക് ശക്തിപകരുന്നതാണ്.
അടുത്തിടെ ബാഴ്‌സലോണയില്‍ നടന്ന മൊബീല്‍ വോള്‍ഡ് കോണ്‍ഗ്രസില്‍ പ്രധാന ചര്‍ച്ചാ വിഷയമായത് നോക്കിയയുടെ 8110 ഫോണ്‍ സൃഷ്ടിച്ച ഗൃഹാതുരത്വമാണ്. പഴയ 1999 മോഡല്‍ ‘ബനാന ഫോണ്‍’ 8110 4ജി ഫോണായി നോക്കിയ പുനരവതരിപ്പിച്ചിരുന്നു. ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ സെര്‍ച്ച്, ജി-മെയ്ല്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പല ആപ്ലിക്കേഷനുകളും ഈ ഫോണില്‍ ആപ്പ് സ്റ്റോര്‍ വഴി ഉപയോഗപ്പെടുത്താന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം കമ്പനി പുറത്തിറക്കിയ ജനപ്രിയ 3310 മോഡലിന് ശേഷം നോക്കിയ നടത്തുന്ന രണ്ടാമത്തെ റീലോഞ്ചിംഗും ഇതു തന്നെ.

വിപണി ഗവേഷകരായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള മൊബീല്‍ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 37 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. ഇക്കാലയളവില്‍ ഫീച്ചര്‍ ഫോണുകള്‍ അമ്പരപ്പിക്കുന്ന വളര്‍ച്ച നേടിയെടുത്തു, 55 ശതമാനം. സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി കേവലം 12 ശതമാനത്തിന്റെ വളര്‍ച്ച നേടിയപ്പോള്‍ ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യയില്‍ വിസ്മയകരമായ തിരിച്ചുവരവാണ് നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.

ആഗോളതലത്തിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണി മോശം പ്രകടത്തിലേക്ക് വഴുതിവീഴുകയാണുണ്ടായത്. 2017 ന്റെ നാലാം പാദത്തില്‍ 408 മില്യണ്‍ യൂണിറ്റാണ് വിറ്റുപോയത്. 2016 ല്‍ വിറ്റഴിക്കപ്പെട്ടതിലും 5.6 ശതമാനം കുറവാണിതെന്ന് വിപണി ഗവേഷകരായ ഗാര്‍ട്ണര്‍ പറയുന്നു.
ദീര്‍ഘസമയ ബാറ്ററി ലഭ്യത, കുറഞ്ഞ ചെലവ് എന്നിവ രണ്ടാം നിര, മൂന്നാം നിര, ഗ്രാമീണ മേഖലകളില്‍ ഫീച്ചര്‍ഫോണുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 500 രൂപ മുതല്‍ 2000 രൂപ വരെയാണ് ഒട്ടുമിക്ക ഫീച്ചര്‍ ഫോണുകളുടേയും വില. ഒരു നഗര ഉപഭോക്താവിനെ സംബന്ധിച്ച് ദീര്‍ഘസമയം ബാറ്ററി ചാര്‍ജ് നില്‍ക്കുന്ന ഫീച്ചര്‍ ഫോണുകള്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം തന്നെ കയ്യില്‍ കരുതാവുന്ന ഒന്നായും ഡിജിറ്റല്‍ പരിഹാരങ്ങള്‍ക്കുള്ള ബദല്‍ ഫോണായും കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയിലെ ഫീച്ചര്‍ ഫോണ്‍ വിപണി ഗണ്യമായ വളര്‍ച്ച കൈവരിക്കുന്നുണ്ട്. 2017 ല്‍ ഫീച്ചര്‍ഫോണുകളുടെ മൊത്തത്തിലെ കയറ്റുമതി 64 ശതമാനമാണ്. 2016 ല്‍ ഇത് 58 ശതമാനമായിരുന്നു-കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ വിശകലന വിദഗ്ധന്‍ ശോഭിത് ശ്രീവാസ്തവ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം നിലവിലെ പാദത്തില്‍ വില്‍പ്പന കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy, Tech