യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധനവ്

യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധനവ്

ബെംഗളൂരു: മുന്‍ മാസങ്ങള്‍ക്കു സമാനമായി ഫെബ്രുവരിയിലും രാജ്യത്തെ യുപിഐ ഇടപാടുകളില്‍ വലിയ വര്‍ധനയുണ്ടായതായി കണക്കുകള്‍. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 171.4 ദശലക്ഷം ഡോളറിന്റെ യുപിഐ ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. ജനുവരിയിലേക്കാള്‍ 13.5 ശതമാനമാണ് ഇടപാടുകള്‍ വര്‍ധിച്ചത്.

പ്രമുഖ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം 40 ശതമാനം വിപണി വിഹിതമാണ് അവകാശപ്പെടുന്നത്. ഇക്കാലയലവില്‍ 68 ദശലക്ഷം ഇടപാടുകള്‍ നടത്തിയതായാണ് കണക്ക്. ജനുവരിയിലെ കണക്കിനേക്കാള്‍ 33.3 ശതമാനം കൂടുതലാണിത്. 51 ദശലക്ഷം യുപിഐ ഇടപാടുകളാണ് ജനുവരിയില്‍ പേടിഎം വഴി നടന്നത്. പണമിടപാടുകള്‍ ലളിതമാക്കാനും രാജ്യത്തെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക്് പുതിയതും അനുയോജ്യവുമായ മൊബീല്‍ പേമെന്റ് സേവനം നല്‍കാനുമുള്ള പേടിഎമ്മിന്റെ പരിശ്രമങ്ങളുടെ ഒരു ഭാഗമാണ് യുപിഐയെന്ന് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ 37 ദശലക്ഷവും ജനുവരിയില്‍ 51.2 ദശലക്ഷം ഇടപാടുകളുമാണ് പേടിഎം വഴി നടന്നത്. ഗൂഗിളിന്റെ പേമെന്റ് ആപ്പായ തേസ് വഴി ഇക്കാലയലവില്‍ എത്ര ഇടപാടുകള്‍ നടന്നുവെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മാസമായിരുന്നുവെങ്കിലും യുപിഐ ഇടപാടുകളെ സംബന്ധിച്ചിടത്തോളം അതിയശിപ്പിക്കുന്ന വളര്‍ച്ചയാണ് കഴിഞ്ഞ മാസമുണ്ടായത്. വാട്‌സാപ്പ് പോലുള്ള പുതിയ പ്ലാറ്റ്‌ഫോമുകള്‍ യുപിഐ അധിഷ്ഠിത പേമെന്റ് സേവനം ആരംഭിച്ചത് നിരക്ക് കൂടാന്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 17.6 ദശലക്ഷമായിരുന്ന യുപിഐ ഇടപാടുകള്‍ ഫെബ്രുവരിയായപ്പോള്‍ 171 ദശലക്ഷമെന്ന അവിശ്വനീയമായ നിരക്കിലേക്ക് ഉയര്‍ന്നുവെന്നും ആറു മാസത്തിനുള്ളില്‍ പത്തിരട്ടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഗൂഗിള്‍ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് കേസര്‍ സെന്‍ഗുപ്ത ട്വീറ്റില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Comments

comments