മലിനീകരണം: ഡീസല്‍ വാഹനങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍

മലിനീകരണം: ഡീസല്‍ വാഹനങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍

കാറുകളുടെ കാര്‍ബണ്‍ പുറംതള്ളല്‍ രണ്ടു ദശകത്തിലെ ഉയര്‍ന്നനിലയില്‍

അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ ഡീസല്‍ കാറുകള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡീസല്‍ ഇന്ധനമാക്കുന്നവ പൂര്‍ണമായും ഒഴിവാക്കാന്‍ ബ്രിട്ടണു മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നു. രണ്ടു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ പുറംതള്ളലാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ശരാശരി ഒരു കിലോമീറ്ററിന് 121 ഗ്രാം എന്ന നിലയിലാണ് കാറുകള്‍ 2017-ല്‍ കാര്‍ബണ്‍ പുറംതള്ളിയത്. ശരാശരി 0.8 ശതമാനത്തിന്റെ വര്‍ധനയാണ് കാര്‍ബണ്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. റെക്കോഡ് നിരക്കിലാണ് ബ്രിട്ടണിലെ വാഹനഗതാഗതം ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം എത്തിച്ചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ മോട്ടോര്‍ നിര്‍മാണ, വ്യവസായികളുടെ അസോസിയേഷനായ സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് (എസ്എംഎംടി) നല്‍കുന്ന കണക്കനുസരിച്ച് പുതിയ കാറുകളുടെ കാര്‍ബണ്‍ പുറംതള്ളല്‍ നിരക്ക് പോയവര്‍ഷം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നു കാണാം. ഡീസല്‍കാറുകളുടെ വില്‍പ്പന നിരുല്‍സാഹപ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി അവ ഒഴിവാക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കുന്നു. ഉയര്‍ന്ന നികുതിയും പ്രവര്‍ത്തനച്ചെലവും അവയുടെ വില്‍പ്പന കുത്തനെ ഇടിച്ചിരിക്കുന്നു. വര്‍ഷാവസാന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് വാഹനവ്യവസായത്തില്‍ ഒരു നിര്‍ണായക മുഹൂര്‍ത്തമായിരുന്നു പോയവര്‍ഷമെന്നാണ്.

കഴിഞ്ഞവര്‍ഷം ആരംഭിച്ച, ഡീസല്‍കാറുകള്‍ക്കെതിരായ നടപടികള്‍ അവയുടെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെന്നാണ് എസ്എംഎംടി റിപ്പോര്‍ട്ട് കാണിക്കുന്നത്. പുതിയ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് അടക്കം ഫലം കണ്ടു. അല്ലാത്തപക്ഷം കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച 2021- ലെ ലക്ഷ്യം കൈവരിക്കാന്‍ രാജ്യം ഏറെ ബുദ്ധിമുട്ടുമെന്നു മനസിലാക്കിയാണ് നടപടികള്‍ കൈക്കൊണ്ടത്. കഴിഞ്ഞവര്‍ഷത്തെ ശരാശരി കാര്‍ബണ്‍ പുറംതള്ളല്‍ ഒരു കിലോമീറ്ററിന് 121 ഗ്രാം ആയിരുന്നുവെന്ന് എസ്എംഎംടി സ്ഥിരീകരിച്ചിട്ടുണ്ട്. 2016-ലെ കിലോമീറ്ററിന് 230 ഗ്രാം എന്ന ശരാശരിയേക്കാള്‍ തുച്ഛമായ 0.8 ശതമാനമേ വര്‍ധിച്ചിട്ടുള്ളൂവെന്ന് ആശ്വസിക്കാമെങ്കിലും 20 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ നിരക്കാണിതെന്നത് പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു. 2021 ആകുമ്പോള്‍ വാഹനഗതാഗതത്തില്‍ നിന്നുള്ള ശരാശരി കാര്‍ബണ്‍ പുറംതള്ളല്‍ കിലോമീറ്ററിന് 95 ഗ്രാമാക്കി കുറയ്ക്കണമെന്ന് യൂറോപ്യന്‍യൂണിയന്‍ കര്‍ശനനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മാനദണ്ഡം പാലിക്കുന്നതില്‍ ബ്രിട്ടണ്‍ വന്‍പരാജയം നേരിടുമെന്ന് എസ്എംഎംടി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുതിയ ഡീസല്‍കാറുകളുടെ രജിസ്‌ട്രേഷനില്‍ വന്നിരിക്കുന്ന 17ശതമാനം കുറവാണ് കാര്‍ബണ്‍പുറംതള്ളലില്‍ വന്നിരിക്കുന്ന മാറ്റത്തിനു കാരണം. ഡീസല്‍കാറുകളുടെ വില്‍പ്പന എട്ടുശതമാനം കുറഞ്ഞപ്പോള്‍ യൂറോപ്പിലാകെ ഡീസല്‍കാര്‍ നിര്‍മാണം വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി.

