സൗദി അറേബ്യയില്‍ തുറക്കാനിരിക്കുന്നത് 84 പുതിയ ഹോട്ടലുകള്‍

സൗദി അറേബ്യയില്‍ തുറക്കാനിരിക്കുന്നത് 84 പുതിയ ഹോട്ടലുകള്‍

റിയാദ്: നിലവില്‍ സൗദി അറേബ്യയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന 143 ഹോട്ടലുകളില്‍ 60 ശതമാനവും ഈ വര്‍ഷം തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് റിപ്പോര്‍ട്ട്. ടോപ്‌ഹോട്ടല്‍പ്രൊജക്റ്റ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൗദിയില്‍ ഈ വര്‍ഷം 84 പുതിയ ഹോട്ടലുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 27,281 റൂമുകളായിരിക്കും കൂട്ടിച്ചേര്‍ക്കപ്പെടുക.

റിയാദ്, ജെദ്ദ, മക്ക, അല്‍ ഖൊബാര്‍ എന്നിവയാണ് ഹോട്ടല്‍ നിര്‍മാണത്തിന് ഏറ്റവും ഡിമാന്‍ഡുള്ള പ്രദേശങ്ങള്‍. ഹോസ്പിറ്റാലിറ്റി ഡെവലപ്‌മെന്റിലെ ടോപ് ടെന്‍ ആക്റ്റീവ് സിറ്റികളില്‍ ഈ നഗരങ്ങളുടെ റാങ്ക് ഏറെ മുന്നിലാണ്.

ഹില്‍ട്ടണ്‍ റിയാദ് ഹോട്ടല്‍ & റെസിഡന്‍സസ്, കോപ്‌തോണ്‍ ഹോട്ടല്‍ മക്ക, ജബെല്‍ ഒമര്‍, സ്വിസ്സ് ബെല്‍ഹോട്ടല്‍ അല്‍ അസീസിയ മക്ക, മില്ലേനിയം ഹോട്ടല്‍ ജെദ്ദ, ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ അല്‍ ഖൊബ്ബാര്‍ എന്നിവയാണ് ഈ വര്‍ഷം തുറക്കാന്‍ പോകുന്ന ഹോട്ടലുകളിലെ സെലിബ്രിറ്റി പരിവേഷമുള്ളവ.

പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വന്നതോടെ ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായി സൗദി അറേബ്യ മാറിക്കഴിഞ്ഞു. അതുകൊണ്ടാണ് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് സൗദി ഇപ്പോള്‍ ആകര്‍ഷണീയമാകുന്നത്-ഹില്‍ട്ടണ്‍ വൈസ് പ്രസിഡന്റ് (സൗദി അറേബ്യ & ലെവന്റ്) കാമെല്‍ അജാമി പറഞ്ഞു.

നിലവില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന 30 ഹോട്ടലുകള്‍ ഞങ്ങള്‍ക്കുണ്ട്. 12 വ്യത്യസ്ത നഗരങ്ങളിലായാണിവ. പുതിയ അവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഞങ്ങളുടെ ഗവേഷണ സംഘം പഠിച്ചുകൊണ്ടിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.

2018ല്‍ ഹില്‍ട്ടണ്‍ ബ്രാന്‍ഡിലുള്ള മൂന്ന് ഹോട്ടലുകള്‍ സൗദി അറേബ്യയില്‍ പ്രവര്‍ത്തനം തുടങ്ങഉമെന്നാണ് പ്രതീക്ഷ. 1500 റൂമുകളായിരിക്കുമുണ്ടാകുക. സ്വിസ്സ് ബെല്‍ഹോട്ടല്‍ ഇന്റര്‍നാഷണലും മൂന്ന് ഹോട്ടലുകള്‍ തുറക്കും. രണ്ടെണ്ണം റിയാദിലും ഒരെണ്ണ പുണ്യനഗരമായ മക്കയിലും.

സൗദി കിരീടാവകാശിയും നിലവിലെ പരിഷ്‌കരണങ്ങളുടെ സൂത്രധാരനുമായ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതിയുടെ മുഖ്യ ഭാഗമാണ് ടൂറിസം. സൗദിയുടെ ഇനിയങ്ങോട്ടുള്ള വളര്‍ച്ചയില്‍ ടൂറിസം വികസനത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹോട്ടലുകള്‍ക്കും വരാനിരിക്കുന്നത് നല്ല കാലം തന്നെയാണ് പ്രതീക്ഷ.

Comments

comments

Categories: Arabia