സ്റ്റാര്‍ട്ടപ്പ് ലിസ്റ്റിംഗ് മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി എന്‍എസ്ഇ

സ്റ്റാര്‍ട്ടപ്പ് ലിസ്റ്റിംഗ് മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി എന്‍എസ്ഇ

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റിംഗ് മാനദണ്ഡങ്ങള്‍ ലളിതമാക്കുന്നതിന് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) പദ്ധതിയിടുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള ചില മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുമായി ചര്‍ച്ച നടത്തുന്നതായി എന്‍എസ്ഇ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിക്രം ലിമായെ അറിയിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഭ്യന്തര നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും നൂതന സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും വിക്രം ലിമായെ പറഞ്ഞു. ലിസ്റ്റിംഗ് നടപടികള്‍ ലഘൂകരിക്കുന്നതിലൂടെ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളെയും നിക്ഷേപകരെയും തങ്ങളുടെ പ്ലാറ്റ്‌പോമിലേക്ക് ആകര്‍ഷിക്കാനാണ് എന്‍എസ്ഇയുടെ നീക്കം.
പൂര്‍ണമായ ഒരു ഐപിഒ വഴിയല്ലാതെ തന്നെ ഓഹരികള്‍ വില്‍ക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കികൊണ്ട് 2013ല്‍ എമേര്‍ജ് ഐടിപി (ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം) എന്‍എസ്ഇ ആരംഭിച്ചിരുന്നു. ഐടിപി ചട്ടക്കൂടിലെ ചില നിബന്ധനകള്‍ അതിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നതാണ്. 25 കോടി രൂപയില്‍ താഴെ ഓഹരി മൂലധനമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് ഐടിപി വഴി ഓഹരികള്‍ വില്‍ക്കാനാകുക. ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മയാണിത്. സ്റ്റാര്‍ട്ടപ്പുകളുടെ വാര്‍ഷിക വില്‍പ്പന മൂല്യം 100 കോടി രൂപയില്‍ കവിയാന്‍ പാടില്ലെന്ന നിബന്ധനയും ഐടിപിയുടെ പരിമിതയാണ്. എന്‍എസ്ഇയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്ക് പ്രകാരം 11 കമ്പനികളാണ് അടുത്തിടെ ഐടിപിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ചെറുകിട ഇടത്തരം സംരംഭങ്ങളിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതായി 2012ല്‍ മറ്റൊരു പ്ലാറ്റ്‌ഫോമും എന്‍എസ്ഇ ആരംഭിച്ചിരുന്നു. എമേര്‍ജ് ഐടിപിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്ലാറ്റ്‌ഫോമിന്റെ ഫലം മെച്ചപ്പെട്ടതായിരുന്നു. 44 ചെറുകിട സംരംഭങ്ങളാണ് ഈ പ്ലാറ്റ്‌ഫോമില്‍ ഇതുവരെ ലിസ്റ്റ് ചെയ്തത്. ഇതില്‍ 2016-2017 കാലയളവില്‍ ലിസ്റ്റ് ചെയ്ത 33 കമ്പനികള്‍ 363.23 കോടി രൂപയിലധികം നിക്ഷേപം സ്വരൂപിച്ചതായാണ് എന്‍എസ്ഇയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Comments

comments

Categories: Entrepreneurship