ശരാശരി ഒരു കിലോമീറ്ററിന് 121 ഗ്രാം എന്ന നിലയിലാണ് ബ്രിട്ടണിലെ കാറുകള്‍ 2017-ല്‍ കാര്‍ബണ്‍ പുറംതള്ളിയത്. ശരാശരി 0.8 ശതമാനത്തിന്റെ വര്‍ധനയാണ് കാര്‍ബണ്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. റെക്കോഡ് നിരക്കിലാണ് വാഹനഗതാഗതം ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം എത്തിയിരിക്കുന്നത്

എന്നാല്‍ കമ്പനികളുടെ നടപടികള്‍ ആത്മാര്‍ത്ഥതയില്ലാത്തവയും പ്രശ്‌നത്തെ ശരിയായി മനസിലാക്കാത്തതുമാണെന്ന് പരിസ്ഥിതിസംരക്ഷണ സംഘടനകള്‍ ആരോപിക്കുന്നു. അന്തരീക്ഷമലിനീകരണം തടയുന്നതില്‍ ബ്രിട്ടീഷ് മോട്ടോര്‍ വ്യവസായം പരാജയപ്പെട്ടുവെന്ന് പ്രമുഖ പരിസ്ഥിതി സംഘടന ഗ്രീന്‍പീസ് സംഘാടകര്‍ ആരോപിക്കുന്നു. ശുദ്ധമായ ഡീസല്‍ എന്ന ഒരു സംഭവമേയില്ലെന്നാണ് അവരുടെ പക്ഷം. അന്തരീക്ഷമലിനീകരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വാഹന നിര്‍മാതാക്കളെ ഒഴിവാക്കാനുള്ള ശ്രമമാണ് എസ്എംഎംടി നടത്തുന്നതെന്ന് സംഘടനയുടെ വായുമലിനീകരണത്തിനെതിരായുള്ള പ്രചാരണങ്ങള്‍ നയിക്കുന്ന പോള്‍ മൊറോസോ ആരോപിക്കുന്നു. എസ്‌യുവികള്‍ വിറ്റഴിക്കാനുള്ള നീക്കം കാര്‍ബണ്‍ പുറംതള്ളല്‍ വര്‍ധിപ്പിക്കുന്നതിനു വഴിവെക്കുന്നതാണെന്ന് എസ്എംഎംടി റിപ്പോര്‍ട്ടില്‍ത്തന്നെ പറയുന്നുണ്ട്. അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ വാഹനകമ്പനികളുടെ ഭാഗത്തു നിന്ന് ആത്മാര്‍ത്ഥ ശ്രമങ്ങളുണ്ടാകുന്നില്ലെന്നതിന് വേറെ എന്തു തെളിവു വേണമെന്ന് അദ്ദേഹം ചോദിക്കുന്നു. വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനു പകരം കാര്‍ബണ്‍ പുറംതള്ളല്‍ വെട്ടിക്കുറയ്ക്കാനാകില്ല. ഡീസല്‍കാറുകള്‍ പുറംതള്ളുന്ന വിഷപ്പുകയാണ് മനുഷ്യര്‍ക്കും പ്രകൃതിക്കും ദോഷകരമെന്ന് എല്ലാവര്‍ക്കുമറിയാം. ചെലവു കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുകയും അത് എല്ലാവര്‍ക്കും വാങ്ങാനാകുന്ന സാഹചര്യം സൃഷ്ടിക്കുകയുമാണ് ഇതിനുള്ള പോംവഴിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പല കാര്‍നിര്‍മാണ കമ്പനികളും ഡീസല്‍കാര്‍ നിര്‍മാണത്തില്‍ നിന്നു പിന്‍വാങ്ങുകയാണ്. തങ്ങളുടെ ഡീസല്‍ കാറുകള്‍ പിന്‍വലിച്ചെന്ന് പ്രമുഖ കാര്‍നിര്‍മാതാവ് പോര്‍ഷെ പ്രഖ്യാപിച്ചു. ഫിയറ്റ്, ആല്‍ഫ റോമിയോ, ജീപ്പ്, മസെരറ്റി എന്നിവയും ഇതേ പാത പിന്തുടരാനിരിക്കുന്നു. 2022 എത്തുമ്പോഴേക്കും തങ്ങളുടെ ഉല്‍പ്പന്നശ്രേണിയിലെ ഡീസല്‍ വാഹനങ്ങളെല്ലാം വെട്ടിച്ചുരുക്കുമെന്നാണ് ഈ കമ്പനികള്‍ അറിയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പുകപരിശോധനകളെയും ഇത് ഭാഗികമായി ബാധിച്ചിരിക്കുന്നു. ഡീസല്‍ വാഹനങ്ങള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനാണ് കൂടുതല്‍ പ്രയാസമുളവായത്. നിര്‍മാതാക്കള്‍ നിര്‍മാണം പരിമിതപ്പെടുത്തുന്നതോടെ, ആസന്നഭാവിയില്‍ ഡീസല്‍കാര്‍ നിര്‍മാണത്തിന്റെ വളര്‍ച്ച ഗണ്യമായി കുറയുമെന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്. ഡീസല്‍കാറുകളുടെ ഉല്‍പ്പാദനം കുറയുന്നതോടെ കാര്‍ബണ്‍ പുറംതള്ളല്‍ കുറയുമെങ്കിലും ഡീസല്‍കാറുകള്‍ക്കു പകരം വിപണിയില്‍ വൈദ്യുതി വാഹനങ്ങളുടെ അവശ്യകതയില്‍ വലിയ വര്‍ധന ഉടന്‍ പ്രതീക്ഷിക്കേണ്ടെന്ന് എസ്എംഎംടി വിലയിരുത്തുന്നു. കൂടുതല്‍ കാറുടമകളും ഡീസല്‍ കാറുകള്‍ക്കു ബദലായി പെട്രോള്‍ കാറുകള്‍ക്കാണ് പ്രഥമപരിഗണന നല്‍കുന്നത്. ഇവ സൃഷ്ടിക്കുന്ന മലിനീകരണത്തോത് ഏകദേശം തുല്യമായിരിക്കുമെങ്കിലും ഒട്ടും മലിനീകരണം സൃഷ്ടിക്കാത്ത ഇലക്ട്രിക് കാറുകളിലേക്ക് തിരിയാന്‍ കൂടുതല്‍ പേരും വിമുഖത കാട്ടുകയാണ്.

പല കാര്‍നിര്‍മാണ കമ്പനികളും ഡീസല്‍കാര്‍ നിര്‍മാണത്തില്‍ നിന്നു പിന്‍വാങ്ങുകയാണ്. തങ്ങളുടെ ഡീസല്‍ കാറുകള്‍ പിന്‍വലിച്ചെന്ന് പ്രമുഖ കാര്‍നിര്‍മാതാവ് പോര്‍ഷെ പ്രഖ്യാപിച്ചു. ഫിയറ്റ്, ആല്‍ഫ റോമിയോ, ജീപ്പ്, മസെരറ്റി എന്നിവയും ഇതേ പാത പിന്തുടരാനിരിക്കുന്നു

