ഡെബിറ്റ് കാര്‍ഡ് വഴി ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എംഡിആര്‍ ഈടാക്കില്ല

ഡെബിറ്റ് കാര്‍ഡ് വഴി ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എംഡിആര്‍ ഈടാക്കില്ല

ന്യൂഡെല്‍ഹി: ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് റെയ്ല്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരില്‍ നിന്നും എംഡിആര്‍ (മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഈടാക്കില്ലെന്ന് ഇന്ത്യന്‍ റെയ്ല്‍വേ. ഒരു ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള പിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ മാസം ബാങ്കുകളെ അറിയിച്ചതായാണ് വിവരം.

ഡിജിറ്റല്‍, നോട്ട് രഹിത ഇടപാടുകളുടെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ല്‍വേ ടിക്കറ്റ് ബുക്കിംഗിന് എംഡിആര്‍ ഇളവ് അനുവദിക്കുന്നത്. റെയ്ല്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ വഴിയും വെബ്‌സൈറ്റുകള്‍ വഴിയും നടത്തുന്ന ടിക്കറ്റ് ബുക്കിംഗിന് ഈ ഇളവ് ബാധകമാണ്. ഇത്തരം ഇടപാടുകളെ സര്‍ക്കാര്‍ റെസീപ്റ്റുകളായാണ് കണക്കാക്കുന്നതെന്ന് റെയ്ല്‍വേ മന്ത്രാലയം എക്‌സ്‌പെന്‍ഡീച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് യാത്രക്കാരില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കത്തതുമൂലം ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 88 കോടി രൂപയില്‍ ഒരു ഭാഗം ഐആര്‍സിടിസിക്ക് ലഭ്യമായിട്ടുണ്ടെന്നും റെയ്ല്‍വേ അറിയിച്ചു. പ്രാദേശിക ഭാഷകളില്‍ റെയ്ല്‍വേ ടിക്കറ്റ് അച്ചടിക്കാനുള്ള ശ്രമങ്ങളും ഇന്ത്യന്‍ റെയ്ല്‍വേ ആരംഭിച്ചിട്ടുണ്ട്. അണ്‍റിസേര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (യുടിഎസ്) വഴി നല്‍കുന്ന യുആര്‍ ടിക്കറ്റ് വിവരങ്ങള്‍ പ്രാദേശിക ഭാഷയില്‍ അച്ചടിക്കാനാണ് റെയ്ല്‍വേ പദ്ധതിയിടുന്നത്. കന്നഡയിലാണ് ഇത്തരത്തിലുള്ള ആദ്യ ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. മൈസൂരു, ബെംഗളൂരു, ഹുബ്ബള്ളി തുടങ്ങിയ റെയ്ല്‍വേ സ്റ്റേഷനുകളില്‍ ഈ ടിക്കറ്റ് സംവിധാനത്തിന്റെ ട്രയല്‍ ഈ മാസം ഒന്നിന് ആരംഭിച്ചു. കര്‍ണാടകയിലെ മറ്റ് റെയ്ല്‍വേ സ്റ്റേഷനുകളിലും ഇന്നലെ മുതല്‍ പുതിയ ടിക്കറ്റിംഗ് സംവിധാനത്തിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

Comments

comments