അസര്‍ബയ്ജാനിലെ ബക്കുവിലേക്ക് ഇത്തിഹാദ് വിമാനം

അസര്‍ബയ്ജാനിലെ ബക്കുവിലേക്ക് ഇത്തിഹാദ് വിമാനം

അബുദാബി: അസര്‍ബയ്ജാന്‍ തലസ്ഥാനമായ ബക്കുവിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ച് ഇത്തിഹാദ് എയര്‍വേസ് പുതിയ പദ്ധതിക്ക് തുടക്കമിട്ടു. മാര്‍ച്ച് രണ്ടിനായിരുന്നു ആദ്യ സര്‍വീസ് നടത്തിയത്. ദുബായില്‍ നിന്നും ഫ്‌ളൈ ദുബായും അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സും ബക്കുവിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ അബുദാബിയെയും അസര്‍ബയ്ജാന്‍ തലസ്ഥാനത്തെയും ബന്ധിപ്പിച്ചുള്ള ആദ്യ വിമാനസര്‍വീസാണിത്.

അസര്‍ബയ്ജാനുമായുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താന്‍ യുഎഇ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. എയര്‍ ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, കമ്യൂണിക്കേഷന്‍, ജലം, കൃഷി, പുനരുപയോഗ ഊര്‍ജ്ജം, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന യുഎഇ-അസര്‍ബയ്ജാന്‍ സംയുക്ത സാമ്പത്തിക സമിതി യോഗത്തില്‍ തീരുമാനമായിരുന്നു. 1991ല്‍ സ്വതന്ത്രമായതിനു ശേഷം അസര്‍ബയ്ജാനുമായി നയതന്ത്രബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ആദ്യ രാജ്യങ്ങളിലൊന്ന് യുഎഇ ആയിരുന്നു. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ളത് മികച്ച സഹകരണമാണ്.

യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് വിസ വേണ്ടെന്ന് 2015ല്‍ അസര്‍ബയ്ജാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം അങ്ങോട്ടുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ധനയാണുണ്ടാകുന്നത്. 100,000 പേരാണ് പ്രതിവര്‍ഷം യുഎഇയില്‍ നിന്ന് അസര്‍ബയ്ജാന്‍ സന്ദര്‍ശിക്കുന്നത്. രണ്ട് ദശലക്ഷം ജനങ്ങളുള്ള അസര്‍ബയ്ജാന്‍ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്.

ആഴ്ച്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് അബുദാബിയില്‍ നിന്നും ബക്കുവിലേക്ക് ഇത്തിഹാദ് സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച്ചകളിലും വെള്ളിയാഴ്ച്ചകളിലും ഞായറാഴ്ച്ചകളിലുമാണ് സര്‍വീസ്. 136 സീറ്റുകളുള്ള എയര്‍ബസ് എ320 വിമാനമാണ് ഉപയോഗപ്പെടുത്തുന്നത്. ഇക്കോണമി ക്ലാസിലുള്ളത് 120 സീറ്റുകളും ബിസിനസ് ക്ലാസിലുള്ളത് 16 സീറ്റുകളുമാണ്.

Comments

comments

Categories: Arabia