ബ്രിട്ടണിലെ ഇലക്ട്രിക് കാര്‍ രംഗം നേരിടുന്ന പ്രധാനപ്രശ്‌നം മോശം റീ ചാര്‍ജിംഗ് സൗകര്യങ്ങളാണ്. ലണ്ടന്‍, ബെര്‍മിംഗ് ഹാം, ഗ്ലാസ്‌ഗോ തുടങ്ങിയ പ്രധാന നഗരങ്ങളില്‍പ്പോലും വാഹനങ്ങള്‍ക്കു വേണ്ടി മതിയായ പൊതു വൈദ്യുതിനിറയ്ക്കല്‍ കേന്ദ്രങ്ങളില്ല. കേടായ സോക്കറ്റുകളും അഡോപ്റ്ററുകളും അതേപടി ഉപേക്ഷിച്ച സ്ഥിതിവിശേഷമാണുള്ളത്. ഇത് ഇ- കാറുകളുടെ വ്യാപനത്തിന്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ തകര്‍ക്കുന്ന നിലയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ എളുപ്പം പ്രതിവിധി കാണാവുന്ന ഒരു പ്രശ്‌നമാണിത്. പൊതുനിരത്തുകളില്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുന്ന വഴിവിളക്കുകളാണ് മനസിലേക്ക് ആശയത്തിന്റെ വെള്ളിവെളിച്ചം കടത്തിവിടുന്നത്. ഇലക്ട്രിക് വിളക്കു കാലുകളില്‍ ചാര്‍ജിംഗ് കേബിള്‍ ഉറപ്പിച്ചാല്‍ കാറുകള്‍ക്ക് ഇന്ധനം ലഭിക്കും. ഏറ്റവും എളുപ്പത്തിലുള്ളതും സുഗമമായി ലഭിക്കുന്നതുമായ സൗകര്യമാണിത്. ജര്‍മ്മന്‍ കമ്പനി യുബിട്രിസിറ്റി ഇതിനുള്ള സാങ്കേതിക സംവിധാനം വികസിപ്പിച്ചിരിക്കുന്നു. റിച്ച്മണ്ട് അടക്കമുള്ള ലണ്ടനിലെ പട്ടണങ്ങളില്‍ ഇവ വ്യാപകമാക്കാനാണ് പദ്ധതിയിടുന്നത്. ട്വിക്കെന്‍ഹാം, ബാര്‍നെസ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ നടപ്പാക്കുകയും ചെയ്തു.

വിളക്കുകാലുകളില്‍ പിടിപ്പിച്ചിരിക്കുന്ന സോക്കറ്റുകളില്‍ നിന്ന് കേബിള്‍വയറിലൂടെ റീചാര്‍ജ് ചെയ്യാവുന്നതാണ് ഇലക്ട്രിക് കാറുകളുടെ സംവിധാനം. 1,000 പൗണ്ട് മാത്രമാണ് ചെലവ്. പൊതു റീചാര്‍ജിംഗ് കേന്ദ്രങ്ങളില്‍ ഇത്തരം സംവിധാനത്തിന് ഇതിന്റെ ആറ് മടങ്ങ് ചെലവു വരുന്നുണ്ട്. വിളക്കുകാലുകള്‍ റീചാര്‍ജിംഗ് പോയിന്റുകളാക്കി മാറ്റാനുള്ള ഓണ്‍-സ്ട്രീറ്റ് റെസിഡെന്‍ഷ്യല്‍ ചാര്‍ജ് പോയിന്റ് സ്‌കീമിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്. 2.5 മില്യണ്‍ പൗണ്ടാണ് പദ്ധതിക്കു വേണ്ടി നിക്ഷേപിച്ചിരിക്കുന്നത്. ബ്രിട്ടണില്‍ 7.5 ദശലക്ഷം തെരുവു വിളക്കുകളാണുള്ളത്. ഇവ ചാര്‍ജിംഗ് പോയിന്റുകളായി മാറ്റുന്നതോടെ അന്തരീക്ഷ മലിനീകരണത്തിനെതിരേ ഏറ്റവും ചെലവു കുറഞ്ഞതും പ്രായോഗികവുമായ ബദലായ ഇ- കാറുകളുടെ വ്യാപനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് ഉടലെടുക്കുന്നത്. ഇ- വാഹനങ്ങള്‍ക്കു വേണ്ട റീചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി ഹോണ്‍സ്‌ലോയിലെ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനര്‍ ഗ്രെഗ് എഡ്വേര്‍ഡ്‌സ് ഓര്‍മിക്കുന്നു. ജനാധിവാസ കേന്ദ്രങ്ങളില്‍ ഇവ സ്ഥാപിക്കുമ്പോള്‍ റോഡുകള്‍ താറുമാറാകുന്നതിനെയും താങ്ങേണ്ടി വരുന്ന അധിക ചെലവിനെയും കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകളാണു മുഖ്യം. ഇ- കാറുകള്‍ക്കുള്ള പാര്‍ക്കിംഗിനായി സ്ഥലം ഏറ്റെടുക്കുന്ന ഘട്ടത്തില്‍ പലപ്പോഴും പ്രദേശവാസികളുമായി സംഘര്‍ഷമുണ്ടായിരുന്നു. എണ്ണത്തില്‍ കുറവുള്ള ഇ- കാറുകള്‍ക്കു വേണ്ടി ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പലരുടെയും ആശങ്ക.

