സമഗ്ര സാമൂഹിക സുരക്ഷ പദ്ധതിയുമായി കേന്ദ്രം

സമഗ്ര സാമൂഹിക സുരക്ഷ പദ്ധതിയുമായി കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്തെ 50 കോടിയോളം തൊഴിലാളികള്‍ക്ക് വേണ്ടി സമഗ്ര സാമൂഹിക സുരക്ഷ സംവിധാനം നടപ്പാക്കുന്നതിന് ആദ്യ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 18,500 കോടി രൂപ ചെലവിടും. റിട്ടെയര്‍മെന്റ്, ആരോഗ്യം, വാര്‍ദ്ധക്യകാലം, ഭിന്നശേഷി, തൊഴിലില്ലായ്മ, പ്രസവം തുടങ്ങിയ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി. പദ്ധതിയുടെ കരട് നിര്‍ദേശം തൊഴില്‍ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ‘മോദി കെയര്‍’ എന്ന പേരില്‍ പ്രഖ്യാപിച്ച സമഗ്ര ആരോഗ്യ പദ്ധതിക്ക് പുറമെയാണ് സാമൂഹ്യക്ഷേമത്തിന് ഊന്നല്‍ നല്‍കി പുതിയ പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സെസില്‍ നിന്നായിരിക്കും പദ്ധതി നടപ്പാക്കുന്നതിനുള്ള തുക കണ്ടെത്തുക. സ്‌കീം നടപ്പാക്കുന്നതിന് രൂപീകരിച്ചിട്ടുള്ള നാഷണല്‍ സ്റ്റബിലൈസേഷന്‍ ഫണ്ട് വഴി മറ്റ് പദ്ധതികള്‍ക്കും ധനസഹായം നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആയിരിക്കും പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക. കേന്ദ്ര ധനമന്ത്രി, ആരോഗ്യ മന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, തൊഴിലാളികള്‍, തൊഴില്‍ദാതാക്കള്‍ എന്നിവര്‍ കൗണ്‍സിലില്‍ അംഗങ്ങളായിരിക്കും.

മൂന്ന് ഘട്ടങ്ങളിലായി പത്ത് വര്‍ഷംകൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് സാര്‍വത്രിക സാമൂഹിക സുരക്ഷ സ്‌കീം അവതരിപ്പിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതിന് 18,500 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് അടിസ്ഥാനപരമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനാണ് ലക്ഷ്യം. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടാം ഘട്ടത്തില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ കൂടി സ്‌കീമില്‍ ഉള്‍പ്പെടുത്തും. മൂന്നാം ഘട്ടത്തില്‍ തൊഴിലാളികളുടെ ക്ഷേമത്തിനുള്ള മറ്റ് നടപടികള്‍ കൂടി കൂട്ടിച്ചേര്‍ക്കും. തൊഴില്‍ നിയമത്തില്‍ സാമൂഹിക സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സാര്‍വത്രിക സാമൂഹിക സുരക്ഷ സ്‌കീം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സ്‌കീമിന്റെ 50 കോടി ഗുണഭോക്താക്കളെ നാല് വിഭാഗങ്ങളിലായി തരംതിരിക്കും. നിരാലംബരെയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയുമാണ് ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. പദ്ധതിക്ക് കീഴില്‍ ഇവര്‍ക്ക് വേണ്ടിയുള്ള ചെലവ് പൂര്‍ണമായും വഹിക്കുന്നത് സര്‍ക്കാരായിരിക്കും. അസംഘടിത മേഖലകൡ തൊഴിലെടുക്കുന്ന സ്വയം പര്യാപ്തമല്ലാത്ത തൊഴിലാളികളെയാണ് സ്‌കീമില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പരിഗണിക്കുക. ഒറ്റയ്‌ക്കോ തൊഴില്‍ദാതാവിനൊപ്പമോ സ്‌കീമില്‍ സംഭാവന ചെയ്യാന്‍ ശേഷിയുള്ളവരെയാണ് മൂന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. മെച്ചപ്പെച്ച ശമ്പളം പറ്റുന്ന ജീവനക്കാരെയാണ് നാലാമത്തെ വിഭാഗത്തില്‍ പരിഗണിക്കുന്നത്.

രാജ്യത്തെ 50 കോടിയോളം തൊഴിലാളികളില്‍ പത്ത് ശതമാനത്തോളം പേരാണ് സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇന്ത്യന്‍ തൊഴില്‍ലശക്തിയുടെ ബാക്കി ഭൂരിഭാഗവും തൊഴില്‍ ചെയ്യുന്നത് അസംഘടിത മേഖലകളിലാണ്. മിനിമം വേതനമടക്കം ഒരു തരത്തിലുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ് സമഗ്ര സാമൂഹിക സുരക്ഷ സംവിധാനത്തിന്റെ കരട് നിര്‍ദേശം തൊഴില്‍ മന്ത്രാലയം സമര്‍പ്പിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy, Life

Related Articles