തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് ലോ കമ്മീഷന്റെ പരിഗണനയ്ക്ക്

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് ലോ കമ്മീഷന്റെ പരിഗണനയ്ക്ക്

ന്യൂഡെല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്നതു സംബന്ധിച്ചു പരിശോദിക്കാന്‍ ലോ കമ്മീഷന് നിര്‍ദേശം സമര്‍പ്പിക്കുന്നത് കേന്ദ്ര സര്‍കക്കാര്‍ സജീവമായി ആലോചിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് വിശാലമായ ചര്‍ച്ചകള്‍ക്കും പൊതു സംവാദങ്ങള്‍ക്കും തുടക്കമിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ച് പൊതു ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സമയമാണിതെന്നും, വിഷയം ലോ കമ്മീഷന് നിര്‍ദേശിച്ചേക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും അനുകൂലമായ നിലപാടിലെത്തിയാല്‍ മാത്രമെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സാധ്യമാകുകയുള്ളൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിലൂടെ അഞ്ച് വര്‍ഷം ഭരണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സര്‍ക്കാരിന് സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. സര്‍ക്കാരിന്റെയും വിവിധ വകുപ്പ് മന്ത്രിമാരുടെയും ഊര്‍ജം തെരഞ്ഞെടുപ്പുകളില്‍ വിഭജിക്കപ്പെടുകയുമില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് ചെലവില്‍ വലിയ തുക ലാഭിക്കാനും സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. എന്നാലിത് ജനാധിപത്യപരമായ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുമെന്നും അപ്രായോഗികമാണെന്നും പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരേ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്താന്‍ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന് ഭരണഘടനയുടെ ഒന്നിലധികം അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരുമെന്നാണ് കമ്മീഷന്‍ പറയുന്നത്. വിഷയത്തില്‍എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിക്കേണ്ടതുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശിച്ചിട്ടുണ്ട്.

 

Comments

comments

Categories: Politics

Related Articles