ഡീസല്‍ വിരുദ്ധ അജന്‍ഡ കാലാവസ്ഥാവ്യതിയാനത്തിന്റെ പുരോഗതിക്ക് തിരിച്ചടിയുണ്ടാക്കും. ഉപഭോക്താക്കളുടെ വിമുഖതയും കാറുകള്‍ ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ ക്ഷാമവും ചെലവു കൂടുതലും ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യത്തില്‍ നിരാശാജനകമായ കുറവു വരുത്തിയിരിക്കുന്നു

ഇലക്ട്രിക് കാറുകളുടെ ഉയര്‍ന്ന വിലയും നിരത്തിലിറക്കും മുമ്പേ വേണ്ടിവരുന്ന ചെലവുമാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്. ഡീസല്‍, പെട്രോള്‍ കാറുടമകളില്‍ 59 ശതമാനം പേരും ഇലക്ട്രിക് കാറുകള്‍ വാങ്ങില്ലെന്നു വ്യക്തമാക്കി. വിലയും ക്രമാതീത ചെലവും മാത്രമല്ല, ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ സബ്‌സിഡികള്‍ പ്രഖ്യാപിക്കാത്തതും താല്‍പര്യക്കുറവിന് കാരണമാണ്. ഇലക്ട്രിക് കാര്‍ വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ തക്ക പ്രോല്‍സാഹനങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഡീസല്‍ വാഹനങ്ങള്‍, പെട്രോള്‍ കാറുകളേക്കാള്‍ ഇന്ധനക്ഷമത പ്രകടിപ്പിക്കുന്നുവെന്ന് എസ്എംഎംടി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 15- 20 ശതമാനം വരെ കുറവ് കാര്‍ബണാണ് ഡീസല്‍കാറുകള്‍ പുറത്തുവിടുന്നത്. 2017-ല്‍ കാറുകള്‍ പുറത്തുവിട്ട കാര്‍ബണിന്റെ പകുതി ഡീസല്‍കാറുകളുടെ സംഭാവനയായി കണക്കുകൂട്ടാം. അതേസമയം, ചെറുകാറുകളുടെ വില്‍പ്പനയിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറഞ്ഞതാണ് ഇതിനു കാരണം. കാര്‍ബണ്‍ പുറംതള്ളല്‍ സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെങ്കിലും വാഹനവ്യവസായം 2000-നേക്കാള്‍ മെച്ചപ്പെട്ടുവെന്ന് എസ്എംഎംടി റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ പുറംതള്ളല്‍ അന്നത്തെ അപേക്ഷിച്ച് ശരാശരി മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. 2017-ല്‍ ബ്രിട്ടണിലുള്ള 2.5 മില്യണ്‍ ശക്തിയുള്ള കാര്‍വിപണിയുടെ 99.5 ശതമാനവും ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്ന ഹൈബ്രിഡ്കാറുകളാണ്.

