ടാറ്റാ ട്രസ്റ്റ് തെലങ്കാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

ടാറ്റാ ട്രസ്റ്റ് തെലങ്കാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ കുറഞ്ഞ നിരക്കില്‍ ഉന്നത നിലവാരത്തിലുള്ള കാന്‍സര്‍ ചികില്‍സ ലഭ്യമാക്കാനും സംസ്ഥാനത്തെ വിദ്യാഭ്യാസ, ഗവേഷണ ശേഷി വികസിപ്പിക്കാനുമായി ടാറ്റാ ട്രസ്റ്റും തെലങ്കാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. തെലങ്കാന ആരോഗ്യ, കുടുംബക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാന്തി കുമാരിയും ടാറ്റാ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആര്‍ വെങ്കടരമണനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഐടി മന്ത്രി കെ ടി രാമ റാവു, ആരോഗ്യമന്ത്രി സി ലക്ഷ്മ റെഡ്ഡി, ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ എന്‍ ടാറ്റ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സംസ്ഥാനത്ത് കാന്‍സര്‍ ചികില്‍സാ ശൃംഖല നിര്‍മിക്കാനുള്ള നിര്‍ദിഷ്ട മൂന്നു നിര മാതൃകയനുസരിച്ച് ഹൈദരാബാദിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളായ എംഎന്‍ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും പ്രത്യേക ചികില്‍സ ആവശ്യമുള്ള സങ്കീര്‍ണമായ കേസുകള്‍ പോലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ നവീകരിക്കും.

ആദിലാബാദ്, നിസാമാബാദ്, മെഹ്ബൂബ്‌നഗര്‍, വാറങ്കല്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളെജുകള്‍ കാന്‍സര്‍ രോഗനിര്‍ണയത്തിനും ചികില്‍സയ്ക്കും പര്യാപ്തമാകും വിധം ശക്തിപ്പെടുത്തും. കരീം നഗര്‍, ഖാമാം, നല്‍ഗൊണ്ട ജില്ലാ ആശുപത്രികളില്‍ ഉന്നത നിലവാരത്തിലുള്ള രോഗനിര്‍ണയ സംവിധാനങ്ങളും കീമോതെറാപ്പി ചികില്‍സാ സൗകര്യങ്ങളും ഒരുക്കും. ഇതു വഴി കുറഞ്ഞ ദൂരപരിധിക്കുള്ളില്‍ നിലവാരമുളള ചികില്‍സ രോഗികള്‍ക്ക് ലഭ്യമാകും. ഈ ആശുപത്രികള്‍ കേന്ദ്രമാക്കി ബോധവല്‍ക്കരണ -രോഗനിര്‍ണയ പരിപാടികളും സഘടിപ്പിക്കും.

പൊതു ആരോഗ്യ രംഗത്തെ കാന്‍സര്‍ ചികില്‍സാ സൗകര്യങ്ങള്‍ നവീകരിക്കാന്‍ തെലങ്കാന സര്‍ക്കാരുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രോഗികള്‍ക്ക് ചികില്‍സയ്ക്കായി ഹൈദരാബാദ് മുഴുവന്‍ യാത്ര ചെയ്യേണ്ട ആവശ്യം ഇനി വരില്ലെന്നും രത്തന്‍ ടാറ്റ പറഞ്ഞു. അസം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങിലും ടാറ്റാ ട്രസ്റ്റ് സമാനമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

Comments

comments

Categories: Business & Economy