സിനിമ ശൃംഖലകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തുടങ്ങി സൗദി

സിനിമ ശൃംഖലകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തുടങ്ങി സൗദി

റിയാദ്: സിനിമാ വ്യവസായത്തിന് സൗദി അറേബ്യയില്‍ പുതുജീവന്‍. നേരത്തെ നയങ്ങളില്‍ മാറ്റം വരുത്തി സിനിമ തിയറ്ററുകള്‍ക്കുള്ള വിലക്ക് സൗദി നീക്കിയിരുന്നു. വ്യാഴാഴ്ച്ച മതുല്‍ സനിമ ഹൗസുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് സൗദി നല്‍കാന്‍ തുടങ്ങി. ഉദാരവല്‍ക്കരണനയങ്ങളുടെ ഭാഗമായാണ് പതിറ്റാണ്ടുകളോളം സിനിമയ്ക്ക് നിലനിന്നിരുന്ന വിലക്ക് സൗദി എടുത്തു മാറ്റിയത്.

ലൈസന്‍സിംഗ് നിബന്ധനകള്‍ക്ക് അന്തിമരൂപം നല്‍കിയതായി നേരത്തെ കള്‍ച്ചര്‍ & ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് മേഖലയിലെ പ്രധാന സിനിമാ കമ്പനി വോക്‌സ് സൗദിയില്‍ അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെയാണ് ലൈസന്‍സിംഗ് അനുവദിച്ച് തുടങ്ങിയിരിക്കുന്നത്. സൗദി അറേബ്യയിലെ ആദ്യ പബ്ലിക്ക് സ്‌ക്രീനിംഗ് കഴിഞ്ഞ ദിവസമാണ് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വോക്‌സ് നടത്തിയത്. അല്‍ഷിമേഴ്‌സ് രോഗത്തിന് എതിരായ ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായ പബ്ലിക്ക് സ്‌ക്രീനിംഗ് ഇന്ന് കൂടിയുണ്ടാകും.

റിയാദിലെ ഡിജിറ്റല്‍ സിറ്റിയിലാണ് പരിപാടി നടക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ ഓപ്പറേറ്ററായാണ് വോക്‌സ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് വോക്‌സിന്റെ സൗദിയിലേക്കുള്ള അരങ്ങേറ്റത്തെ ബിസിനസ് ലോകം കാണുന്നത്.

അടുത്തിടെയാണ് സൗദിയില്‍ സിനിമയ്ക്കുള്ള വിലക്ക് നീക്കിയത്. അതിനെത്തുടര്‍ന്ന് ഡിസംബറില്‍ യുഎസ് സിനിമ ചെയ്‌നായ എഎംസി എന്റര്‍ടെയ്ന്‍മെന്റ് രാജ്യത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു.

സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി വിനോദരംഗത്തും വലിയ ഉണര്‍വാണ് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. വിനോദത്തിന് അത്ര പ്രാധാന്യം നല്‍കാതിരുന്ന സൗദിയുടെ ആവാസവ്യവസ്ഥയില്‍ സിനിമ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതും സിനിമയ്ക്കുള്ള വിലക്ക് നീക്കിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. വിനോദ മേഖലയില്‍ 64 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ നിക്ഷേപമാണ് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുകയെന്നാണ് അടുത്തിടെ സൗദി പ്രഖ്യാപിച്ചത്.

സൗദിയുടെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി തലവന്‍ അഹമ്മദ് ബിന്‍ അഖീല്‍ അല്‍ ഖാതിബ്ബാണ് വിനോദ രംഗത്ത് വമ്പന്‍ നിക്ഷേപം എത്തുമെന്ന് പ്രഖ്യാപിച്ചത്. പൊതുമേഖലയ്‌ക്കൊപ്പം തന്നെ സ്വകാര്യ മേഖലയും വിനോദരംഗത്തേക്ക് പണമൊഴുക്കാനാണ് പദ്ധതി.

30 ദശലക്ഷത്തിലധിം ജനങ്ങളുള്ള വലിയ സാധ്യതകളുള്ള സിനിമ വിപണിയായിട്ടാണ് സൗദിയെ പ്രധാന സിനിമ ചെയ്‌നുകള്‍ കാണുന്നത്. ഭീമന്മാരായ എഎംസിയും വോക്‌സും തമ്മിലാകും സിനിമാ വ്യവസായ രംഗത്ത് പ്രധാനമത്സരമെന്നാണ് വിലയിരുത്തപ്പെടുന്നത്. അയല്‍രാജ്യമായ ദുബായില്‍ ബില്ല്യണ്‍കണക്കിന് ഡോളറാണ് സൗദി പൗരന്‍മാര്‍ വിനോദത്തിനായി ചെലവിടുന്നത്. ഈ പണമെല്ലാം ഇനി സൗദിയില്‍ തന്നെ നിര്‍ത്താനാണ് പുതിയ പരിഷ്‌കരണ പദ്ധതികളിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Comments

comments

Categories: Arabia, Movies