നികുതികളുടെയും ഇലക്ട്രിക് കാര്‍ നിര്‍മാണത്തിന്റെയും കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടു കൂടിയ തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ അവസരം ഉറപ്പിക്കേണ്ടതുണ്ടെന്ന് എസ്എംഎംടി ചീഫ് എക്‌സിക്യുട്ടിവ് മൈക്ക് ഹോവ്‌സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കൊണ്ട് പറഞ്ഞു. വാഹനഉടമകള്‍ക്ക് സ്വീകാര്യമായ നയം രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ടുവരണമെന്ന സര്‍ക്കാര്‍ വീക്ഷണത്തോടു വാഹനനിര്‍മാതാക്കളും യോജിക്കുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങളും വ്യവസായലോകം നടത്തുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഒറ്റ രാത്രികൊണ്ട് നടപ്പില്‍ വരുത്താനാകില്ല, ഇത് തങ്ങളെക്കൊണ്ടുമാത്രം നടത്താനുമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഡീസല്‍ വിരുദ്ധ അജന്‍ഡ കാലാവസ്ഥാവ്യതിയാനത്തിന്റെ പുരോഗതിക്ക് തിരിച്ചടിയുണ്ടാക്കും. ഉപഭോക്താക്കളുടെ വിമുഖതയും കാറുകള്‍ ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ ക്ഷാമവും ചെലവുകൂടുതലും ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യത്തില്‍ നിരാശാജനകമായ കുറവു വരുത്തിയിരിക്കുന്നു. കാറുകളുടെ നവീകരണം ത്വരിതപ്പെടുത്തുന്നതിന് വാഹനഉപയോക്താക്കള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തണം. അവരുടെ ആവശ്യത്തിന് ഇണങ്ങുന്ന മികച്ച കാറുകള്‍ നിര്‍മിച്ചു കൊടുക്കണം. നികുതിയിളവ്, പ്രോല്‍സാഹനം എന്നിവയോട് ഉറച്ച സമീപനവും അടിസ്ഥാനസൗകര്യവികസനത്തിനായി മികച്ച നിക്ഷേപവും നടത്തേണ്ടത് നിര്‍ണായകമാണ്.

ഇവയേക്കാളുപരി ഇന്ന് വാഹനനിര്‍മാതാക്കള്‍ കൂടുതല്‍ ചെലവാക്കേണ്ടത് സമയമാണ്. സമയം ഏറ്റവും ഫലപ്രദമായി ഉല്‍പ്പാദനത്തില്‍ നിക്ഷേപിക്കുകയും മല്‍സരാധിഷ്ഠിതമായി വില്‍ക്കാന്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യണം. ഒപ്പം ഉപയോക്താക്കള്‍ക്ക് കാറുകള്‍ വാങ്ങാനുള്ള പ്രേരണയും പ്രോല്‍സാഹനം കൂടി നല്‍കുന്നതിലാണ് തന്ത്രജ്ഞത ഉള്‍ക്കൊള്ളുന്നത്. ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക നികുതി ചുമത്തുക. കൂടുതലാളുകളെ ഡീസല്‍ കാറുകളില്‍ നിന്ന് പിന്തിരിപ്പിച്ച്, ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന ബജറ്റ് നിര്‍ദേശങ്ങളാണ് അണിയറയില്‍ തയാറാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡീസല്‍കാറുകളുടെ നിരോധനം ശരിവെച്ചു കൊണ്ടുള്ള ജര്‍മന്‍ കോടതിവിധി വന്ന ദിവസം തന്നെയാണ് എസ്എംഎംടി റിപ്പോര്‍ട്ടും പുറത്തു വന്നതെന്നത് ശ്രദ്ധേയം. ഇത് 12 മില്യണ്‍ വാഹനങ്ങളുടെ പൊടുന്നനെയുള്ള വിലയിടിവിനാണു കാരണമായത്.

 

Comments

comments

Categories: Auto, Slider, Top Stories, World